Published: July 20 , 2025 10:50 PM IST
1 minute Read
ലണ്ടൻ∙ ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റിനു ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴും വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് പ്ലേയിങ് ഇലവനിലുണ്ടാകുമോയെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു. ലോഡ്സ് ടെസ്റ്റിന്റെ ആദ്യ ദിവസം വിക്കറ്റ് കീപ്പിങ്ങിനിടെയാണ് ഋഷഭ് പന്തിനു പരുക്കേൽക്കുന്നത്. രണ്ട് ഇന്നിങ്സിലും ഇന്ത്യൻ വൈസ് ക്യാപ്റ്റന്‍ ബാറ്റു ചെയ്തെങ്കിലും, ധ്രുവ് ജുറേലിനായിരുന്നു വിക്കറ്റ് കീപ്പറുടെ ചുമതല.
നാലാം ടെസ്റ്റിൽ പന്തിനെ ബാറ്റർ മാത്രമായി കളിപ്പിക്കരുതെന്ന് ഇന്ത്യൻ ടീമിന്റെ മുൻ പരിശീലകൻ രവി ശാസ്ത്രി ഉൾപ്പടെ ആവശ്യപ്പെട്ടുകഴിഞ്ഞു. എന്നാൽ പന്തിനെ സ്പെഷലിസ്റ്റ് ബാറ്റർ മാത്രമായി ഇറക്കാമെന്ന തീരുമാനവുമായി മുന്നോട്ടു പോകുകയാണ് ടീം മാനേജ്മെന്റ് എന്നാണ് പുറത്തുവരുന്ന വിവരം. അടുത്ത മത്സരത്തിൽ ഋഷഭ് പന്തിനൊപ്പം ധ്രുവ് ജുറേലിനെയും പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയേക്കും.
നിർണായക ടെസ്റ്റിൽ ഇറങ്ങുന്നതിനായി ധ്രുവ് ജുറേൽ കഠിന പരിശീലനത്തിലാണ്. ലോഡ്സ് ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 74 റൺസെടുത്ത പന്ത് രണ്ടാം ഇന്നിങ്സിൽ ഒൻപതു റൺസിനു പുറത്തായിരുന്നു. പരമ്പരയിൽ മികച്ച ഫോമിലുള്ള പന്തിന്റെ സേവനം നാലാം ടെസ്റ്റിലും ഇന്ത്യൻ ടീം ബാറ്റിങ്ങിൽ ഉപയോഗിക്കും. ധ്രുവ് ജുറേൽ ടീമിലെത്തുമ്പോൾ മലയാളി താരം കരുൺ നായർ പ്ലേയിങ് ഇലവനിൽനിന്നു പുറത്താകാനാണു സാധ്യത.
പരമ്പരയിലെ മൂന്നു ടെസ്റ്റുകളില്‍ അവസരം ലഭിച്ചെങ്കിലും ഇതുവരെ ഒരു അർധ സെഞ്ചറി നേടാൻ പോലും കരുണിനു സാധിച്ചിട്ടില്ല. മൂന്നു മത്സരങ്ങളിലുമായി 131 റൺസാണു കരുണിന്റെ സമ്പാദ്യം. ഇംഗ്ലണ്ട് ലയൺസിനെതിരെ താരം ഡബിൾ സെഞ്ചറി നേടിയിരുന്നു. ജൂലൈ 23 മുതൽ മാഞ്ചസ്റ്ററിലാണ് നാലാം ടെസ്റ്റ്.
English Summary:








English (US) ·