.jpg?%24p=139e350&f=16x10&w=852&q=0.8)
എം. ജയചന്ദ്രൻ, രാജീവ് ആലുങ്കൽ | ഫോട്ടോ: മാതൃഭൂമി
ബീയാര്‍ പ്രസാദിനും വയലാര്‍ ശരത്ചന്ദ്രവര്‍മയ്ക്കും അവസരം നിഷേധിച്ചുവെന്ന ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ ആരോപണത്തോട് പ്രതികരിച്ച് സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്‍. ആരുടേയും അവസരം കളയാന്‍ കഴിവുള്ള ആളല്ല താനെന്ന് ജയചന്ദ്രന്‍ പറഞ്ഞു. രാജീവ് പറയുന്നത് കള്ളമാണ്. കള്ളം പറയുന്നതില്‍ രാജീവ് ആലുങ്കലിന് ഡോക്ടറേറ്റ് നല്‍കണമെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജയചന്ദ്രന്‍ പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് നടന്ന ബീയാര്‍ പ്രസാദ് അനുസ്മരണത്തിലാണ് രാജീവ് ആലുങ്കല്‍ ജയചന്ദ്രനെതിരേ ആരോപണം ഉന്നയിച്ചത്.
'കള്ളത്തരം പറയുന്നതില്‍ ഡോക്ടറേറ്റ് ഉണ്ടെങ്കില്‍ അത് രാജീവ് ആലുങ്കലിന് കൊടുക്കണം. ബീയാര്‍ പ്രസാദേട്ടനുമായി ഒരിക്കല്‍ പോലും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ല. രണ്ടുസിനിമകളിലാണ് ബീയാര്‍ പ്രസാദേട്ടന്റെ പേര് എന്നോട് പറഞ്ഞിട്ടുള്ളത്. ആ രണ്ട് സിനിമയിലും അദ്ദേഹം തന്നെയാണ് പാട്ടെഴുതിയത്. ഒരു സിനിമയില്‍ പാട്ടെഴുതാന്‍ വന്നിട്ട് രണ്ടുമൂന്നുദിവസം ശ്രമിച്ചശേഷം അദ്ദേഹം തന്നെയാണ് എന്നോട്, 'കുട്ടാ ഞാനിത് ചെയ്യുന്നില്ല, ഞാന്‍ ചെയ്തിട്ട് ശരിയാവുന്നില്ല', എന്ന് പറഞ്ഞത്. ഞാന്‍ പ്രസാദേട്ടനോട്, 'ഒന്നുകൂടെ ശ്രമിക്കാം ഞാന്‍ കൂടെയുണ്ടല്ലോ', എന്ന് പറഞ്ഞു. അദ്ദേഹം തന്നെ എഴുതണം എന്ന് നിര്‍ബന്ധിച്ച് ഞാന്‍ കൂടെ നിന്ന് ആ സിനിമയില്‍ അദ്ദേഹം പാട്ടെഴുതി. 'ബംഗ്ലാവില്‍ ഔത' എന്ന സിനിമയാണത്. അതിന്റെ സത്യങ്ങള്‍ ചിത്രത്തിന്റെ സംവിധായകന്‍ ശാന്തിവിള ദിനേശേട്ടനും അറിയാം. വലിയൊരു കള്ളമാണ് രാജീവ് ആലുങ്കല്‍ പറഞ്ഞത്', ജയചന്ദ്രന്‍ വിശദീകരിച്ചു.
'രാജീവുമായി ഏറ്റവും കൂടുതല്‍ സിനിമകളില്‍ പ്രവര്‍ത്തിച്ച സംഗീതസംവിധായകന്‍ ഞാനായിരിക്കും. അയാളുടെ കഴിവ് മനസിലാക്കി കൂടെക്കൂട്ടി. അനിയനെപ്പോലെ കൈപിടിച്ചുനടന്നു. എപ്പോള്‍ വന്നാലും ചേട്ടാ എന്ന് പറഞ്ഞ് എന്റെ കാലില്‍ വന്ന് നമസ്‌കരിക്കുന്ന ആളാണ്. അതാണ് രാജീവ് ആലുങ്കല്‍. ഒരു അനിയന്‍ ചേട്ടനോട് ചെയ്യാവുന്ന ഏറ്റവും വലിയ തെറ്റാണ് രാജീവ് ചെയ്തത് എന്നാണ് എനിക്ക് തോന്നിയത്. സ്വന്തമായി എന്തെങ്കിലും പറയാന്‍വേണ്ടി കള്ളത്തരം വിളമ്പുന്നത് ഒരാളെ ഇന്ന് അല്ലെങ്കില്‍ നാളെ തിരിച്ചറിയിക്കുന്ന കാര്യമായിരിക്കും. രാജീവ് ആലുങ്കലില്‍നിന്ന് ഞാനിത് പ്രതീക്ഷിച്ചതല്ല. ഇതുവരെ ഇതിനെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നില്ല', ജയചന്ദ്രന്‍ പറഞ്ഞു.
