പരിശീലനം പട്ടികജാതിക്കാര്‍ക്കും സ്ത്രീകൾക്കും മാത്രം മതിയോ? മറ്റുള്ളവർക്ക് വേണ്ടേ? -ഡോ. ബിജു

5 months ago 6

dr-bjiu-adoor-gopalakrishnan

ഡോ. ബിജു, അടൂർ ഗോപാലകൃഷ്ണൻ | Photos: Facebook, Mathrubhumi

സിനിമാ കോണ്‍ക്ലേവിന്റെ സമാപന സമ്മേളനത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ സംവിധായകന്‍ ഡോ. ബിജു. സിനിമയെടുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്ന പട്ടികജാതിക്കാര്‍ക്കും വനിതകള്‍ക്കും മാത്രം പരിശീലനം വേണമെന്നും എന്‍എഫ്ഡിസിയുടെ ഫണ്ട് ലഭിക്കുന്ന പൊതുവിഭാഗത്തില്‍ പെട്ടവര്‍ക്ക് വേണ്ടെന്നുമുള്ള നിലപാട് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ പരിശീലനം നല്‍കിയാലേ ഇവരൊക്കെ സിനിമയെടുക്കാന്‍ പ്രാപ്തരാകൂ എന്ന ധാരണയുണ്ടാകുന്നത് പ്രത്യേക കണ്ണാടി വെച്ച് നോക്കുന്നന്നതിനാലാണെന്നും ഡോ. ബിജു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

'ഓരോ വര്‍ഷവും വളരെ വിദഗ്ധരായൊരു കമ്മിറ്റിയെ നിയോഗിച്ച്, അയച്ചുകിട്ടുന്ന സ്‌ക്രിപ്റ്റുകള്‍ ആ കമ്മിറ്റി മുഴുവന്‍ വായിച്ചുനോക്കി, പൂര്‍ണമായി പരിശോധിച്ച്, അതില്‍ ഏറ്റവും മികച്ച സ്‌ക്രിപ്റ്റുകളെഴുതിയ ആളുകളെ നേരിട്ട് ഇന്റര്‍വ്യൂവിന് വിളിച്ച്, രണ്ടുഘട്ടങ്ങളിലായി ഇന്റര്‍വ്യൂകള്‍ നടത്തി, അതിന് ശേഷം അവര്‍ക്ക് മെന്റര്‍ഷിപ്പ് പ്രോഗ്രാമൊക്കെ നല്‍കിയശേഷമാണ് ഈയൊരു പദ്ധതി നടപ്പാക്കുന്നത്. അങ്ങനെ പുറത്തിറങ്ങിയ സിനിമകളെല്ലാം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ സിനിമകളാണ്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇതൊക്കെ അവര്‍ക്ക് ട്രെയിനിങ് കൊടുത്തിട്ട് വേണമെന്ന് പറയുന്നത് മികച്ച സിനിമകളെടുത്ത സംവിധായകരെ റദ്ദ് ചെയ്യുന്നതിന് തുല്യമാണ്. ഞങ്ങളൊക്കെ ഇന്റന്‍സീവായ ട്രെയിനിങ് കൊടുത്താലേ ഇവരൊക്കെ സിനിമയെടുക്കാന്‍ പ്രാപ്തരാകൂ എന്ന ധാരണയുണ്ടാകുന്നത് വേറൊരു തരം കണ്ണാടി വെച്ച് നോക്കുന്നതുകൊണ്ടാണ്.' -ഡോ. ബിജു പറഞ്ഞു.

