പരുക്ക് കളിയുടെ ഭാഗം, പകരക്കാരെ അനുവദിച്ചാൽ മുതലെടുക്കും: പന്തിന്റെ പരുക്കിൽ സ്റ്റോക്സിന്റെ ‘കുത്ത്, 10 പേരുമായി കളിക്കുമോയെന്ന് ഗംഭീർ

5 months ago 5

ഓൺലൈൻ ഡെ‌സ്‌ക്

Published: July 29 , 2025 03:44 PM IST

2 minute Read

ഗൗതം ഗംഭീർ (X/@WorshipDhoni), ബെൻ സ്റ്റോക്സ് (X/@jayeshjain__)
ഗൗതം ഗംഭീർ (X/@WorshipDhoni), ബെൻ സ്റ്റോക്സ് (X/@jayeshjain__)

മാഞ്ചസ്റ്റർ∙ ഇന്ത്യ – ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിലെ സമനില വിവാദത്തിനു പിന്നാലെ, ഋഷഭ് പന്തിന്റെ പരുക്കുമായി ബന്ധപ്പെട്ടും വിരുദ്ധ നിലപാടുകളുമായി ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സും ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും. പരുക്കുകൾ കളിയുടെ ഭാഗമാണെന്നും, അന്തിമ ഇലവനെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ മാറ്റാൻ അനുവദിക്കരുതെന്നും സ്റ്റോക്സ് ആവശ്യപ്പെട്ടു. പകരക്കാരെ അനുവദിക്കുന്ന സാഹചര്യമുണ്ടായാൽ ടീമുകൾ അതു മുതലെടുക്കുമെന്നാണ് സ്റ്റോക്സിന്റെ വാദം. അതേസമയം, 11 അംഗങ്ങളുള്ള ഒരു ടീമിനെതിരെ 10 പേരുമായി കളിക്കേണ്ടി വരുന്നത് എന്തൊരു ദുർവിധിയാണെന്നായിരുന്നു ഗംഭീറിന്റെ മറുചോദ്യം. രവീന്ദ്ര ജഡേജയ്‌ക്കും വാഷിങ്ടൻ സുന്ദറിനും സെഞ്ചറി തികയ്‌ക്കാനായി സമനില സമ്മതിക്കാതിരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പിന്നാലെയാണ് പരുക്കിലും ഇരുവരും ഇടഞ്ഞത്.

‘‘പരുക്കേറ്റവർക്കു പകരക്കാരെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ തന്നെ അനാവശ്യമാണെന്നാണ് എന്റെ അഭിപ്രായം. ടീമുകൾക്ക് മുതലെടുക്കാൻ സാധിക്കുന്ന ഒട്ടേറെ പഴുതുകൾ അതിലുണ്ട്. ഒരു മത്സരത്തിനായി 11 പേരെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ, പരുക്കു സംഭവിക്കുന്നതെല്ലാം കളിയുടെ ഭാഗമാണ്. കൺകഷനുമായി ബന്ധപ്പെട്ട് താരങ്ങളെ പകരം ഇറക്കുന്നത് മനസിലാക്കാം. കളിക്കാരുടെ ക്ഷേമവും സുരക്ഷയും പ്രധാനപ്പെട്ടതാണല്ലോ. എങ്കിലും പരുക്കിന്റെ പേരിൽ പകരക്കാരെ കളത്തിലിറക്കാനുള്ള ഈ ചർച്ചകൾ അവസാനിപ്പിക്കണമെന്നാണ് എനിക്കു പറയാനുള്ളത്. എനിക്ക് കളിക്കിടെ എന്തെങ്കിലും സംഭവിച്ച് എംആർഐ സ്കാൻ വേണ്ടിവന്നാൽപ്പോലും പകരക്കാരനെ ഇറക്കാവുന്ന സ്ഥിതിയാവില്ലേ?’ – സ്റ്റോക്സ് ചോദിച്ചു.

‘‘മത്സരത്തിനിടെ ഒരു ബോളറെ എംആർഐ സ്കാനിന് വിധേയനാക്കിയാൽ എന്തെങ്കിലുമൊക്കെ ചെറിയ പ്രശ്നം കണ്ടുപിടിക്കാനാകും. കാൽമുട്ടിൽ നീർക്കെട്ടുണ്ട്, അതുകൊണ്ട് പകരം പുതിയൊരു ബോളറെ ഇറക്കാമെന്ന് പറയുന്ന സാഹചര്യമുണ്ടാകില്ലേ? അതുകൊണ്ട് ഈ അനാവശ്യ ചർച്ച എത്രയും പെട്ടെന്ന് നിർത്തണം’ – സ്റ്റോക്സ് പറഞ്ഞു.

