സ്വന്തം ലേഖിക
09 August 2025, 06:07 PM IST

ലിസ്റ്റിൻ സ്റ്റീഫൻ, സാന്ദ്രാ തോമസ് | ഫോട്ടോ: Facebook
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ് അടുത്തതോടെ അംഗങ്ങൾ തമ്മിലുള്ള പോര് കനക്കുന്നു. ലിസ്റ്റിൻ സ്റ്റീഫനെതിരേ താൻ പറഞ്ഞ ഏതെങ്കിലുമൊരു കാര്യം നുണയാണെന്ന് തെളിയിച്ചാൽ ചലച്ചിത്രമേഖല വിട്ടുപോകാൻ തയ്യാറാണെന്ന് സാന്ദ്രാ തോമസ് പറഞ്ഞു. മറിച്ച് താൻ ഉന്നയിക്കുന്ന കാര്യങ്ങൾ തെളിഞ്ഞാൽ ലിസ്റ്റിൻ ഇൻഡസ്ട്രി വിട്ട് പോകാൻ തയ്യാറാകുമോയെന്നും സാന്ദ്രാതോമസ് വെല്ലുവിളിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ യോഗ്യയാണെന്നും അസോസിയേഷന്റെ ട്രഷറർ ആയിരിക്കുന്ന ലിസ്റ്റിന് ഇതിന്റെ ബൈലോയെ കുറിച്ച് യാതൊരുവിധ ധാരണയും ഇല്ലാത്തതുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തിയതെന്നും സാന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആദ്യം പർദ്ദ ധരിച്ചെത്തി, രണ്ടാമത് വന്നപ്പോൾ പർദ്ദ കിട്ടിയില്ലേയെന്നും സാന്ദ്രാ തോമസിന്റേത് വെറും ഷോ ആണെന്ന ലിസ്റ്റിന്റെ പരാമർശത്തിനെതിരേയായിരുന്നു സാന്ദ്രയുടെ പ്രതികരണം.
പർദ്ദ ധരിച്ച് യോഗത്തിന് പോയത് എന്റെ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ്. സംഘടനയിലെ പ്രവർത്തനങ്ങൾക്കെതിരേയുള്ള എന്റെ പ്രതിഷേധമായിരുന്നു അത്. എന്നാൽ വരണാധികാരിയും മാധ്യമങ്ങളുമുള്ള മറ്റൊരു പൊതുവേദിയിൽ പർദ്ദ ധരിച്ച് പോകണമായിരുന്നുവെന്നാണോ ലിസ്റ്റിൻ പറയുന്നതെന്നും സാന്ദ്രാതോമസ് ചോദിച്ചു.
സാങ്കേതിക കാരണം വെറുതേ പറഞ്ഞുകൊണ്ടാണ് എന്റെ പത്രിക തള്ളിയത്. അസോസിയേഷന്റെ ട്രഷറർ ആയിരിക്കുന്ന ലിസ്റ്റിന് ഇതിന്റെ ബൈലോയെ കുറിച്ച് യാതൊരുവിധ ധാരണയും ഇല്ലാത്തതുകൊണ്ടാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. അസോസിയേഷനിലെ സ്ഥിരം അംഗമായ ഏതൊരു വ്യക്തിക്കും അവരുടെ പേരിൽ സെൻസർ ചെയ്ത മൂന്നോ അത് അധികമോ ചിത്രങ്ങൾ ഉണ്ടെങ്കിൽ സുപ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ യോഗ്യതയുണ്ടെന്ന് ബൈലോയിലെ ഇരുപത്തിമൂന്നാം നമ്പറായി വ്യക്തമാക്കുന്നുണ്ട്. വ്യക്തിയെന്നാണ് പറയുന്നത്. അല്ലാതെ ഏതെങ്കിലും ബാനറിൽ അല്ല. ലിസ്റ്റിന് അസോസിയേഷന്റെ തലപ്പത്ത് കയറി ഇരിക്കുന്നു എന്നല്ലാതെ പല കാര്യങ്ങളെ കുറിച്ചും ധാരണയില്ല.- സാന്ദ്രാ തോമസ് പറഞ്ഞു.
ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് എല്ലാവരേയും നശിപ്പിക്കാൻ ശ്രമിക്കുന്ന കാര്യങ്ങളാണ് താൻ ചൂണ്ടിക്കാട്ടിയതും തുറന്നു പറഞ്ഞതും. ചെറിയ നിർമാതാക്കളെ മുതൽ ടെക്നീഷ്യൻമാരെ വരെ ബാധിക്കുന്ന പ്രശ്നമാണ്. ഇത്തരം പ്രവർത്തനങ്ങളാണ് ലിസ്റ്റിൻ നടത്തിക്കൊണ്ടിരിക്കുന്നതും. ലിസ്റ്റിൻ വട്ടിപ്പലിശക്കാരനാണ് എന്നാണ് ഞാൻ പറഞ്ഞത്. അത് ലിസ്റ്റിൻ തന്നെ എല്ലാ മാധ്യമങ്ങളുടെ മുന്നിലും തുറന്നു സമ്മതിച്ചതാണ്-സാന്ദ്ര പറഞ്ഞു.
സാന്ദ്രയുടേത് വെറും ഷോ ആണെന്നും ആദ്യം അസോസിയേഷനിലേക്ക് പർദ്ദ ധരിച്ച് വന്നു. രണ്ടാമത് വന്നപ്പോൾ എന്താ പർദ്ദ കിട്ടിയില്ലേ എന്നുമാണ് ലിസ്റ്റിൻ ചോദിച്ചത്. തിരഞ്ഞെടുപ്പിൽ സാന്ദ്രയുടെ പത്രിക തള്ളിയതിന് പിന്നാലെയായിരുന്നു ഈ പ്രതികരണം. സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് തന്നെയാണ് തങ്ങളുടെ ആഗ്രഹം. എന്നാല്‍ മത്സരിക്കരുതെന്ന് പറയുന്നത് ബൈലോ ആണ്. മത്സരിക്കാമെന്ന് കോടതി പറയുകയാണെങ്കില്‍ എതിര്‍പ്പൊന്നും ഇല്ല. സാന്ദ്രയുടെ പേരിലുള്ള സിനിമകൾ പാർട്ണർഷിപ്പ് ആണ്. സാന്ദ്രയുടെ പ്രൊഡക്ഷൻ ഹൗസിന്റെ പേരിലുള്ള സെൻസർ സർട്ടിഫിക്കറ്റ് ആണ് വേണ്ടത്. അത് ആകെ രണ്ടെണ്ണമേ ഉള്ളൂ. തന്റെ സിനിമയിൽ നിന്നും മമ്മൂട്ടി പിന്മാറി എന്ന് സാന്ദ്ര വിളിച്ച് പറയുന്നു. മമ്മൂട്ടിയെ പോലും വെറുതെ വിഷയത്തിലേക്ക് കൊണ്ടുവന്നു എന്നുമായിരുന്നു ലിസ്റ്റിന്റെ പ്രതികരണം.
Content Highlights: shaper sandra thomas slams listin stephen, producers relation election
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·