22 May 2025, 11:36 AM IST

പരേഷ് റാവൽ, പ്രിയദർശനും അക്ഷയ് കുമാറും | Photo: AFP, Facebook/ Priyadarshan
പ്രിയദര്‍ശന്‍ സംവിധാനംചെയ്യുന്ന ഹേരാ ഫേരി 3-ല്‍നിന്ന് പിന്മാറിയതിനെതിരേ പരേഷ് റാവലിന് അക്ഷയ് കുമാറിന്റെ നിര്‍മാണക്കമ്പനി നല്‍കിയ വക്കീല്‍ നോട്ടീസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരിണാം ലോ അസോസിയേറ്റ്‌സ് ആണ് അക്ഷയ് കുമാറിന്റെ നിര്‍മാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസിന് വേണ്ടി വക്കീല്‍ നോട്ടീസ് അയച്ചത്. ചിത്രത്തില്‍ താനും ഭാഗമാണെന്ന് സ്വന്തം സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ പ്രഖ്യാപിച്ച പരേഷ് റാവല്‍ പ്രതിഫലത്തിന്റെ ആദ്യഗഡുവായി 11 ലക്ഷം കൈപ്പറ്റിയെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നതായി പരിണാം അസോസിയേറ്റ്‌സ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
പിന്നാലെ, അക്ഷയ് കുമാറിന്റെ കമ്പനി പ്രൊമോഷനും മറ്റ് കാര്യങ്ങള്‍ക്കുമായി വലിയതോതില്‍ പണമിറക്കി. മാര്‍ച്ച് 27-നാണ് ടേം ഷീറ്റില്‍ പരേഷ് റാവല്‍ ഒപ്പുവെച്ചത്. പരേഷ് റാവലുമായി കരാറായതിന് പിന്നാലെ ടീസറിനും ചിത്രത്തിന്റെ തന്നെ പ്രാഥമിക ചിത്രീകരണത്തിനുമായി പണമിറക്കി. ഏപ്രില്‍ മൂന്നിന് ടീസര്‍ ചിത്രീകരണം തുടങ്ങി. പരേഷ് റാവല്‍ ഉള്‍പ്പെട്ട മൂന്നുമിനിറ്റോളം നീളുന്ന ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തുകഴിഞ്ഞുവെന്നും പരിണാം അസോസിയേറ്റ്‌സ് പ്രസ്താവനയില്‍ അറിയിച്ചു.
അക്ഷയ് കുമാറും സുനില്‍ ഷെട്ടിയും ഉള്‍പ്പെട്ട ചര്‍ച്ചകളില്‍ പരേഷ് റാവല്‍ ഭാഗമായിരുന്നു. ആ സമയത്തൊന്നും പരേഷ് റാവല്‍ എതിര്‍പ്പുകള്‍ അറിയിച്ചിരുന്നില്ല. പടത്തിന് വേണ്ടി നിക്ഷേപം നടത്തിയ ശേഷമാണ് പിന്മാറുന്നതായി പരേഷ് റാവല്‍ അറിയിച്ചത്. ഇത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. ഷെഡ്യൂളുകള്‍ തെറ്റി, ചിത്രത്തിന്റെ ജോലികളെ തന്നെ ബാധിച്ചുവെന്നും പരിണാം അസോസിയേറ്റ്‌സ് പറയുന്നു.
ഏഴുദിവസത്തിനുള്ളില്‍ തങ്ങള്‍ ആവശ്യപ്പെട്ട 25 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നിയമനടപടികള്‍ സ്വീകരിക്കുമെന്നും പരിണാം അസോസിയേറ്റസ് വ്യക്തമാക്കി.
Content Highlights: Legal squad of Akshay Kumar's accumulation reacts to suing Paresh Rawal
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·