ന്യൂഡൽഹി ∙ ദാമ്പത്യജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും തുറന്നു പറഞ്ഞ് ഇന്ത്യൻ ബോക്സിങ് ഇതിഹാസം മേരി കോം. സമൂഹമാധ്യമങ്ങളിലും വാർത്തകളിലും തന്നെക്കുറിച്ചുള്ള അപവാദപ്രചാരണങ്ങൾ അതിരുകടന്നതിനാലാണ് ഈ തുറന്നുപറച്ചിലെന്ന് ആറു തവണ ലോക ബോക്സിങ് ചാംപ്യനും ഒളിംപിക് വെങ്കല മെഡൽ ജേതാവുമായ മേരി കോം പിടിഐക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ അവസ്ഥയെ എല്ലാവരും പരിഹാസത്തോടെയാണ് കാണുന്നതെന്നും 43 വയസ്സുകാരിയായ താരം പറഞ്ഞു.
‘‘ഞാൻ എന്താണ് അനുഭവിച്ചതെന്ന് അറിയാത്ത ആളുകൾ എന്നെ അത്യാഗ്രഹിയെന്ന് വിളിക്കുന്നു. അതെ, ഞാൻ ഇപ്പോൾ എന്റെ ഭർത്താവ് കരുങ് ഓൻഖോലറിൽനിന്ന് (ഓൺലർ) വേർപിരിഞ്ഞു, ഇതെല്ലാം സംഭവിച്ചത് രണ്ടു വർഷത്തിലേറെ മുൻപാണ്.’’– മേരി കോം പറഞ്ഞു. 2023ലാണ് ഇരുവരും വിവാഹമോചിതരായെങ്കിലും ഇക്കാര്യം മേരി കോം പരസ്യമായി സമ്മതിക്കുന്നത് ഇപ്പോഴാണ്. കഴിഞ്ഞ വർഷം തുടക്കത്തിൽ മേരി കോം വിവാഹമോചിതയായെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മേരി കോമിനുള്ള മറ്റൊരാളുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്നും ആഭ്യൂഹങ്ങളുണ്ടായിരുന്നു.
‘‘ഞാൻ മത്സരത്തിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോൾ എല്ലാം കാര്യങ്ങളും ശരിയായി നടന്നിരുന്നു. എന്റെ സാമ്പത്തിക കാര്യങ്ങളിൽ വളരെ കുറച്ചു മാത്രമേ എനിക്ക് പങ്കുണ്ടായിരുന്നുള്ളൂ, പക്ഷേ 2022ലെ കോമൺവെൽത്ത് ഗെയിംസിന് മുൻപ് എനിക്ക് പരുക്കേറ്റപ്പോൾ, എന്റെ ജീവിതം ഒരു നുണയാണെന്ന് എനിക്ക് മനസ്സിലായി. മാസങ്ങളോളം ഞാൻ കിടപ്പിലായിരുന്നു, അതിനുശേഷം ഒരു വാക്കർ ആവശ്യമായിരുന്നു. അപ്പോഴാണ് ഞാൻ വിശ്വസിച്ചിരുന്ന ആ മനുഷ്യൻ ഞാൻ വിശ്വസിച്ചതുപോലെയല്ലെന്ന് എനിക്ക് മനസ്സിലായത്. ലോകത്തിന് ഒരു കാഴ്ചവസ്തുവാകാൻ ഞാൻ ആഗ്രഹിച്ചില്ല. അതിനാൽ ഞങ്ങൾക്കിടയിൽ തന്നെ അത് പരിഹരിക്കാൻ ഒട്ടേറെ ശ്രമങ്ങൾ നടത്തി. എന്നാൽ അതു സാധിക്കാത്തതിനാൽ ഞാൻ വിവാഹമോചനം തേടി.
‘‘ഇതു തുടരാനാവില്ലെന്ന് എന്റെ കുടുംബത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഞാൻ അറിയിച്ചു, അവർ അത് മനസ്സിലാക്കി. അത് രഹസ്യമായി തുടരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ കഴിഞ്ഞ ഒരു വർഷമായി എന്നെ അപകീർത്തിപ്പെടുത്താൻ ഒരു കൂട്ടായ ശ്രമം നടക്കുന്നു. ഞാൻ പ്രതികരിക്കുന്നില്ലെന്നാണ് കരുതിയത്. പക്ഷേ എന്റെ നിശബ്ദത അവർ മുതലെടുത്തു. ആക്രമണം വർധിക്കുകയും ചെയ്തു.’’– മുൻ രാജ്യസഭാംഗം കൂടിയായ മേരി കോം പറഞ്ഞു. തന്നിൽനിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുത്തെന്നും സ്വന്തം കഠിനാധ്വാനം കൊണ്ട് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെട്ടുവെന്നും ഇപ്പോൾ ഫരീദാബാദിൽ താമസിക്കുന്ന മേരി കോം വെളിപ്പെടുത്തി.