'രാജീവ് പറഞ്ഞ ഒരു കാര്യവും ഞാന്‍ ചെയ്തിട്ടുള്ളതല്ല. മലയാള സിനിമയില്‍ ആര് പാട്ടെഴുതണം എന്ന് തീരുമാനിക്കുന്നത് ഒരു എം. ജയചന്ദ്രനല്ല. ഒരുപാട് സംഗീതസംവിധായകരിലും നിര്‍മാതാക്കളിലും സംവിധായകരിലും കേവലം ഒരാള്‍ മാത്രമാണ് ഞാന്‍. രാജീവ് എഴുതണോ വേണ്ടയോ എന്നുള്ളത് ഞാനല്ല തീരുമാനിക്കുന്നത്. എനിക്ക് തീരുമാനിക്കാന്‍ കഴിയുന്ന ഇടങ്ങള്‍ വന്നപ്പോള്‍, ഗിരീഷേട്ടന്‍ ഉള്ളപ്പോള്‍ പോലും രാജീവിനെ വിളിക്കണം അയാളുടെ കഴിവിനെ അംഗീകരിക്കണം എന്ന് പറഞ്ഞ ആളാണ് ഞാന്‍', അദ്ദേഹം ഓര്‍മിപ്പിച്ചു.
'വയലാര്‍ ശരത്തേട്ടനെ ഞാന്‍ വിളിച്ചു. എപ്പോഴാണ് ഞാന്‍ ചേട്ടന്റെ അവസരം കളഞ്ഞത് എന്ന് അദ്ദേഹത്തോട് ചോദിച്ചു. വിട്ടേക്ക് കുട്ടാ, രാജീവ് അങ്ങനെ പല സമയങ്ങളിലും പലതും പറയും വിട്ടേക്ക് എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഇതിലൊന്നും സത്യമില്ലെന്ന് മാത്രമല്ല, മൊത്തം കള്ളത്തരമാണ്. ഒരു ജനതയെ കള്ളംപറഞ്ഞ് വിശ്വസിപ്പ് സ്വന്തം സൈഡിലേക്ക് നിര്‍ത്തുക എന്ന അതിനേക്കാള്‍ വലിയ കള്ളത്തരത്തിന്റെ ഭാഗമാണ്. ശ്രീകുമാരന്‍ തമ്പി, ദേവരാജന്‍ എന്നൊക്കെയാണ് ആ പ്രസംഗത്തില്‍ പറയുന്നത്. രാജീവ് മടിയിലിരുത്തി പേരിട്ടതാണെന്ന് തോന്നും ദേവരാജന്‍ മാസ്റ്ററേയും ശ്രീകുമാരന്‍ തമ്പിയേയുമൊക്കെ. രാജീവ് ഇങ്ങനെ അല്ലായിരുന്നു. രാജീവിന് എന്തുപറ്റി എന്ന് രാജീവ് തന്നെ സ്വന്തമായി ആലോചിച്ച് ട്രീറ്റ്‌മെന്റ് നടത്തണം', ജയചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ജയചന്ദ്രനെതിരായ രാജീവ് ആലുങ്കലിന്റെ ആരോപണങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ബീയാര്‍ പ്രസാദിന്റേയും വയലാര്‍ ശരത്ചന്ദ്രവര്‍മയുടേയും അവസരങ്ങള്‍ ജയചന്ദ്രന്‍ നഷ്ടപ്പെടുത്തി എന്നായിരുന്നു രാജീവിന്റെ ആരോപണം. 'ചിലര്‍ ചിലരെ വളരാന്‍ അനുവദിക്കില്ല. അതിന്റെ ഫസ്റ്റ് ആള്‍ എം. ജയചന്ദ്രനാണ്. 20 പടത്തില്‍ പാട്ടെഴുതാന്‍ വന്നപ്പോള്‍ ബീയാര്‍ പ്രസാദിനെ നിഷ്‌കരുണം പറഞ്ഞയച്ച ഒരാളുടെ പേരാണ് എം. ജയചന്ദ്രന്‍. വയലാര്‍ ശരത്ചന്ദ്രവര്‍മയെ 12-ഓളം പടത്തില്‍നിന്ന് അദ്ദേഹം പറഞ്ഞയച്ചിട്ടുണ്ട്', എന്നായിരുന്നു രാജീവ് ആലുങ്കലിന്റെ വാക്കുകള്‍.
Content Highlights: M. Jayachandran refutes Rajeev Alunkal`s claims of denying opportunities
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·