‘‘ദീദീ...ഈ വിജയം നിങ്ങൾക്കു വേണ്ടിയാണ്...’’ നേരിയ മഞ്ഞു പൊഴിഞ്ഞ രാത്രിയിൽ ദീപപ്രഭയിൽ കുളിച്ചുനിന്ന ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലെ പുൽമൈതാനത്തു ജുലൻ ഗോസ്വാമിയെ ചേർത്തുപിടിച്ച് ഹർമൻപ്രീത് കൗറും സ്മൃതി മന്ഥനയും പറഞ്ഞു. വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ടിവി അവതാരകയായി എത്തിയ ജുലന്റെ കണ്ണുകൾ ഒരു നിമിഷം ഈറനണിഞ്ഞു. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു തോൽപിച്ച് ഇന്ത്യൻ വനിതകൾ കന്നി ഏകദിന ലോകകപ്പ് ജേതാക്കളായതിന്റെ തുടർച്ചയായിട്ടായിരുന്നു വികാരനിർഭരമായ ഈ രംഗം.
തന്റെ തലമുറയ്ക്കു സാധിക്കാതെ പോയ നേട്ടം കൈവരിച്ച പിൻമുറക്കാരുടെ മുന്നിൽ ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ജുലൻ നിന്നു. അവർക്കൊപ്പം ജുലൻ ഗോസ്വാമി ലോകകപ്പ് ട്രോഫി എടുത്തുയർത്തി. ഇതിനു പിന്നാലെ മിതാലി രാജ്, അൻജും ചോപ്ര, റീമ മൽഹോത്ര എന്നിവർക്കൊപ്പവും ഇന്ത്യൻ താരങ്ങൾ വിജയാഹ്ലാദം പങ്കിട്ടു.
സജീവ ക്രിക്കറ്റിലുള്ളവരും അല്ലാത്തവരുമായ വനിതാ താരങ്ങളെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഇഴയടുപ്പം കാത്തുസൂക്ഷിക്കുന്നവരാണെന്നു വെളിവാക്കുന്നതായിരുന്നു ഈ ദൃശ്യങ്ങളോരോന്നും. തങ്ങളുടെ കുടുംബത്തിൽ പിറന്ന നവജാത ശിശുവിനെ ബന്ധുക്കളെ കാണിക്കുന്നതു പോലെയാണ് ഇന്ത്യൻ താരങ്ങൾ ലോകകപ്പ് ട്രോഫിയുമായി സീനിയർ താരങ്ങളുടെ അടുക്കലെത്തിയത്. മുൻ നായിക കൂടിയായ മിതാലി രാജ് കുഞ്ഞിന്റെ കവിളിൽ മുത്തം നൽകുന്നതു പോലെ ട്രോഫി മുഖത്തോടു ചേർത്തുപിടിച്ചു.
ഇതിലുമേറെ വൈകാരികമായിരുന്നു ഈ ലോകകപ്പിനിടെ കാലിനു പരുക്കേറ്റ് ടൂർണമെന്റിൽനിന്നു പിൻവാങ്ങേണ്ടി വന്ന ഓപ്പണർ പ്രതിക റാവലിനെ ടീം ഇന്ത്യ ചേർത്തുപിടിച്ച നിമിഷം. ടീമിനൊപ്പം ചിത്രമെടുക്കാൻ ചക്രക്കസേരയിലിരുന്നാണ് പ്രതിക ഗ്രൗണ്ടിലേക്കു വന്നത്. ഇന്ത്യൻ ജഴ്സി ധരിച്ചെത്തിയ പ്രതികയെ മുന്നിലിരുത്തിയായിരുന്നു ഫോട്ടോഷൂട്ട്.
ടൂർണമെന്റിൽനിന്നു പിൻവാങ്ങിയതിനാൽ, വിജയികളുടെ മെഡൽ കിട്ടാതെ പോയ പ്രതികയെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന തന്റെ മെഡൽ അണിയിച്ചു. പ്രതിക ഒരു വേള അതു നിരസിച്ചെങ്കിലും സ്മൃതിയുടെ നിർബന്ധത്തിനു വഴങ്ങി. ധോൽ വാദ്യത്തിന്റെ അകമ്പടിയോടെ നൃത്തമാടിയാണ് താരങ്ങൾ സ്റ്റേഡിയത്തിൽനിന്നു മടങ്ങിയത്. പിന്നീട് ഹോട്ടൽമുറിയിൽ സഹതാരങ്ങൾക്കൊപ്പം ട്രോഫി കെട്ടിപ്പിടിച്ചു കിടക്കുന്നതിന്റെ ചിത്രങ്ങൾ ജമീമ റോഡ്രീഗ്സ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.
English Summary:








English (US) ·