Published: August 09, 2025 04:21 PM IST
1 minute Read
ലക്നൗ∙ യുപി ട്വന്റി20 ലീഗിന് മുന്നോടിയായുള്ള കഠിന പരിശീലനത്തിനിടെ ഇന്ത്യൻ താരം കൂടിയായ റിങ്കു സിങ്ങിനെ കാണാൻ ഗ്രൗണ്ടിൽ ഒരു അപ്രതീക്ഷിത അതിഥി. താരത്തിന്റെ ഭാവി വധുവും ലോക്സഭാ അംഗവുമായ പ്രിയ സരോജാണ് താരത്തെ കാണാൻ ഗ്രൗണ്ടിലെത്തിയത്. പരിശീലന ഗ്രൗണ്ടിലേക്ക് വരുന്ന വിവരം മുൻകൂട്ടി അറിയിക്കാതെയായിരുന്നു പ്രിയ സരോജിന്റെ സന്ദർശനം. ഇരുവരും ഗ്രൗണ്ടിൽ വച്ച് കണ്ടുമുട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
യുപി ട്വന്റി20 ലീഗിൽ മീററ്റ് മാവെറിക്സിന്റെ താരമാണ് റിങ്കു സിങ്. ഓഗസ്റ്റ് 17നാണ് യുപി ട്വന്റി20 ലീഗ് ആരംഭിക്കുക. ടൂർണമെന്റിനു മുന്നോടിയായി ഗ്രേറ്റർ നോയിഡയിലെ ഷഹീദ് വിജയ് സിങ് പഥിക് സ്പോർട്സ് കോംപ്ലക്സിൽ സഹതാരങ്ങൾക്കൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് റിങ്കു സിങ്ങിനെ കാണാൻ പ്രിയ എത്തിയത്.
ഗ്രൗണ്ടിലേക്ക് എത്തിയ പ്രിയയുമായി റിങ്കു സിങ് സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പരിശീലനത്തിനിടെ ആയതിനാൽ പ്രിയയുമായുള്ള സംഭാഷണ സമയത്ത് റിങ്കു സിങ്ങിന്റെ കയ്യിൽ ബാറ്റും കാണാം. ഇരുവരും സംസാരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ടീമിലെ സഹതാരങ്ങൾ പരിശീലനം തുടരുന്നതും ദൃശ്യങ്ങളിൽ കാണാം.
നേരത്തെ, ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസഡറായിരുന്ന റിങ്കു സിങ്ങിനെ പ്രിയയുമായുള്ള വിവാഹ നിശ്ചയത്തിന് പിന്നാലെ തൽസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. പ്രിയ സരോജ് ഉത്തർപ്രദേശിലെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ സമാജ്‌വാദി പാർട്ടിയുടെ എംപിയായതിനാലാണ് റിങ്കു സിങ്ങിനെ അംബാസഡർ സ്ഥാനത്തുനിന്ന് നീക്കിയത്. റിങ്കു സിങ്ങിന്റെ ചിത്രമുള്ള ബാനറുകളും പോസ്റ്ററുകളും ഉൾപ്പെടെ നീക്കാനും തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചിരുന്നു.
English Summary:








English (US) ·