‘പറഞ്ഞ ഡീൽ ഓകെ അല്ലെന്ന് തോന്നുന്നു’: ഫീൽഡിങ്ങിനിടെ ശ്രേയസ് അയ്യരും ആകാശ് അംബാനിയും തമ്മിൽ ചർച്ച, വ്യാപക ട്രോൾ– വിഡിയോ

7 months ago 8

ഓൺലൈൻ ഡെസ്‌ക്

Published: May 27 , 2025 12:36 PM IST

1 minute Read

മത്സരത്തിനിടെ ശ്രേയസ് അയ്യരും ആകാശ് അംബാനിയും സംസാരിക്കുന്ന ദൃശ്യം (എക്സിൽ നിന്ന്)
മത്സരത്തിനിടെ ശ്രേയസ് അയ്യരും ആകാശ് അംബാനിയും സംസാരിക്കുന്ന ദൃശ്യം (എക്സിൽ നിന്ന്)

ജയ്പുർ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഇന്നലെ നടന്ന നിർണായക മത്സരത്തിനിടെ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യരും മുംബൈ ഇന്ത്യൻസ് ടീം ഉടമ ആകാശ് അംബാനിയും തമ്മിൽ ‘ചർച്ച’. മത്സരത്തിനിടെ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന അയ്യരും ആകാശ് അംബാനിയും തമ്മിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരമാണ് ലഭിച്ചത്. ‘മത്സരത്തിനിടെ അയ്യരെ വിലയ്‌ക്കെടുക്കാൻ ആകാശ് അംബാനി ശ്രമിക്കുന്നു’വെന്ന തരത്തിൽ വരെ ട്രോളുകളും വ്യാപകമായി പ്രചരിച്ചു.

രാജസ്ഥാൻ റോയൽസിന്റെ തട്ടകമായ ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിലായിരുന്നു പഞ്ചാബ് കിങ്സ് – മുംബൈ ഇന്ത്യൻസ് മത്സരം. മുംബൈ ഇന്ത്യൻസിന്റെ മത്സരവേദികളിൽ ഗ്രൗണ്ടിനോട് ചേർന്നാണ് ടീം ഉടമകളായ നിത അംബാനിയും ആകാശ് അംബാനിയും ഇരിക്കാറുള്ളത്. സവായ് മാൻസിങ് സ്റ്റേഡിയത്തിലും ഇത്തരത്തിൽ ഗ്രൗണ്ടിനോടു ചേർന്നുള്ള ഇരിപ്പിടത്തിൽവച്ചാണ് ആകാശ് അംബാനി, ബൗണ്ടറി ലൈനിൽ നിൽക്കുകയായിരുന്ന ശ്രേയസ് അയ്യരുമായി സംസാരിച്ചത്.

മത്സരത്തിൽ മുംബൈ ബാറ്റു ചെയ്യുന്നതിനിടെ 18–ാം ഓവറിലായിരുന്നു ‘ചർച്ച’. മുംബൈ താരം സൂര്യകുമാർ യാദവ് ഒരറ്റത്ത് നങ്കൂരമിട്ട് ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കാനുള്ള ശ്രമത്തിലായിരുന്നു അപ്പോൾ. ഇതിനിടെ ബൗണ്ടറി ലൈനിലെ പരസ്യബോർഡുൾക്കു മീതെ കുനിഞ്ഞുനിന്ന് അയ്യർ ആകാശ് അംബാനിയോട് സംസാരിക്കുന്നതാണ് ദൃശ്യങ്ങളിൽ.  ഇരുവരും എന്തിനെക്കുറിച്ചാണ് സംസാരിച്ചതെന്ന് വ്യക്തമല്ലെങ്കിലും, ആരാധകർ അവർക്കിഷ്ടമുള്ള തരത്തിലെല്ലാം ചർച്ചയെ വ്യാഖ്യാനിക്കുകയായിരുന്നു.

മത്സരത്തിൽ ഏഴു വിക്കറ്റിനാണ് പഞ്ചാബ് കിങ്സ് മുംബൈയെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടിയപ്പോൾ 18.3 ഓവറിൽ പഞ്ചാബ് ലക്ഷ്യം കണ്ടു. അർധ സെ‍ഞ്ചറിയുമായി തിളങ്ങിയ ജോഷ് ഇൻഗ്ലിസ് (42 പന്തിൽ 73), പ്രിയാംശ് ആര്യ (35 പന്തിൽ 62) എന്നിവരാണ് പഞ്ചാബിന് അനായാസ ജയം സമ്മാനിച്ചത്. ജയത്തോടെ പഞ്ചാബ് ക്വാളിഫയർ 1ൽ കടന്നു. 14 മത്സരങ്ങളിൽ 19 പോയിന്റുമായി പഞ്ചാബാണ് നിലവിൽ ഒന്നാമത്. ഇന്നത്തെ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു വൻ മാർജിനിൽ ജയിച്ചാൽ മാത്രമേ പഞ്ചാബിന്റെ ഒന്നാം സ്ഥാനത്തിനു ഭീഷണിയുള്ളൂ.

English Summary:

Akash Ambani tries to chat with Shreyas Iyer mid-match, PBKS captain's absorption goes viral successful societal media

Read Entire Article