പറഞ്ഞുവിട്ടാൽ കോടികൾ കൊടുക്കണം; താല്‍പര്യമില്ലാതിരുന്നിട്ടും മുൻ താരത്തെ പരിശീലകനാക്കി പാക്കിസ്ഥാൻ

6 months ago 6

മനോരമ ലേഖകൻ

Published: July 19 , 2025 08:15 PM IST

1 minute Read

CRICKET-PAK-COACH
പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‍വിയും പരിശീലകൻ അസർ മഹ്മൂദും. Photo: Arif ALI / AFP

ലഹോർ∙ താൽപര്യമില്ലാതിരുന്നിട്ടും പാക്കിസ്ഥാന്റെ ഇടക്കാല ടെസ്റ്റ് ടീം പരിശീലകൻ അസർ മഹ്മൂദിനെ ക്രിക്കറ്റ് ബോർഡ് പറഞ്ഞു വിടാത്തത് വന്‍ തുക നഷ്ടപരിഹാരം നൽകേണ്ടതു ഭയന്നിട്ടെന്നു വെളിപ്പെടുത്തൽ. അസറിനെ കരാർ കാലാവധി തീരുംമുൻപേ പുറത്താക്കണമെങ്കിൽ ഇന്ത്യൻ രൂപയിൽ ഏകദേശം 1.38 കോടി നൽകണമെന്നാണു ധാരണ. ഇതു നൽകാൻ സാധിക്കാത്തതിനാലാണ് അസര്‍ മഹ്മൂദ് ഇപ്പോഴും പരിശീലക സ്ഥാനത്തു തുടരുന്നതെന്ന് പാക്ക് ബോര്‍ഡുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതികരിച്ചു. 

അടുത്ത വർഷം മേയ് വരെ അസർ മഹ്മൂദിന് പിസിബിയുമായി കരാറുണ്ട്. മാനേജ്മെന്റിനു താൽപര്യമില്ലെങ്കിലും കരാർ നിലനിൽക്കുന്നതിനാൽ അസർ മഹ്മൂദിനെ ടെസ്റ്റ് ടീമിന്റെ പരിശീലകനായി പ്രഖ്യാപിക്കുകയായിരുന്നു. 22 ലക്ഷം രൂപയിലേറെയാണ് മഹ്മൂദിന് മാസ ശമ്പളം. ഏകദിന, ട്വന്റി20 ടീമുകളുടെ പരിശീലകനായി മൈക്ക് ഹെസന്‍ ചുമതലയേറ്റതോടെയാണ് പാക്ക് ടീമിൽ പുതിയ പ്രശ്നങ്ങളുടെ തുടക്കം. 

സ്വന്തമായി സപ്പോർട്ട് സ്റ്റാഫുകൾ ഉണ്ടെന്നും തന്റെ ടീമിൽ അസർ മഹ്മൂദിന്റെ ആവശ്യമില്ലെന്നും മൈക്ക് ഹെസൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ പാക്ക് ബോർഡ് പ്രതിസന്ധിയിലായി. താൽക്കാലിക പരിഹാരം എന്ന രീതിയിലാണ് അസറിന് ടെസ്റ്റ് പരിശീലക സ്ഥാനം നൽകിയത്. ജൂനിയർ ടീമിനെ പരിശീലിപ്പിക്കാൻ അസർ മഹ്മൂദിനോട് ആവശ്യപ്പെട്ടെങ്കിലും അതു പറ്റില്ലെന്ന് മുൻ പാക്ക് താരം പറഞ്ഞതും പിസിബിയെ വെട്ടിലാക്കി.

English Summary:

Fearing Rs 1.38 Crore Payment, Pakistan Cricket Board Hesitant To Release Coach Azhar Mahmood

Read Entire Article