Published: January 10, 2026 08:49 PM IST
1 minute Read
വഡോദര ∙ ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായി അവസാനവട്ട പരിശീലനത്തിൽ ഇന്ത്യൻ ടീം. ഞായറാഴ്ച, വഡോദരയിലെ ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. ശനിയാഴ്ച, നടന്ന ഓപ്ഷനൽ പരിശീലന സെഷനിൽ മിക്ക ഇന്ത്യൻ താരങ്ങളും പങ്കെടുത്തു. നെറ്റ്സിൽ ബാറ്റിങ് പരിശീനം മാത്രമാണ് നടന്നത്. പേസർ മുഹമ്മദ് സിറാജിന് ബാറ്റിങ് ടിപ്പുകൾ നൽകുന്ന രോഹിത് ശർമ, പരിശീലനത്തിനിടെ ബോൾ കൊണ്ട് വേദനയിൽ പുളഞ്ഞ ഋഷഭ് പന്ത് എന്നിവരെയെല്ലാമാണ് ഗ്രൗണ്ടിൽ കാണാൻ സാധിച്ചത്.
രോഹിത് ശർമ നെറ്റ്സിനു പുറത്ത് നോക്കിനിൽക്കുമ്പോഴാണ് ബോൾ കണക്ട് ചെയ്യാൻ പാടുപെടുന്ന സിറാജിനെ കണ്ടത്. തുടർന്നാണ് സിറാജിനു ചില ടിപ്പുകൾ രോഹിത് നൽകിയത്. ത്രോഡൗൺ സ്പെഷ്യലിസ്റ്റുകൾക്കെതിരെ ബാറ്റ് ചെയ്യുന്നതിനിടെ അരയ്ക്ക് മുകളിൽ ബോളുകൊണ്ട് ഋഷഭ് പന്ത് വേദനകൊണ്ടു പുളഞ്ഞു. ടീമിന്റെ സപ്പോർട്ട് സ്റ്റാഫും മുഖ്യപരിശീലകൻ ഗൗതം ഗംഭീർ ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങളും പന്തിനൊപ്പം ഉണ്ടായിരുന്നു. ഉടൻ തന്നെ ഗംഭീറടക്കം ഓടിയെത്തി പന്തിനു പ്രാഥമിക ചികിത്സ നൽകി. ഇതിനു പിന്നാലെ താരം ഗ്രൗണ്ട് വിട്ടു. പന്തിന്റെ പരുക്ക് ഗുരുതരമാണോയെന്നു വ്യക്തമല്ല.
വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ, കെ.എൽ. രാഹുലിനൊപ്പമാണ് നെറ്റ്സിൽ പരിശീലനം നടത്തിയത്. രവീന്ദ്ര ജഡേജയും ബാറ്റിങ് പരിശീലനം നടത്തി. അതേസമയം, ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ചീഫ് സെലക്ടർ അജിത് അഗാർക്കറുമായി ഗ്രൗണ്ടിൽ വച്ച് ദീർഘനേരം ചർച്ച നടത്തി. മുഹമ്മദ് സിറാജ്, ശ്രേയസ്സ് അയ്യർ, ഋഷഭ് പന്ത് എന്നിവർ ഏറ്റവുമൊടുവിലാണ് ടീമിനൊപ്പം ചേർന്നത്. മൂവരും വിജയ് ഹസാരെ ട്രോഫിയിലെ അവസാന റൗണ്ട് മത്സരത്തിൽ പങ്കെടുത്തിരുന്നു.
English Summary:








English (US) ·