പരേഷ് റാവൽ വിളിച്ച് മാപ്പുപറഞ്ഞു, ഞെട്ടിപ്പോയി, ഹേരാ ഫേരി 3ൽ അഭിനയിക്കും; എല്ലാം ശരിയായി -പ്രിയദർശൻ

6 months ago 6

Priyadarshan and Paresh Rawal

പ്രിയദർശൻ, പരേഷ് റാവൽ | ഫോട്ടോ: മധുരാജ് | മാതൃഭൂമി, AFP

സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രമായ ഹേരാ ഫേരിയുടെ മൂന്നാം ഭാ​ഗത്തിൽനിന്ന് മുഖ്യകഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കേണ്ടിയിരുന്ന നടൻ പരേഷ് റാവൽ പിന്മാറിയത് വലിയ വാർത്തയായിരുന്നു. ചിത്രത്തിന്റെ ടീസര്‍ ചിത്രീകരിക്കുകയും പ്രതിഫലത്തിന്റെ ആദ്യഗഡു കൈപ്പറ്റുകയും ചെയ്ത ശേഷമായിരുന്നു പരേഷ് റാവല്‍ പിന്മാറ്റം പ്രഖ്യാപിച്ചത്. നിർമാതാക്കളുമായുള്ള നിയമപോരാട്ടം നടക്കവേ ചിത്രത്തിൽ അഭിനയിച്ചേക്കുമെന്ന് പരേഷ് പറഞ്ഞിരുന്നു. ഇപ്പോൾ ചിത്രത്തിലേക്ക് താരം തിരിച്ചെത്തിയെന്ന് അറിയിച്ചിരിക്കുകയാണ് പ്രിയദർശൻ.

മിഡ് ഡേയുമായുള്ള അഭിമുഖത്തിലാണ് പരേഷ് റാവലിനെ തിരിച്ചെത്തിച്ച വൈകാരികവും അപ്രതീക്ഷിതവുമായ സംഭവവികാസങ്ങളെക്കുറിച്ച് പ്രിയദർശൻ തുറന്നുപറഞ്ഞത്. പരേഷ് റാവലും ചിത്രത്തിന്റെ നിർമാതാവും പ്രധാന നടന്മാരിലൊരാളുമായ അക്ഷയ് കുമാറും വിളിച്ച് എല്ലാം ശരിയായെന്ന് പറഞ്ഞെന്ന് പ്രിയദർശൻ വെളിപ്പെടുത്തി. ഹേരാ ഫേരി-3 ചെയ്യുന്നുവെന്ന് പരേഷ് റാവൽ പറഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും സംവിധായകൻ പറഞ്ഞു.

"എന്നോട് ബഹുമാനം അല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്ന് പരേഷ് വിളിച്ച് പറഞ്ഞു. ഞാൻ നിങ്ങളോടൊപ്പം 26 സിനിമകൾ ചെയ്തിട്ടുണ്ട്, പിന്മാറിയതിന് ഞാൻ ക്ഷമ ചോദിക്കുന്നു. ചില വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. താനും അക്ഷയും സുനിലും കണ്ടുമുട്ടി കാര്യങ്ങൾ സംസാരിച്ച് തെറ്റിദ്ധാരണകൾ നീക്കിയെന്നും അദ്ദേഹം പറഞ്ഞു." പ്രിയദർശന്റെ വാക്കുകൾ.

രാജു, ശ്യാം, ബാബുറാവു എന്നീ മൂന്ന് കഥാപാത്രങ്ങൾക്കും ഈ ഫ്രാഞ്ചൈസിയിൽ എത്രത്തോളം നിർണായക പ്രാധാന്യമുണ്ടെന്ന് പ്രിയദർശൻ ഊന്നിപ്പറഞ്ഞു. "ഞാൻ എന്ത് ചെയ്താലും ഹേരാ ഫേരിയെ മറികടക്കാൻ എനിക്കാവില്ല. രണ്ടാം ഭാഗം മോശമായിരുന്നു - അതൊരു ഹോളിവുഡ് സിനിമയുടെ കോപ്പിയായിരുന്നു. എന്നാൽ മൂവരെയും കൂടാതെ ഹേരാ ഫേരി സംഭവിക്കില്ല. വാസ്തവത്തിൽ, ഒരിക്കൽ ഒരു വിമാനത്തിൽ വെച്ച് ഒരു വജ്ര വ്യാപാരി എന്നെ സമീപിച്ചിട്ട് പരേഷ് റാവലിനെ സിനിമയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നും അല്ലാത്തപക്ഷം ഈ സിനിമ കാണില്ലെന്നും പറഞ്ഞു." അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തേ പരേഷ് റാവലിന്റെ പിന്മാറ്റത്തിനുപിന്നാലെ അക്ഷയ് കുമാറിന്റെ നിര്‍മാണക്കമ്പനി 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഈ പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഒന്നുമില്ലെന്ന് പരേഷ് റാവല്‍ കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചു. പ്രിയദര്‍ശനും അക്ഷയ് കുമാറും സുനില്‍ ഷെട്ടിയും തന്റെ കാലങ്ങളായുള്ള സുഹൃത്തുക്കളാണെന്നും പരേഷ് റാവല്‍ വ്യക്തമാക്കി. അടുത്തവര്‍ഷം ജനുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.

Content Highlights: Paresh Rawal rejoins Akshay Kumar & Suniel Shetty successful Hera Pheri 3, Director Priyadarshan confirms

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article