Published: October 21, 2025 08:26 PM IST
1 minute Read
മുംബൈ∙ പരുക്കുമാറി ഇന്ത്യന്‍ ടീമിലേക്കു മടങ്ങിവരവിനൊരുങ്ങുന്ന ഋഷഭ് പന്തിന് ക്യാപ്റ്റൻ സ്ഥാനം നൽകി ബിസിസിഐ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ ഋഷഭ് പന്ത് നയിക്കും. ഒക്ടോബർ 30ന് ബെംഗളൂരുവിലാണ് പരമ്പരയിലെ ആദ്യ മത്സരം. പരമ്പരയിലെ രണ്ടു കളികളും ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ നടക്കും.
ഈ വർഷം ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണു പന്തിനു കാലിനു പരുക്കേറ്റത്. തുടർന്ന് താരത്തിന് വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയും ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനവും നഷ്ടമായിരുന്നു. കെ.എൽ. രാഹുൽ, ധ്രുവ് ജുറേല്‍, മുഹമ്മദ് സിറാജ് എന്നിവർ രണ്ടാം ടെസ്റ്റ് മുതൽ ഇന്ത്യ എ ടീമിനൊപ്പം ചേരും. സായ് സുദർശനാണ് ടീം വൈസ് ക്യാപ്റ്റൻ. മലയാളി താരം ദേവ്ദത്ത് പടിക്കലും ടീമിലുണ്ട്. അണ്ടർ 19 ഇന്ത്യൻ ടീം ക്യാപ്റ്റൻ ആയുഷ് മാത്രെ ആദ്യ മത്സരത്തിനുള്ള ടീമിൽ ഇടം കണ്ടെത്തി.
ഋഷഭ് പന്തിനെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും ഉൾപ്പെടുത്തിയേക്കും. നവംബർ 14ന് കൊൽക്കത്ത ഈഡൻ ഗാർഡന്‍സിലാണ് ആദ്യ ടെസ്റ്റ്. അതേസമയം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ഇടം കണ്ടെത്താൻ പരിശ്രമിക്കുന്ന സർഫറാസ് ഖാനെ എ ടീമിലേക്കു പരിഗണിച്ചിട്ടില്ല. ഇന്ത്യൻ ടീമില്‍ തിരികെയെത്തുക ലക്ഷ്യമിട്ട് സർഫറാസ് ശരീരഭാരം കുറച്ചിരുന്നു. കഠിന പരിശീലനവും ഭക്ഷണനിയന്ത്രണവും ചെയ്താണ് സർഫറാസ് ഭാരം കുറച്ചത്. ജമ്മു കശ്മീരിനെതിരായ രഞ്ജി പോരാട്ടത്തിൽ മുംബൈ താരമായ സർഫറാസിന് വലിയ സ്കോർ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യ എ ടീം– ഋഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പർ), ആയുഷ് മാത്രെ, എൻ. ജഗദീശൻ, സായ് സുദർശന്‍, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാര്‍, ഹർഷ് ദുബെ, തനുഷ് കോട്യൻ, മാനവ് സുതർ, ഖലീൽ അഹമ്മദ്, ഗുർനൂർ ബ്രാർ, അൻഷുൽ കാംബോജ്, യാഷ് താക്കൂർ, ആയുഷ് ബദോനി, സരൻഷ് ജെയ്ൻ.
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യ എ ടീം– ഋഷഭ് പന്ത് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), കെ.എൽ. രാഹുൽ, ധ്രുവ് ജുറേൽ, സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്‌ക്‌വാദ്, ഹർഷ് ദുബെ, തനുഷ് കോട്യൻ, മാനവ് സുതർ, ഖലീൽ അഹമ്മദ്, ഗുർനൂർ ബ്രാർ, അഭിമന്യു ഈശ്വരൻ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ആകാശ്ദീപ്.
English Summary:








English (US) ·