
പരേഷ് റാവൽ, സംവിധായകൻ പ്രിയദർശൻ | ഫോട്ടോ: AFP, മധുരാജ്| മാതൃഭൂമി
അക്ഷയ് കുമാറും സുനിൽ ഷെട്ടിയും പരേഷ് റാവലും ഒന്നിക്കേണ്ടിയിരുന്ന ഹേരാ ഫേരി 3യിൽനിന്ന് പരേഷ് റാവൽ പിന്മാറിയതുമായി ബന്ധപ്പെട്ട വിവാദം തുടരുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയിൽ നിന്ന് പരേഷ് റാവൽ അപ്രതീക്ഷിതമായി പിന്മാറിയതിനെക്കുറിച്ച് മൗനം വെടിഞ്ഞിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. റാവലിന്റെ പിന്മാറ്റം ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതും ആണെന്ന് അദ്ദേഹം ബോംബെ ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്ന് പ്രിയദർശൻ പറഞ്ഞു. അദ്ദേഹത്തിന്റെ പിന്മാറ്റം ശരിക്കും ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്. വേദന തോന്നുന്നുവെന്നുമാത്രമാണ് പറയാനുള്ളത്. സിനിമയിൽനിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് പരേഷ് റാവൽ തന്നോട് ഒരുകാര്യം പോലും ഈ നിമിഷംവരെ പറഞ്ഞിട്ടില്ലെന്നും ഏറെ വിഷമമുണ്ടെന്നും പ്രിയദർശൻ ചൂണ്ടിക്കാട്ടി.
"പരേഷ് ഒരു കുടുംബാംഗത്തെ പോലെയായിരുന്നു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അദ്ദേഹം എനിക്ക് ഒരു വിശദീകരണവും നൽകിയില്ല. എന്നെ ബഹുമാനിക്കുന്നുവെന്നും സൃഷ്ടിപരമായ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു. പക്ഷേ എനിക്ക് ശരിക്കും വിഷമമുണ്ട്. ഇതിന് പിന്നിലെ ഗൂഢാലോചന എന്താണെന്ന് എനിക്കറിയില്ല." പ്രിയദർശൻ പറഞ്ഞു.
"ഞാൻ ചെന്നൈയിലാണ് താമസിക്കുന്നത്. ബോളിവുഡിലെ രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയില്ല. ഞങ്ങൾ ഇപ്പോൾ 'ഭൂത് ബംഗ്ലാ' പൂർത്തിയാക്കി. അദ്ദേഹം വളരെ സുഖമായിട്ടാണ് ഷൂട്ട് ചെയ്തിരുന്നത്. എൻ്റെ അറിവനുസരിച്ച്, പണത്തിന്റെ കാര്യത്തിൽ അദ്ദേഹം ചോദിച്ചതെല്ലാം സമ്മതിച്ചിരുന്നു. അദ്ദേഹം കരാർ ഒപ്പിടുകയും ചെയ്തു. അഡ്വാൻസായി ഒരു ടോക്കൺ തുകയും വാങ്ങി. ഞങ്ങൾ ഒരു ദിവസം ഷൂട്ട് ചെയ്യുക പോലും ചെയ്തു. ഷൂട്ടിന് ശേഷം അദ്ദേഹം ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. പിന്നീട് എന്ത് സംഭവിച്ചുവെന്ന് എനിക്കറിയില്ല." അദ്ദേഹം കൂട്ടിച്ചേർത്തു.
അക്ഷയ് കുമാറാണ് ഹേരാ ഫേരി 3 നിർമിക്കുന്നത്. ചിത്രത്തിൽനിന്ന് പരേഷ് റാവൽ പിന്മാറിയതിനെത്തുടർന്ന് അക്ഷയ് കുമാറിന്റെ നിര്‍മാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ് അദ്ദേഹത്തിന് നോട്ടീസ് അയച്ചിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഹേരാ ഫേരി 3-ല്‍നിന്ന് പിന്മാറിയതായി കഴിഞ്ഞദിവസം പരേഷ് റാവല്‍ അറിയിച്ചതിനുപി ന്നാലെയാണ് നോട്ടീസ്.
ഇതാദ്യമായല്ല പരേഷ് റാവല്‍ കരാറായ ശേഷം ചിത്രത്തില്‍നിന്ന് പിന്മാറുന്നത്. സ്‌ക്രിപ്റ്റ് ഇഷ്ടമായില്ലെന്ന് പറഞ്ഞ് 2023-ല്‍ 'ഓഹ് മൈ ഗോഡില്‍'നിന്ന് പരേഷ് റാവല്‍ പിന്മാറിയിരുന്നു. 2009-ല്‍ പുറത്തിറങ്ങിയ ഇര്‍ഫാന്‍ ഖാന്‍- ഷാരൂഖ് ഖാന്‍ ചിത്രം 'ബില്ലു ബാര്‍ബറും' സമാനമായി പരേഷ് റാവല്‍ വേണ്ടെന്നുവെച്ചിരുന്നു. ഈ ചിത്രത്തിന്റെ സംവിധായകനും പ്രിയദര്‍ശനായിരുന്നു. മലയാളത്തിലെ ഹിറ്റ് ചിത്രം 'കഥപറയുമ്പോളി'ന്റെ ഹിന്ദി റീമേക്കായിരുന്നു 'ബില്ലു ബാര്‍ബര്‍'. സിദ്ധിഖ്- ലാലിന്റെ 'റാംജി റാവു സ്പീക്കിങ്ങി'ന്റെ റീമേക്കായിരുന്നു 'ഹേരാ ഫേരി'യുടെ ആദ്യഭാഗം.
Content Highlights: Priyadarshan reveals his wounded and daze implicit Paresh Rawal`s unexpected departure from Hera Pheri 3
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·