Published: September 06, 2025 10:55 AM IST
1 minute Read
ദുബായ്∙ ഏഷ്യാകപ്പ് ക്രിക്കറ്റിനു മുന്നോടിയായി ദുബായില്‍ ഇന്ത്യൻ ടീം ക്യാംപിൽ ചേർന്ന് പരിശീലനം തുടങ്ങി സഞ്ജു സാംസൺ. കഴിഞ്ഞ ദിവസം ദുബായിലെത്തിയ സഞ്ജു, ഇന്ത്യൻ ടീമിലെ സൂപ്പർ താരം ജസ്പ്രീത് ബുമ്രയുമായി ഏറെ നേരം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടു താരങ്ങളും എന്താണു സംസാരിച്ചതെന്നു വ്യക്തമല്ല. കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ താരമായ സഞ്ജു സീസൺ പൂർത്തിയാകും മുൻപേ ഏഷ്യാകപ്പിനായി ദുബായിലേക്കു പോകുകയായിരുന്നു.
ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തിനു ശേഷം സഞ്ജുവും പരിശീലകൻ ഗൗതം ഗംഭീറും ഒരുമിച്ചാണു മടങ്ങിയത്. ഐപിഎലിൽ മലയാളി താരത്തിന്റെ ടീം മാറ്റവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ തുടരുകയാണ്. അടുത്ത സീസണിൽ രാജസ്ഥാൻ റോയൽസിൽ തുടരാൻ താൽപര്യമില്ലെന്ന് സഞ്ജു അറിയിച്ചില്ലെങ്കിലും താരത്തെ മറ്റൊരു ടീമിനു വിൽക്കാൻ രാജസ്ഥാനു സാധിച്ചിട്ടില്ല. ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്ലബ്ബുകൾ സഞ്ജുവിനെ വാങ്ങാൻ മുന്നോട്ടുവന്നെങ്കിലും ചർച്ചകൾ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
അടുത്ത സീസണിനു മുൻപ് സഞ്ജുവിനെ രാജസ്ഥാൻ നിലനിർത്താതിരുന്നാൽ മലയാളി താരം മിനി ലേലത്തിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. രാജസ്ഥാനുമായി രണ്ടു വർഷത്തിലേറെ കരാർ ബാക്കിയുള്ളതിനാൽ, ഫ്രാഞ്ചൈസിക്ക് സഞ്ജുവിനെ ടീമില്‍ തന്നെ നിലനിർത്താനാകും. അങ്ങനെയെങ്കിൽ സഞ്ജു അടുത്ത സീസണിലും രാജസ്ഥാനിൽ കളിക്കേണ്ടിവരും.
സഞ്ജുവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് രാജസ്ഥാൻ പുതിയ ക്യാപ്റ്റനെ തേടുന്നുണ്ട്. കഴിഞ്ഞ സീസണില്‍ സഞ്ജുവിനു പരുക്കേറ്റപ്പോൾ ടീമിനെ നയിച്ച റിയാൻ പരാഗിനെയാണ് ടീം ഭാവി ക്യാപ്റ്റനായി പരിഗണിക്കുന്നത്. ക്യാപ്റ്റൻസി മാറിയാൽ സഞ്ജുവിന് റിയാൻ പരാഗിനു കീഴിൽ കളിക്കേണ്ടിവരും. രാജസ്ഥാൻ റോയൽസിന്റെ പരിശീലക സ്ഥാനം രാഹുൽ ദ്രാവിഡ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.
English Summary:








English (US) ·