ഗ്രൗണ്ടിൽ പിഎസ്ജി താരം ഉസ്മാൻ ഡെംബലെയുടെ കാലുകൾ ഒരു ശസ്ത്രക്രിയക്കത്തിപോലെയാണ്. മുന്നിൽ നിരന്നുനിൽക്കുന്ന പ്രതിരോധനിരയുടെ നെഞ്ചുകീറി രക്തമൊഴുക്കാൻ തക്ക സൂക്ഷ്മതയുള്ള കത്തി. ഒരു ടച്ചിൽ പന്തിന്റെ ഗതിയും എതിരെ നിൽക്കുന്ന പ്രതിരോധനിരയുടെ അടിത്തറയും തകർക്കാൻ ശേഷിയുണ്ടതിന്. ഒരേസമയം കവിതയും വിപ്ലവവുമായ കളി. മെസ്സിയുടെയും നെയ്മാറിന്റെയും കളികളോടുള്ള താരതമ്യപഠനങ്ങൾക്കു യോഗ്യമായ കളി! എന്നാൽ, പിഎസ്ജിയിലേക്ക് എത്തുന്നതിനു മുൻപ് കഥ മറ്റൊന്നായിരുന്നു.
ഫ്രഞ്ച് ക്ലബ് റെന്നിലാണ് ഡെംബലെ തന്റെ പ്രഫഷനൽ കരിയർ തുടങ്ങിയത്. 2015ൽ 12 ഗോളും 5 അസിസ്റ്റും നേടി അദ്ഭുത ബാലനായി ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിലേക്കും അവിടെനിന്നു മോഹവിലയ്ക്കു സ്പാനിഷ് ക്ലബ് ബാർസിലോനയിലേക്കും എത്തി. എന്നാൽ, ഡെംബലെയ്ക്കു പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. വിഡിയോ ഗെയിം അടിമയെന്നും അച്ചടക്കമില്ലാത്തവനെന്നും പഴികേട്ട ഡെംബലെയെ പരുക്കുകളും ക്രൂരമായി വേട്ടയാടി. 14 മസിൽ ഇൻജറികളാണ് ബാർസയിൽവച്ചു ഡെംബലെയ്ക്കുണ്ടായത്. ബാർസയിൽ കളിച്ച 6 സീസണുകളിൽ 784 ദിവസവും ഡെംബലെ പുറത്തായിരുന്നു. ആരാധകരുടെയും മാറിവന്ന പരിശീലകരുടെയും മുന്നിൽ ഡെംബലെ പരുക്കിൽ വീണുപോയവനും പ്രതിഭ നഷ്ടപ്പെട്ടവനുമായി. ഒടുവിൽ 2023ൽ ഡെംബലെ ബാർസ വിട്ടു പിഎസ്ജിയിലേക്കു പോയി.
തിരിച്ചുവരവ്
ബാർസയിലെ ഡെംബലെ പരുക്കിന്റെ പ്രതീകമായിരുന്നെങ്കിൽ പിഎസ്ജിയിലെ ഡെംബലെ, ഫുട്ബോൾ ചരിത്രത്തിലെ അപൂർവതകളിൽ ഒന്നാണ്. എംബപെ റയൽ മഡ്രിഡിലേക്കു പോയ ശേഷം കോച്ച് ലൂയി എൻറിക്വെ പിഎസ്ജിയുടെ ആയുധപ്പുരയുടെ താക്കോൽ ഡെംബലെയെയാണ് ഏൽപിച്ചത്. ബാർസയിലെ 185 കളികളിൽനിന്നു 40 ഗോളുകളും 42 അസിസ്റ്റുകളും മാത്രം നേടിയ ഡെംബലെ പിഎസ്ജിയിൽ 2024–25 സീസണിൽ 49 കളികളിൽനിന്നു മാത്രം നേടിയത് 33 ഗോളുകളും 13 അസിസ്റ്റുകളും!പിഎസ്ജിയിൽ എൻറിക്വെയുടെ ഫുട്ബോൾ സിസ്റ്റത്തിനു ജീവൻ നൽകുന്നത് ഡെംബലെയാണ്. 8 ഗോളുകളാണ് ഡെംബലെ കഴിഞ്ഞ സീസൺ ചാംപ്യൻസ് ലീഗിന്റെ നോക്കൗട്ട് റൗണ്ടിൽ മാത്രം നേടിയത്.
ഉയിർപ്പ്
ബലോൻ ദ് ഓർ പുരസ്കാരം നേടിയശേഷം ഉസ്മാൻ ഡെംബലെ എഴുതി, ‘ഞാൻ വീണപ്പോൾ അവർ ചിരിച്ചു, എപ്പോഴും പരുക്കുപറ്റുന്നവനെന്നു വിധിച്ചു. നിശ്ശബ്ദനായി ഞാൻ കരഞ്ഞ രാത്രികൾ ആരും കണ്ടില്ല. ബലോൻ ദ് ഓർ എന്റെ അതിജീവനത്തിന്റെ പ്രതീകമാണ്. സ്വർണ നിറമുള്ള ഈ പന്തിനു തിളക്കമുണ്ട്; പക്ഷേ, ഇതിലേക്കുള്ള എന്റെ വഴി ഇരുട്ട് നിറഞ്ഞതായിരുന്നു. എന്നെ സംശയിച്ചവരേ നിങ്ങൾക്കു നന്ദി, നിങ്ങളാണ് എന്നെ ശക്തനാക്കിയത്’. – കാൽപന്തു ലോകം തന്റെ ചുറ്റും കെട്ടിപ്പൊക്കിയ പ്രതീക്ഷയുടെ ഭാരം താങ്ങാനാവാതെ ഡെംബലെ വീണുപോയെന്നും തിരിച്ചുവരവ് അസാധ്യമാണെന്നും പറഞ്ഞവർക്കു മുന്നിൽനിന്ന് അയാൾ ഒരു സ്വർണപ്പന്തിനെ ചുംബിക്കുന്നു.
English Summary:








English (US) ·