Published: September 18, 2025 09:45 AM IST
1 minute Read
ദുബായ്∙ ഇന്ത്യയ്ക്കെതിരായ ഏഷ്യാകപ്പ് മത്സരത്തിലെ ഹസ്തദാന വിവാദത്തിനു പിന്നാലെ മാച്ച് റഫറിയെ മാറ്റണമെന്നും അല്ലെങ്കിൽ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്നും പാക്കിസ്ഥാൻ ടീമിന്റെ ഭീഷണി. ഇതിനെത്തുടർന്നുള്ള അനിശ്ചിതത്വത്തിനും അനുരഞ്ജന ചർച്ചകൾക്കുമൊടുവിൽ ഇന്നലെ പാക്കിസ്ഥാൻ– യുഎഇ മത്സരം ആരംഭിച്ചത് ഒരു മണിക്കൂർ വൈകി. ഇന്ത്യൻ സമയം രാത്രി 8ന് ആരംഭിക്കേണ്ട മത്സരം തുടങ്ങാനായത് രാത്രി ഒൻപതിനാണ്.
ഞായറാഴ്ചത്തെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നിയന്ത്രിച്ച മാച്ച് റഫറി ആൻഡി പൈക്റോഫ്റ്റിനെ മാറ്റണമെന്ന പാക്കിസ്ഥാന്റെ ആവശ്യം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തള്ളിയതിനു പിന്നാലെയായിരുന്നു പാക്ക് ടീമിന്റെ നാടകീയ നീക്കങ്ങൾ.വിവാദങ്ങളെത്തുടർന്ന് മത്സര തലേന്നുള്ള മാധ്യമ സമ്മേളനവും പരിശീലന സെഷനും ഉപേക്ഷിച്ച പാക്കിസ്ഥാൻ ടീം ഇന്നലെ ഗ്രൗണ്ടിലെത്താതെ ഹോട്ടലിൽ തുടർന്നു. മത്സരത്തിനായി യുഎഇ ടീം ദുബായിലെ ഗ്രൗണ്ടിലെത്തി പരിശീലനം നടത്തുമ്പോഴും പാക്കിസ്ഥാൻ ടീം ഹോട്ടലിലായിരുന്നു.
ഏഷ്യാകപ്പിലെ തുടർ മത്സരങ്ങളെല്ലാം ബഹിഷ്കരിച്ച് പാക്കിസ്ഥാൻ ടീം നാട്ടിലേക്കു മടങ്ങുകയാണെന്ന വാർത്തകളും ഇതോടൊപ്പം പ്രചരിച്ചു. മത്സരം കാണാൻ കാണികൾ സ്റ്റേഡിയത്തിൽ പ്രവേശിക്കുമ്പോഴും പാക്ക് ടീം എത്തിയിരുന്നില്ല. ഒടുവിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെയും കടുത്ത സമ്മർദമാണ് പ്രശ്നത്തിനു താൽക്കാലിക പരിഹാരമുണ്ടാക്കിയത്.പാക്ക് ബോർഡ് ആവശ്യപ്പെട്ടതിനെ തുടർന്നു പാക്കിസ്ഥാൻ ടീം പ്രാദേശിക സമയം വൈകിട്ട് ആറരയോടെ സ്റ്റേഡിയത്തിലെത്തി. പ്രാദേശിക സമയം 6നു നടക്കേണ്ടിയിരുന്ന ടോസ് ഏഴിനാണ് നടന്നത്.
മാച്ച് റഫറി മാപ്പ് പറഞ്ഞെന്ന് പിസിബിവിവാദ നായകനായ മാച്ച് റഫറി ആൻഡി പൈക്റോഫ്റ്റ് പാക്കിസ്ഥാൻ ടീം ക്യാപ്റ്റനോടും മാനേജരോടും മാപ്പു പറഞ്ഞതായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ഹസ്തദാന വിവാദം ആശയവിനിമയത്തിൽ വന്ന പ്രശ്നമാണെന്നും മാപ്പ് ചോദിക്കുന്നതായും മാച്ച് റഫറി ആൻഡി പൈക്റോഫ്റ്റ് പറഞ്ഞതായി പിസിബി വാർത്താ കുറിപ്പിൽ അറിയിച്ചു.
English Summary:









English (US) ·