'എന്‍എഫ്ഡിസിയുമായി ബന്ധപ്പെട്ട് കേന്ദ്രഗവണ്‍മെന്റിന്റെ പല പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്തുനാല്‍പ്പത് വര്‍ഷം സജീവമായി പ്രവര്‍ത്തിച്ചയൊരാളാണ്. എന്‍എഫ്ഡിസി ഈ സ്‌കീം തുടങ്ങിയപ്പോള്‍ ഇതേപോലെ വെറുതേ പൈസ കൊടുക്കുമോ? അവര്‍ക്ക് ട്രെയിനിങ് വേണ്ടേ? അപ്പൊ അത് പ്രത്യേകമായി വനിതകള്‍ക്കും പട്ടികജാതിയില്‍പെട്ടവര്‍ക്കും മാത്രമുള്ളവര്‍ക്കുള്ള സ്‌കീമല്ലായിരുന്നു. അത് പൊതുവിഭാഗത്തിനുള്ള സ്‌കീമായിരുന്നു. ആര്‍ക്കും അപേക്ഷിക്കാം. പൊതുവിഭാഗത്തിലുള്ള ആളുകള്‍ അപേക്ഷിക്കുമ്പോള്‍ അത് 'എലൈറ്റ് ക്ലാസുകള്‍'ക്കാണ് കൂടുതല്‍ കിട്ടുക. അവരതിന് യോഗ്യരാണ്, അവര്‍ക്ക് ട്രെയിനിങ്ങൊന്നും ആവശ്യമില്ല, അവര്‍ക്ക് സര്‍ക്കാര്‍ ഫണ്ട് കൊടുക്കാം, പക്ഷേ ഇവിടെ വനിതകള്‍ക്കും പട്ടികജാതിക്കാര്‍ക്കും സര്‍ക്കാര്‍ ഫണ്ട് കൊടുത്തുകഴിഞ്ഞാല്‍ അവര്‍ക്ക് പക്ഷേ ട്രെയിനിങ് വേണം. അതൊരു ഇരട്ടത്താപ്പല്ലേ?' -ബിജു തുടര്‍ന്നു.

'പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കും വനിതകള്‍ക്കുമൊന്നും അങ്ങനെ എളുപ്പം വഴങ്ങുന്നൊരു സാധനമൊന്നുമല്ല സിനിമ, അതൊക്കെ കുറച്ച് 'എലൈറ്റാ'യ ആളുകള്‍ക്കോ അല്ലെങ്കില്‍ അവര്‍ പരിശീലിപ്പിച്ചാല്‍ മാത്രമേ ഇതൊക്കെ സാധ്യമാകൂ എന്ന ബോധ്യത്തില്‍ നിന്നാകാം അദ്ദേഹം ഇത് പറഞ്ഞത്. ഒരുകോടി 10 ലക്ഷം രൂപ സിനിമ നിര്‍മ്മിക്കാന്‍ കൊടുക്കുന്നത് കൂടുതലാണെന്ന് എങ്ങനെ പറയാന്‍ കഴിയും? എനിക്ക് തോന്നുന്നു, അദ്ദേഹത്തിന് ആധുനിക കാലത്തെ സിനിമയുടെ ബജറ്റിങ്ങിനെ പറ്റിയൊന്നും അത്ര കൃത്യമായ ധാരണയില്ലാത്തതുകൊണ്ടാകും. പരിശീലനങ്ങളൊന്നും ഇല്ലാത്തതുകൊണ്ടും പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗത്തിലായതുകൊണ്ടും അതൊന്നും പുരസ്‌കാരങ്ങളും അംഗീകാരങ്ങളുമല്ലെന്നും ആണ് ഈ ആളുകളുടെയൊക്കെ തോന്നലെന്നാണ് എനിക്ക് തോന്നുന്നത്.' -ഡോ. ബിജു പറഞ്ഞു.

പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് ആദ്യം പരിശീലനമാണ് നല്‍കേണ്ടതെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനാണ് ഡോ. ബിജു മറുപടി പറഞ്ഞത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വെറുതേ പണം മുടക്കരുത്. ഒന്നരക്കോടി രൂപ നല്‍കുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂര്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ വേദിയിലുണ്ടായിരുന്ന സിനിമാ പ്രവര്‍ത്തക പുഷ്പവതി പ്രതിഷേധമുയര്‍ത്തിയിരുന്നു. ഡോ. ബിജുവിനെ ഉള്‍പ്പെടെ ചൂണ്ടിക്കൊണ്ടാണ് അവര്‍ അടൂരിന് മറുപടി പറയാന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് വകവെക്കാതെ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രസംഗം തുടരുകയായിരുന്നു.

കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സമരത്തിനെതിരെയും അടൂര്‍ തുറന്നടിച്ചു. നടന്നത് മോശം സമരമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അച്ചടക്കം കൊണ്ടുവരാന്‍ ശ്രമിച്ചതിനാണ് സമരം നടത്തിയത്. ആ സ്ഥാപനത്തെ ഇപ്പോള്‍ ഒന്നുമല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കാന്‍ പാടില്ല. ടെലിവിഷന്‍ നശിച്ച അവസ്ഥയിലാണ്. ഒരു നല്ല പരിപാടി പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Film manager Dr. Biju slams Adoor Gopalakrishnan connected his arguable anti-dalit statement

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article