പറിക്കാൻ മാങ്ങ, മുറിക്കാൻ മരം, കളിക്കാൻ മെസി, പറ്റിക്കാൻ മലയാളി; മെസി വിവാദത്തിൽ സ്പോൺസർ കമ്പനിയെ പരിഹസിച്ച് ജോയ് മാത്യു

1 month ago 7

മെസിയെയും അർജന്റീന ഫുട്‌ബോൾ ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടിൽ ദുരൂഹത ആരോപിക്കപ്പെടുന്നതിനിടെ സ്പോൺസർ കമ്പനിയെ പരിഹസിച്ച് നടൻ ജോയ് മാത്യു. സ്പോൺസർ പ്രതിയായ മുട്ടിൽ മരംമുറി കേസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ സൂചിപ്പിച്ചാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘പറിക്കാൻ മാങ്ങ, മുറിക്കാൻ മരം, കളിക്കാൻ മെസി, പറ്റിക്കാൻ മലയാളി’ എന്നാണ് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്. മെസിയെ കേരളത്തിലെത്തിക്കുമെന്ന് അവകാശപ്പെട്ട് നടന്ന ഇടപാടിൽ കോടികളുടെ തട്ടിപ്പ് നടന്നതായി സൂചിപ്പിക്കുന്ന സംസ്ഥാന കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പോസ്റ്റ്.

മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആരുമായും കരാറിൽ ഏർപ്പെട്ടതിന്റെ രേഖകളില്ലെന്നും സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷനും സർക്കാരും തമ്മിൽ കരാറുണ്ടായിരുന്നില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു നീക്കത്തിന് ആവശ്യമായ നിയമസാധുത ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ കണ്ടെത്തലുണ്ടായിരുന്നു.

അതേസമയം, സ്പോൺസർ പ്രതിയായ മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. ഈ സംഭവവും മെസി കേരള സന്ദർശന വിവാദവും ബന്ധിപ്പിച്ചാണ് ജോയ് മാത്യുവിന്റെ പരിഹാസ പോസ്റ്റ്.

Read Entire Article