Published: October 24, 2025 02:18 PM IST
1 minute Read
തിരുവനന്തപുരം∙ ഒരുമിച്ച് പരിശീലനം, ഒരുമിച്ച് മത്സരം, ഒടുവിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി മലപ്പുറം ആലത്തിയൂർ സ്കൂളിന്റെ കുട്ടികള്‍. സംസ്ഥാന സ്കൂൾ കായികമേളയിൽ മൂന്നു കിലോമീറ്റർ നടത്തം ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ നിരഞ്ജനയ്ക്കാണ് ഒന്നാം സ്ഥാനം കൂട്ടുകാരി ശിഖ രണ്ടാം സ്ഥാനത്തുമെത്തി. മൂന്നു സെക്കൻഡ് വ്യത്യാസം മാത്രമാണ് ഇരുവരും ഫിനിഷിങ്ങിന് എടുത്തത്. കായിക മേളയിലെ അത്‍ലറ്റിക്സിൽ സമ്മാനങ്ങൾ വാരിക്കൂട്ടുന്ന ആലത്തിയൂർ സ്കൂളിലെ വലിയ മെഡൽ പ്രതീക്ഷയായിരുന്നു നിരഞ്ജനയും ശിഖയും. നിരഞ്ജന സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. ശിഖയാകട്ടെ ഒൻപതാം ക്ലാസിലും.
വെള്ളിയാഴ്ച രാവിലെ നടന്ന മത്സരത്തില്‍ പ്രായം കൊണ്ടുമാത്രമല്ല, മുൻപരിചയം കൊണ്ടു ശിഖയാണ് ജൂനിയർ. താരത്തിന്റെ ആദ്യ സംസ്ഥാന സ്കൂൾ കായിക മേളയാണിത്. നിരഞ്ജന 15:41 മിനിറ്റിൽ ഫിനിഷ് ചെയ്തപ്പോൾ, ശിഖയ്ക്ക് വേണ്ടിവന്നത് 15:44 മിനിറ്റ്. ശിഖയുടെ ഭാഗത്തുനിന്നാണ് വലിയ വെല്ലുവിളി നേരിട്ടതെന്ന് നിരഞ്ജന മത്സരശേഷം മനോരമ ഓൺലൈനിനോടു പറഞ്ഞു. ‘‘ജില്ലാ തലത്തിൽ വലിയ മത്സരമില്ലാതെയാണ് സംസ്ഥാനമേളയ്ക്കു യോഗ്യത നേടിയത്. ഇവിടെയെത്തിയപ്പോൾ ശിഖയുടെ ഭാഗത്തുനിന്നുതന്നെയായിരുന്നു വലിയ ഭീഷണിയുണ്ടായത്. ആദ്യത്തെ രണ്ടു കിലോമീറ്റർവരെ ഒപ്പത്തിനൊപ്പം നിന്നു. എങ്കിലും ഞങ്ങൾ പരസ്പരം പോരാടി. ഒടുവിൽ ഞാൻ വിജയിച്ചു . അതിൽ സന്തോഷമുണ്ട്.’’– നിരഞ്ജന മനോരമ ഓൺലൈനിനോടു പറഞ്ഞു.
താരങ്ങളുടെ പരിശീലനത്തിനായി ആലത്തിയൂർ സ്കൂളിൽ മികച്ചൊരു ഗ്രൗണ്ടില്ല. അതുകൊണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിലും പാലക്കാട് ചാത്തന്നൂരിലുമൊക്കെ പോയാണു നിരഞ്ജനയുടേയും ശിഖയുടേയും പരിശീലനം. ഇടയ്ക്ക് റോഡിൽ കിലോമീറ്ററുകൾ നടന്നും പരിശീലിക്കാറുണ്ട്. കൂലിപ്പണി ചെയ്യുന്ന പ്രസിദ്ധിന്റെയും ശ്രീജിതയുടേയും മകളാണ് നിരഞ്ജന. നിരഞ്ജനയുടെ സഹോദരികളായ നിവേദിതയും നിഖിതയും കായിക താരങ്ങളാണ്. കൊച്ചിയിൽ കഴിഞ്ഞ വർഷം നടന്ന കായിക മേളയിലും നിരഞ്ജന സ്വർണം നേടിയിരുന്നു. സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ റിലേയിൽ വെള്ളി നേടിയ ടീമിലും നിരഞ്ജന അംഗമായിരുന്നു. സൗത്ത് സോൺ ദേശീയ മീറ്റിൽ റെക്കോർഡോടെ സ്വർണവും നേടിയിട്ടുണ്ട്.
കരിയറിലെ മികച്ച സമയമാണ് തിരുവനന്തപുരത്ത് ഫിനിഷ് ചെയ്തതെന്ന് ശിഖ പറഞ്ഞു. ‘‘സ്കൂൾ മേളയിലെ എന്റെ ആദ്യത്തെ മെഡലാണിത്. വേറെ ക്ലാസിലാണെങ്കിലും ഞങ്ങൾ പരിശീലിക്കുന്നത് ഒരുമിച്ചാണ്. പരിശീലകന്‍ റിയാസ് ആലത്തിയൂരിനൊപ്പം ചേച്ചിമാരെല്ലാം ഒരുപാട് സഹായിക്കും. മത്സരത്തിനിടെ പിന്നിലായിപ്പോകുമ്പോൾ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അതു ഗുണമായി.’’– ശിഖ വ്യക്തമാക്കി. കൂലിപ്പണിക്കാരനായ ശ്രീനിവാസന്റെയും രജി മോളുടെയും മകളാണ് ശിഖ. മലപ്പുറം തിരൂർ മംഗലം സ്വദേശിനിയാണ്. മൂന്നു കിലോമീറ്റർ നടത്തത്തിൽ പാലക്കാടിന്റെ ശ്രദ്ധയ്ക്കാണു മൂന്നാം സ്ഥാനം.
English Summary:









English (US) ·