പരുക്കേറ്റ് ടീമിനു പുറത്തായതിനു പിന്നാലെ നിതീഷ് റെഡ്ഡിക്ക് നിയമക്കുരുക്കും; 5 കോടി രൂപ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ കേസ്!

5 months ago 6

ഓൺലൈൻ ഡെ‌സ്‌ക്

Published: July 27 , 2025 02:59 PM IST

1 minute Read

നിതീഷ് റെഡ്ഡി (ഫയൽ ചിത്രം, X/@BCCI)
നിതീഷ് റെഡ്ഡി (ഫയൽ ചിത്രം, X/@BCCI)

ന്യൂഡൽഹി∙ പരുക്കേറ്റ് ദേശീയ ടീമിൽനിന്ന് പുറത്തായതിന്റെ ക്ഷീണം മാറും മുൻപേ, ഇന്ത്യൻ താരം നിതീഷ് റെഡ്ഡിക്ക് കുരുക്കായി ഡൽഹി ഹൈക്കോടതിയിൽ കേസ്. നിതീഷ് റെഡ്ഡി വൻ തുക നൽകാനുണ്ടെന്ന് ചൂണ്ടിക്കാട്ടി താരത്തിന്റെ മുൻ ഏജന്റാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷം നടന്ന ബോർഡർ – ഗാവസ്കർ ട്രോഫിക്കിടെ പുതിയ ഏജന്റിനെ നിയോഗിച്ചെങ്കിലും, നൽകാനുണ്ടായിരുന്ന 5 കോടിയിലധികം രൂപ താരം ഇതുവരെ കൈമാറിയിട്ടില്ലെന്നാണ് മുൻ ഏജൻസിയുടെ പരാതി.

വിവിധ കളിക്കാരുടെ ഏജന്റായി പ്രവർത്തിക്കുന്ന ‘സ്ക്വയർ ദി വൺ’ എന്ന ഏജൻസിയാണ് പരാതിക്കാരെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു. ഏറ്റവും ഒടുവിൽ നടന്ന ബോർഡർ – ഗാവസ്കർ ട്രോഫി വരെ ഇവരായിരുന്നു താരത്തിന്റെ ഏജന്റ് എങ്കിലും, ടൂർണമെന്റിനിടെ ബന്ധം വഷളായെന്നാണ് വിവരം. തുടർന്ന് ഇന്ത്യൻ ടീമിലെ മറ്റൊരു താരത്തിന്റെ മാനേജരുമായി നിതീഷ് റെഡ്ഡി കരാറിലെത്തി.

താരം പുതിയ ഏജന്റിനെ നിയോഗിച്ചെങ്കിലും, തങ്ങൾക്ക് നൽകാനുള്ള 5 കോടിയിലധികം രൂപ ഇതുവരെ കൈമാറിയിട്ടില്ലെന്നാണ് മുൻ ഏജൻസിയുടെ പരാതി. നിതീഷ് റെഡ്ഡിക്കെതിരെ കരാർ ലംഘനത്തിനും പണം നൽകാത്തതിനുമാണ് പരാതി നൽകിയിരിക്കുന്നത്. കേസ് ഡൽഹി ഹൈക്കോടതി ജൂലൈ 28ന് കേൾക്കുമെന്നാണ് റിപ്പോർട്ട്.

ഐപിഎലിലൂടെ ദേശീയ ശ്രദ്ധയിലേക്ക് ഉയരുന്നതിനു മുൻപ്, 2021 മുതൽ താരത്തിന്റെ ഏജന്റായി പ്രവർത്തിച്ചിരുന്നത് ഇവരായിരുന്നുവെന്നാണ് റിപ്പോർട്ട്. കളിക്കാരും ഏജൻസികളും തമ്മിലുള്ള ഇത്തരം തർക്കങ്ങൾ സ്വാഭാവികമാണെങ്കിലും, അത് കോടതിയിലെത്തുന്നത് അപൂർവമാണ്.

നാലു വർഷത്തോളം നിതീഷുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പരാതിക്കാരായ ഏജൻസി, വിവിധ ബ്രാൻഡുകളുമായുള്ള സഹകരണവും പരസ്യമേഖലയിലെ സാന്നിധ്യവും ഉറപ്പാക്കിയിരുന്നു. ഏജൻസിക്കു നൽകാനുള്ള അഞ്ച് കോടിയോളം രൂപ കുടിശിക വരുത്തിയ സാഹചര്യത്തിലാണ് അവർ പരാതിയുമായി രംഗത്തെത്തിയത്. പണം നൽകാൻ താരം വിസമ്മതിച്ചതോടെ പരാതി കോടതിയിലുമെത്തി.

English Summary:

Nitish Reddy successful ineligible occupation arsenic bureau sues subordinate implicit unpaid dues of Rs 5 crore

Read Entire Article