പരിശീലനത്തിനായി നേരത്തേ ഇറങ്ങി; ബിസിസിഐ നിയമം ലംഘിച്ച് ജഡേജ, പക്ഷേ നടപടിയുണ്ടാകില്ല

6 months ago 7

ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ബിസിസിഐയുടെ പുതിയ യാത്രാ നിയമങ്ങള്‍ ലംഘിച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. പക്ഷേ താരത്തിനെതിരേ നടപടിയുണ്ടാകാന്‍ സാധ്യതയില്ല. രണ്ടാം ദിവസത്തെ മത്സരത്തിനായി താമസിക്കുന്ന ഹോട്ടലില്‍ നിന്ന് എജ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തിലേക്ക് ജഡേജ നേരത്തേ ഇറങ്ങുകയായിരുന്നു. ടീമിനൊപ്പമായിരുന്നില്ല താരത്തിന്റെ യാത്ര. ഇത് ബിസിസിഐയുടെ നിയമത്തിന്റെ ലംഘനമാണ്.

ദുരന്തമായി മാറിയ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം ബിസിസിഐ വിവിധ വിഷയങ്ങളില്‍ നിര്‍ണായക തീരുമാനമെടുത്തിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം ബിസിസിഐ പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമം (എസ്ഒപി) എനുസരിച്ച് എല്ലാ ടീം അംഗങ്ങളും സ്റ്റേഡിയത്തിലേക്കും തിരിച്ചും ടീം ബസില്‍ ഒരുമിച്ച് യാത്ര ചെയ്യുകയും പരിശീലന സെഷനുകളില്‍ പങ്കെടുക്കുകയും വേണമെന്നായിരുന്നു. ടീമിനുള്ളില്‍ അച്ചടക്കം പാലിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ എസ്ഒപി പ്രകാരം വെവ്വേറെ യാത്ര ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

എന്നാല്‍ വ്യാഴാഴ്ച ജഡേജ ഒറ്റയ്ക്കാണ് സ്റ്റേഡിയത്തിലേക്ക് യാത്ര ചെയ്തത്. എന്നാല്‍ രണ്ടാം ദിനത്തിലെ മത്സരത്തിനു മുമ്പ് അധിക ബാറ്റിങ് പരിശീലനത്തിനു വേണ്ടിയായിരുന്നു ഈ യാത്ര എന്നതിനാല്‍ നിയമം ലംഘിച്ചെന്നുകാട്ടി താരത്തിനെതിരേ ബിസിസിഐ നടപടിയെടുക്കാന്‍ സാധ്യതയില്ല.

ഒന്നാം ഇന്നിങ്‌സില്‍ 137 പന്തില്‍ നിന്ന് 89 റണ്‍സെടുത്ത ജഡേജയ്ക്ക് അര്‍ഹിച്ച സെഞ്ചുറി നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ ഗില്ലിനൊപ്പം ആറാം വിക്കറ്റില്‍ ജഡേജ കൂട്ടിച്ചേര്‍ത്ത 203 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായത്.

''പന്ത് പുതിയതായതിനാല്‍ അധികമായി ബാറ്റ് ചെയ്യണമെന്ന് എനിക്ക് തോന്നി. പുതിയ പന്തില്‍ കളിച്ച് പരിചയിച്ചാല്‍ ബാക്കി ഇന്നിങ്‌സ് എളുപ്പമാകുമെന്ന് തോന്നി. ഭാഗ്യവശാല്‍ ഉച്ചഭക്ഷണ ഇടവേളവരെ എനിക്ക് ബാറ്റ് ചെയ്യാനായി. തുടര്‍ന്ന് വാഷിങ്ടണ്‍ സുന്ദര്‍, ശുഭ്മാനൊപ്പം നന്നായി ബാറ്റ് ചെയ്തു. ഇംഗ്ലണ്ടില്‍ നിങ്ങള്‍ എത്രത്തോളം ബാറ്റ് ചെയ്യുന്നുവോ അത്രയും നല്ലതാണ്. കാരണം നിങ്ങള്‍ ഇവിടെ നിലയുറപ്പിച്ചുകഴിഞ്ഞുവെന്ന് ഒരിക്കലും തോന്നില്ല. ഏത് സമയത്തും പന്ത് സ്വിങ് ചെയ്യാം, അല്ലെങ്കില്‍ എഡ്ജ് ആകാം, അല്ലെങ്കില്‍ ബൗള്‍ഡാകുകയുമാകാം.'' - രണ്ടാം ദിനത്തിലെ കളി അവസാനിച്ച ശേഷമുള്ള പത്രസമ്മേളനത്തില്‍ ജഡേജ വ്യക്തമാക്കി.

Content Highlights: Ravindra Jadeja violated BCCI`s question rules during the England Test, but nary enactment is anticipated

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article