‘‘അയാൾ വായ്പകൾ എടുത്തുകൊണ്ടേയിരുന്നു. എന്റെ സ്വത്ത് പണയംവച്ചു, അത് അദ്ദേഹത്തിന്റെ പേരിലേക്ക് മാറ്റി. ചുരാചന്ദ്പുരിലെ നാട്ടുകാരിൽ നിന്ന് അദ്ദേഹം പണം കടം വാങ്ങി. അത് തിരിച്ചുപിടിക്കാൻ, അവർ രഹസ്യ ഗ്രൂപ്പുകൾ വഴി ഭൂമി പിടിച്ചെടുത്തു.’’– മേരി കോം പറഞ്ഞു. സമൂഹമാധ്യമങ്ങളിലും അല്ലാതെയും തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളിലും താരം വേദന പങ്കുവച്ചു.
‘‘എന്നെ അത്യാഗ്രഹി എന്ന് വിളിക്കുന്ന വാർത്താ റിപ്പോർട്ടുകൾ കണ്ടു. അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർബന്ധിച്ചത് ഞാനാണെന്ന്. എനിക്കും അദ്ദേഹത്തിനും മാത്രം അറിയാവുന്ന കാര്യങ്ങൾ ഇപ്പോൾ എന്നെ വില്ലനായി ചിത്രീകരിക്കാൻ ടാബ്ലോയിഡുകളിൽ വരെ നിറയുന്നു. എന്റെ സ്വഭാവം ചോദ്യം ചെയ്യപ്പെടുന്നു. ഒരുസമയത്ത് എനിക്ക് പ്രതികരിക്കേണ്ടി വന്നു. എന്റെ നേട്ടങ്ങളുടെ അർഥമെന്താണ്? ഞാൻ തകർന്നുപോയി, പക്ഷേ എനിക്ക് ദുഃഖിക്കാൻ പോലും കഴിയില്ല. കാരണം എനിക്ക് നാല് കുട്ടികളെ നോക്കണം, എന്നെ ആശ്രയിക്കുന്ന മാതാപിതാക്കളെയും. പൊലീസിനെ സമീപിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ എന്നെ ഒന്നു വെറുതെവിടണം.’’– മേരി കോം കൂട്ടിച്ചേർത്തു. ഇരട്ടകളടക്കം മൂന്ന് ആൺമക്കളും ഒരു പെൺകുട്ടിയുമാണ് മേരി കോമിനുള്ളത്.
നിലവിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) അത്‌ലറ്റ്സ് കമ്മിഷൻ അധ്യക്ഷയാണ് മേരി കോം. തന്റെ കുട്ടികൾക്കു വേണ്ടിയാണ് ജീവിക്കുന്നതെന്നും പരസ്യച്ചിത്രങ്ങളിലടക്കം അഭിനയിച്ചാണ് ഇപ്പോൾ വരുമാനം കണ്ടെത്തുന്നതെന്നും അവർ പറഞ്ഞു. ‘‘എന്റെ കുട്ടികൾക്കായി ഞാൻ കഠിനാധ്വാനം ചെയ്യുന്നു. ദൈവത്തിനറിയാം ഞാൻ എത്ര ബുദ്ധിമുട്ടിയിരുന്നെന്ന്. പക്ഷേ കുട്ടികളുള്ളപ്പോൾ തളരാൻ കഴിയുമോ? നമ്മൾ സ്വയം മുന്നോട്ട് പോകണം. ഞാൻ പോരാടുന്നു. എന്റെ ജീവിതം ഒരു നീണ്ട ബോക്സിങ് മത്സരമാണെന്ന് തോന്നുന്നു. പക്ഷേ ദൈവം കൂടെയുണ്ട്, അത് എനിക്ക് ശക്തി നൽകും.’’– മേരി കോം പറഞ്ഞു.
English Summary:








English (US) ·