അതേസമയം, മത്സരത്തിനിടെ കളിക്കാർക്കു പരുക്കേറ്റാൽ പകരക്കാരെ ഇറക്കാൻ അനുവദിക്കുകയാണ് വേണ്ടെന്ന് ഗംഭീർ വ്യക്തമാക്കി. ‘‘പരുക്കേറ്റ കളിക്കാർക്ക് പകരക്കാരെ അനുവദിക്കണമെന്നാണ് എന്റെ പക്ഷം. കളിക്കാരനു സംഭവിച്ച പരുക്ക് ഗുരുതര സ്വഭാവമുള്ളതാണെന്ന് അംപയറിനും മാച്ച് റഫറിക്കും ബോധ്യപ്പെട്ടാൽ പകരക്കാരൻ പ്രധാനപ്പെട്ടതാണെന്ന് ഞാൻ കരുതുന്നു. പരുക്ക് ഗുരുതരമാണെന്ന് വ്യക്തമാകുന്ന സാഹചര്യങ്ങളിൽ പകരക്കാരനെ ഇറക്കാൻ സാധിക്കുന്ന തരത്തിലുള്ളതാകണം നിയമം. അതിൽ യാതൊരു പ്രശ്നവും ഞാൻ കാണുന്നില്ല. പ്രത്യേകിച്ചും ആദ്യ മൂന്നു ടെസ്റ്റുകളിലും വാശിയേറിയ പോരാട്ടം നടന്ന ഇതുപോലുള്ള പരമ്പരകളിൽ. 11 പേരുള്ള ടീമിനെതിരെ 10 പേരുമായി പൊരുതേണ്ടി വരുന്ന അവസ്ഥ ആലോചിച്ചുനോക്കൂ. ഞങ്ങളെ സംബന്ധിച്ച് എന്തൊരു നിർഭാഗ്യകരമായ അവസ്ഥയാകുമായിരുന്നു അത്’ – ഗംഭീർ ചോദിച്ചു.

നേരത്തെ, പരുക്കറ്റാൽ പകരം താരങ്ങളെ ഇറക്കുന്ന നിയമത്തിൽ ഇളവു നൽകണമെന്ന ആവശ്യവുമായി മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണും രംഗത്തെത്തിയിരുന്നു. ഒരു നിർണായക ടെസ്റ്റ് മത്സരത്തിൽ നാലു ദിവസം ഒരു ടീം 10 പേരുമായി എതിർ ടീമിലെ 11 പേർക്കെതിരെ പോരടിക്കുന്നത് എന്തൊരു വൈരുധ്യമാണെന്നും വോൺ ചോദിച്ചു.

‘‘ക്രിക്കറ്റിൽ സബ്സ്റ്റിറ്റ്യൂഷൻ നിയമം മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു കളിക്കാരന് ഗുരുതരമായ പരുക്കു പറ്റിയാൽ പകരക്കാരനെ അനുവദിക്കുന്നതിൽ തെറ്റില്ല. കഴിഞ്ഞ ദിവസം പൊട്ടലുള്ള കാലുമായാണ് ഋഷഭ് പന്ത് ബാറ്റിങ്ങിന് എത്തിയത്. പന്തിന്റെ അർപ്പണ ബോധത്തെ പ്രശംസിക്കുമ്പോഴും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ക്രിക്കറ്റിൽ നിയമം കൊണ്ടുവരണം. പന്തിനു പകരം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറേലിനെ കളിപ്പിക്കാൻ നിയമമുണ്ട്. പക്ഷേ, ജുറേലിന് ബാറ്റ് ചെയ്യാൻ നിയമം അനുവദിക്കുന്നില്ല. എന്തൊരു വൈരുധ്യമാണിത്. ഇത്തരം പഴഞ്ചൻ നിയമങ്ങൾ പൊളിച്ചെഴുതണം.’’– മൈക്കൽ വോൺ ആവശ്യപ്പെട്ടു.

English Summary:

Ben Stokes opposes wounded replacements calling it ‘absolutely ridiculous’; India manager Gambhir backs substitutions

Read Entire Article