Published: May 14 , 2025 08:10 AM IST
1 minute Read
പ്ലേഓഫ് കാണാതെ പുറത്തായി, ഇനി ലക്ഷ്യം അടുത്ത വർഷത്തേക്കുള്ള ടീം ഒരുക്കൽ’ – ക്യാപ്റ്റൻ എം.എസ്.ധോണിയുടെ പ്രഖ്യാപനം ചെന്നൈ സൂപ്പർ കിങ്സ് അക്ഷരംപ്രതി അനുസരിക്കുകയാണ് ഇപ്പോൾ! പരുക്കേറ്റവർക്കു പകരം മികച്ച താരങ്ങളെ കൊണ്ടുവന്നു ടീമിനെ രക്ഷിക്കാനാണു സിഎസ്കെയുടെ ശ്രമം. ഇങ്ങനെ പകരമെത്തിയവർ കളം വാഴുന്ന കാഴ്ചയാണു ചെന്നൈയുടെ കളിയിൽ.
ഡിയേവാൾഡ് ബ്രെവിസ്, ആയുഷ് മാത്രെ, ഉർവിൽ പട്ടേൽ... പരുക്കേറ്റവർക്കു പകരക്കാരായി ചെന്നൈ എത്തിച്ച ഇവർ മൂവരും ഒരുമിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനുണ്ടായിരുന്നു. ലേലത്തിൽ ആവശ്യക്കാരില്ലാതിരുന്ന ദക്ഷിണാഫ്രിക്കൻ താരം ബ്രെവിസ് ചെന്നൈയിലെത്തിയപ്പോൾ സൂപ്പർതാരമായി മാറി. 2.2 കോടി രൂപയ്ക്കാണ് ഗുർജപ്നീത് സിങ്ങിനു പകരക്കാരനായി ബ്രെവിസ് വന്നത്.
ഓപ്പണിങ്ങിലെ പുതിയ താരോദയം 17 വയസ്സുകാരൻ ആയുഷ് മാത്രെ, ഋതുരാജ് ഗെയ്ക്‌വാദിനു പകരമെത്തിയതാണ്. ബോളർമാരെ കൂസാത്ത ഈ ഓപ്പണർ സിഎസ്കെയുടെ ഭാവി അടിത്തറയുടെ ഭാഗമാകും. അരങ്ങേറ്റ മത്സരത്തിൽ തന്നെ 11 പന്തിൽ 31 റൺസ് നേടിയ ഉർവിൽ പട്ടേലും സിഎസ്കെയിലെ പകരക്കാരുടെ വീര്യം തെളിയിച്ചു. വംശ് ബേദിക്കു പകരമാണ് ഉർവിൽ ടീമിലെത്തിയത്.
ദേവ്ദത്ത് പടിക്കലിനു പകരം മയാങ്ക് അഗർവാൾ ബെംഗളൂരൂവിലെത്തിയതും സംഭവമായി. സൺറൈസേഴ്സ് ഹൈദരാബാദിന്, പകരക്കാരനായി എത്തിച്ച താരത്തിനു പരുക്കേറ്റതിന്റെ പേരിൽ മറ്റൊരു പകരക്കാരനെക്കൂടി എടുക്കേണ്ട അവസ്ഥ വന്നു. ആദം സാംപയ്ക്കു പകരം വന്ന സ്മരൺ രവിചന്ദ്രനു പരുക്കേറ്റപ്പോൾ ഹർഷ് ദുബെ പകരക്കാരനായി. ബ്രൈഡൻ കാഴ്സിനു പകരം വിയാൻ മുൾഡറെയും ഹൈദരാബാദ് ടീമിലെത്തിച്ചിരുന്നു.
രാജസ്ഥാൻ റോയൽസ് പരുക്കേറ്റ സന്ദീപ് ശർമയ്ക്കു പകരം നാന്ദ്രെ ബർഗറെയും നിതീഷ് റാണയ്ക്കു പകരം വമ്പനടിക്കാരൻ ലുവാൻ ഡ്രെ പ്രിട്ടോറിയസിനെയും ടീമിലെടുത്തു. ഇരുവരും ദക്ഷിണാഫ്രിക്കക്കാർ.
English Summary:









English (US) ·