
ഷൊയിബ് ഇബ്രാഹിമും ദീപിക കക്കറും | ഫോട്ടോ: Instagram
കാൻസർ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന നടി ദീപിക കക്കറിന്റെ ആരോഗ്യത്തെക്കുറിച്ച് പുതിയ വിവരങ്ങൾ പുറത്തുവിട്ട് ഭർത്താവും നടനുമായ ഷൊയിബ് ഇബ്രാഹിം. തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, ദീപികയുടെ രോഗമുക്തിയെക്കുറിച്ചും ചികിത്സാ യാത്രയിലെ അടുത്ത ഘട്ടങ്ങളെക്കുറിച്ചുമാണ് ഷൊയിബ് സംസാരിക്കുന്നത്. നിലവിൽ ദീപികയുടെ ശരീരത്തിൽ കാൻസർ കോശങ്ങളില്ലെങ്കിലും പരിശോധനാ ഫലങ്ങൾ ഗൗരവമുള്ളതാണെന്ന് ഷൊയിബ് പറഞ്ഞു. കാൻസർ വീണ്ടും ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, ട്യൂമർ നീക്കം ചെയ്താൽ എല്ലാം ശരിയാകുമെന്ന് കരുതിയിരുന്നെന്ന് ഷൊയിബ് പറഞ്ഞു. ശരീരത്തെ സംബന്ധിച്ചിടത്തോളം, നിലവിൽ കാൻസർ കോശങ്ങളൊന്നും ഇല്ല. എന്നിരുന്നാലും, ഞങ്ങൾക്ക് ലഭിച്ച ബയോപ്സി റിപ്പോർട്ടും പിഇടി സ്കാൻ ഫലവും ഗൗരവമുള്ള സാഹചര്യമാണ് സൂചിപ്പിച്ചത്. ഗ്രേഡ് ത്രീ എന്ന അപകടം നിറഞ്ഞ ഗണത്തിൽപ്പെട്ട ട്യൂമറായിരുന്നു അത്. ഇത് വീണ്ടും ഉണ്ടാകാനുള്ള സാധ്യത ഗണ്യമാണെന്നും അദ്ദേഹം അറിയിച്ചു.
കരൾ കാൻസറിന് പ്രധാനമായും രണ്ട് ചികിത്സാ ഓപ്ഷനുകളാണുള്ളതെന്ന് ഷൊയിബ് വിശദീകരിച്ചു: ഒന്ന് ഐവി ഡ്രിപ്പ് വഴി നൽകുന്ന ഇമ്മ്യൂണോതെറാപ്പി, മറ്റൊന്ന് ഗുളിക രൂപത്തിൽ കഴിക്കുന്ന ടാർഗെറ്റഡ് തെറാപ്പി. ദീപിക ഉള്ളിൽ കഴിക്കുന്ന മരുന്നുകളോടെ ചികിത്സ ആരംഭിക്കുമെന്ന് അദ്ദേഹം പങ്കുവെച്ചു.
"ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർ മരുന്നുകൾ നിർദ്ദേശിച്ചു. ഇപ്പോൾ കാൻസർ കോശങ്ങളില്ലെങ്കിലും, ഭാവിയിൽ എന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ, ഡോസ് വർദ്ധിപ്പിക്കുകയും ഞരമ്പുകൾ വഴി മരുന്ന് നൽകുകയും ചെയ്യും. ദീപികയുടെ പുതിയ യാത്ര അടുത്ത ആഴ്ച ആരംഭിക്കും. ചികിത്സ ഒരു വർഷമോ, ഒന്നര വർഷമോ, അല്ലെങ്കിൽ രണ്ട് വർഷം വരെ നീണ്ടുനിൽക്കാം. എല്ലാ മൂന്നാഴ്ച കൂടുമ്പോഴും സ്കാനുകൾ നടത്തും," ഷൊയിബ് കൂട്ടിച്ചേർത്തു.
ഹിന്ദി ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി ദീപിക കക്കർ അടുത്തിടെയാണ് തനിക്ക് കരളിൽ ട്യൂമർ കണ്ടെത്തിയ വിവരം പുറത്തുവിട്ടത്. വയറുവേദന കുറയാതെയായതോടെയാണ് വിദഗ്ധ പരിശോധന തേടിയതെന്നും തുടക്കത്തിൽ അസിഡിറ്റിയുടേതാണ് എന്നാണ് കരുതിയതെന്നും ദീപിക പറഞ്ഞിരുന്നു. ആന്റിബയോട്ടിക്കുകൾ കഴിച്ചിട്ടും കുറയാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് ട്യൂമർ കണ്ടെത്തിയത് എന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.
2018-ലാണ് ദീപിക കക്കറും ഷൊയ്ബ് ഇബ്രാഹിമും വിവാഹിതരാകുന്നത്. ഇവർക്ക് റുഹാൻ എന്ന പേരുള്ള ഒരു മകനുണ്ട്.
Content Highlights: Shoaib Ibrahim reveals Dipika Kakar`s post-surgery wellness update
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·