Published: July 22 , 2025 12:13 PM IST
1 minute Read
-
ഇന്ത്യ– ഇംഗ്ലണ്ട് നാലാം ടെസ്റ്റ് നാളെമുതൽ മാഞ്ചസ്റ്ററിൽ
-
ഇന്ത്യയ്ക്ക് വെല്ലുവിളിയായി ബാറ്റിങ് ഓർഡറിലെ അസ്ഥിരത
മാഞ്ചസ്റ്റർ∙ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് നാളെ മാഞ്ചസ്റ്ററിൽ തുടങ്ങുമ്പോൾ കളിക്കാരുടെ പരുക്കിനെക്കാൾ ടീം ഇന്ത്യയെ അലട്ടുന്നത് ബാറ്റിങ് ഓർഡറിലെ പ്രതിസന്ധിയാണ്. മൂന്നാം നമ്പറിലും ആറാം നമ്പറിലും കളിക്കുന്ന ബാറ്റർമാർ ഫോമിലേക്ക് ഉയരാത്തതു ടീമിനു തലവേദനയാണ്. പരമ്പരയിൽ 2–1നു പിന്നിലാണ് ഇന്ത്യ.
മൂന്നാമൻ ആര്?ആദ്യ ടെസ്റ്റിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ എത്തിയത് യുവതാരം സായ് സുദർശൻ ആയിരുന്നു. 0, 30 എന്നിങ്ങനെയായിരുന്നു രണ്ട് ഇന്നിങ്സുകളിലും സായിയുടെ സ്കോർ. ഇതോടെ സായിയെ മാറ്റി രണ്ടും മൂന്നും ടെസ്റ്റുകളിൽ കരുൺ നായരെ മൂന്നാം നമ്പറിൽ ഇറക്കി. 31, 26, 40, 14 എന്നിങ്ങനെയാണ് മൂന്നാം നമ്പറിൽ 4 ഇന്നിങ്സുകളിലായി കരുണിന്റെ നേട്ടം. ബാറ്റിങ് ഓർഡറിൽ ഏറ്റവും തന്ത്രപ്രധാനമായ പൊസിഷനാണു മൂന്നാം നമ്പർ. എന്നാൽ, ഈ സ്ഥാനത്തു സ്ഥിരതയോടെ കളിക്കാൻ സാധിക്കുന്ന ബാറ്റർ ഇല്ലാത്തത് ഇന്ത്യയ്ക്കു പരമ്പരയിൽ ഉടനീളം തിരിച്ചടിയായി.
നാലാം ടെസ്റ്റിലേക്കു വരുമ്പോൾ കരുണിനു പകരം സായിയെ തിരികെ മൂന്നാം നമ്പറിൽ കൊണ്ടുവരണമെന്ന് ആവശ്യമുണ്ട്. അരങ്ങേറ്റത്തിനായി കാത്തിരിക്കുന്ന അഭിമന്യു ഈശ്വരനു മൂന്നാം നമ്പറിൽ അവസരം നൽകണമെന്നു വാദിക്കുന്നവരുമുണ്ട്. മുൻപ് രാഹുൽ ദ്രാവിഡ് മുതൽ ചേതേശ്വർ പൂജാര വരെ അനായാസം കൈകാര്യം ചെയ്ത മൂന്നാം നമ്പരിനാണ് ഈ പ്രതിസന്ധിയെന്നോർക്കണം!
ആറിൽ അസ്ഥിരതമൂന്നാം നമ്പറിലെ പ്രശ്നമല്ല ആറാം നമ്പറിൽ. അവിടെ ആളുകൂടിയതാണ് പ്രശ്നം. രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, ഋഷഭ് പന്ത്, കരുൺ നായർ എന്നിങ്ങനെ 4 ബാറ്റർമാർ ഇതിനോടകം ആറാം നമ്പറിൽ ഭാഗ്യപരീക്ഷണം നടത്തിക്കഴിഞ്ഞു. ഇതിൽ രവീന്ദ്ര ജഡേജയ്ക്കു മാത്രമാണ് 50നു മുകളിൽ സ്കോർ നേടാൻ സാധിച്ചത്. മധ്യനിരയിലെ ബാറ്റിങ് നിയന്ത്രിക്കുകയും വാലറ്റക്കാർക്കൊപ്പം ഇന്നിങ്സ് കെട്ടിപ്പടുക്കുകയും ചെയ്യാൻ ചുമതലയുള്ള ബാറ്റിങ് പൊസിഷനാണ് ആറാം നമ്പർ. ഇവിടെ അനുഭവസമ്പത്തുള്ള ജഡേജ തന്നെ തുടരണമെന്ന് അഭിപ്രായമുണ്ട്. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ബാറ്റിങ് റെക്കോർഡുള്ള വാഷിങ്ടൻ സുന്ദറിനെ ആറാം നമ്പറിൽ പരീക്ഷിക്കണമെന്നും അതല്ല, നിതീഷാണ് ആറാം നമ്പറിൽ യോഗ്യൻ എന്നും കരുതുന്നവരുണ്ട്. നിതീഷ് പരുക്കേറ്റു പുറത്തായതോടെ ടീമിൽ തിരിച്ചെത്താൻ സാധ്യതയുള്ള ഷാർദൂൽ ഠാക്കൂറിനെയും ആറാം നമ്പറിൽ പരീക്ഷിച്ചേക്കാം. ഇവരെയെല്ലാം മറികടന്ന് യുവതാരം ധ്രുവ് ജുറേൽ ആറാം നമ്പറിൽ എത്താനുള്ള സാധ്യതയും കുറവല്ല.
English Summary:








English (US) ·