പറയുന്നതെല്ലാം തെറ്റായി വ്യാഖ്യാനിക്കുന്നു; മഹാഭാരതത്തിനുശേഷം അഭിനയം നിര്‍ത്തില്ല -ആമിര്‍ ഖാന്‍

7 months ago 9

ഹാഭാരതം സിനിമയ്ക്കുശേഷം അഭിനയം നിര്‍ത്തുന്നു എന്നതരത്തില്‍ പ്രചരിച്ച അഭ്യൂഹങ്ങള്‍ തള്ളി ആമിര്‍ ഖാന്‍. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍ നിന്നാണ് ഈ ഊഹാപോഹങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് ആമിര്‍ പറയുന്നു. ഈ ഘട്ടത്തില്‍ അഭിനയത്തില്‍ നിന്ന് പിന്മാറാന്‍ തനിക്ക് പദ്ധതികളൊന്നുമില്ലെന്ന് നടന്‍ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആമിര്‍ പ്രതികരിച്ചത്.

'മഹാഭാരതം എന്റെ അവസാന സിനിമയായിരിക്കില്ല,' ആമിര്‍ പറഞ്ഞു. എന്ത് പറഞ്ഞാലും അതിന് തെറ്റായ അര്‍ത്ഥം എപ്പോഴും വരുമെന്നുള്ളതാണ് ഇപ്പോഴത്തെ പ്രശ്‌നം. നിങ്ങള്‍ ഒരു സിനിമ ചെയ്യുകയാണെങ്കില്‍, അത് ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് ഇനി ഒരു ജോലിയും ചെയ്യേണ്ടെന്ന് തോന്നുന്ന ഒരു സിനിമയുണ്ടെങ്കില്‍, അത് ഏതാണെന്നാണ് എന്നോട് ചോദിച്ചത്. ആ സാഹചര്യത്തിലാണ് ഞാന്‍ അതിന് മഹാഭാരതമാണെന്ന് മറുപടി നല്‍കിയത്. പക്ഷേ എന്റെ അവസാന സിനിമയെന്ന് ആളുകള്‍ കരുതി. ഉത്തരം ശ്രദ്ധയോടെ കേള്‍ക്കണമായിരുന്നു.'- ആമിര്‍ പറയുന്നു.

രാജ് ഷമാനിക്കുള്ള പോഡ്കാസ്റ്റ് അഭിമുഖത്തില്‍ തന്റെ സ്വപ്ന പദ്ധതിയായ മഹാഭാരതത്തെക്കുറിച്ച് ആമിര്‍ സംസാരിച്ചിരുന്നു, അതാണ് വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. 'മഹാഭാരതം നിര്‍മ്മിക്കുക എന്നത് എന്റെ സ്വപ്നമാണ്, ജൂണ്‍ 20-ന് 'സിത്താരെ സമീന്‍ പര്‍' റിലീസ് ചെയ്തതിന് ശേഷം ഞാന്‍ അതിന്റെ ജോലികള്‍ ആരംഭിക്കും. അത് ചെയ്തുകഴിഞ്ഞാല്‍ എനിക്ക് മറ്റൊന്നും ചെയ്യാനില്ലെന്ന തോന്നല്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള ഒരു പ്രോജക്റ്റാണെന്ന് ഞാന്‍ കരുതുന്നു. കാരണം അതിന്റെ വിഷയം അങ്ങനെയുള്ളതാണ് - അത് ബഹുതല സ്പര്‍ശിയായതും, വൈകാരികവും, വിശാലമായ വ്യാപ്തിയുള്ളതും, ഗംഭീരവുമാണ്. ലോകത്തില്‍ നിലനില്‍ക്കുന്നതെല്ലാം മഹാഭാരതത്തില്‍ കാണാം.' ആമിര്‍ ഇങ്ങനെയാണ് അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

നിലവില്‍, ആമിര്‍ തന്റെ അടുത്ത സിനിമയായ 'സിത്താരെ സമീന്‍ പര്‍'ന്റെ റിലീസിനായുള്ള ഒരുക്കത്തിലാണ്. ജൂണ്‍ 20-ന് ഈ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

Content Highlights: Aamir Khan Denies Retirement After Mahabharata

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article