
കതിരും ഹക്കീം ഷാജഹാനും 'മീശ' ട്രെയ്‌ലറിൽ | Photo: Screen grab/ YouTube: Saregama Malayalam
രണ്ടുസുഹൃത്തുക്കള്‍. അവരുടെ സൗഹൃദം. അധികാരത്തിന്റേയും രാഷ്ട്രീയത്തിന്റേയും ഇടപെടല്‍ സൗഹൃദത്തിലുണ്ടാക്കുന്ന വിള്ളല്‍. പക, പ്രതികാരം. ആണ്‍ അഹന്തയും അധികാരരാഷ്ട്രീയവും അരികുവത്കരിക്കുന്ന ജീവിതങ്ങള്‍. ആണ്‍സൗഹൃദങ്ങളുടെ വ്യത്യസ്തമായ ആഖ്യാനമാണ് എംസി ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'മീശ'. പ്രമേയവും രാഷ്ട്രീയവും കഥപറച്ചില്‍ രീതിയുംകൊണ്ട് തീയേറ്ററില്‍ മികച്ച സിനിമാ അനുഭവം സമ്മാനിക്കുകയാണ് 'ചിത്രം'.
കതിര്‍, ഹക്കിം ഷാജഹാന്‍, ഷൈന്‍ ടോം ചാക്കോ, ജിയോ ബേബി, ശ്രീകാന്ത് മുരളി, ഉണ്ണിലാലു, ഹസ്ലി എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'പരിയേറും പെരുമാള്‍' എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ കതിരിന്റെ ആദ്യമലയാള ചിത്രമാണ് 'മീശ'. വനത്തിന്റെ നിഗൂഢത പശ്ചാത്തലമാക്കിയാണ് ചിത്രം കഥ പറയുന്നത്. മുറിവേറ്റ ഭൂതകാലമുള്ള സുഹൃത്തുക്കള്‍ ദീര്‍ഘകാലത്തിനുശേഷം വീണ്ടും ഒരുമിക്കുന്നതും അതിന് മുമ്പും ശേഷവുമുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിലുള്ളത്.
അനന്ദു, മിഥുന്‍, ഇമോദ് എന്നീ സുഹൃത്തുക്കളുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടുനീങ്ങുന്നത്. പേരിന്റെ അറ്റത്ത് ജാതിവാലില്ലാത്ത ഒരാളായിരുന്നു തന്റെ പിതാവെങ്കില്‍ സര്‍ക്കാര്‍ ജോലി ലഭിക്കുമായിരുന്നുവെന്ന് പറയുന്ന കഥാപാത്രമായാണ് അനന്ദു ആദ്യം പ്രേക്ഷന്റെ മുന്നിലേക്ക് എത്തുന്നത്. ഹക്കീം ഷാജഹാനാണ് അനന്ദു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുധി കോപ്പയാണ് ഇമോദായി എത്തുന്നത്. നഗരസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ആഗ്രഹിക്കുന്ന പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകനാണ് ഇമോദ്. ചിത്രത്തിന്റെ ആദ്യ മിനിറ്റുകളില്‍ പരിചയപ്പെടുത്തുന്ന മറ്റൊരു പ്രധാന കഥാപാത്രം ഷൈന്‍ ടോം ചാക്കോയുടെ കിത്തോ ആണ്. വ്യത്യസ്ത പശ്ചാത്തലമെങ്കിലും സാമൂഹിക വീക്ഷണത്തില്‍ അനന്ദുവിന്റെ അതേ നിലപാടുകളാണ് കിത്തോയ്ക്കുമെന്ന് ആദ്യമിനിറ്റുകളില്‍ തന്നെ സംവിധായകന്‍ സ്ഥാപിക്കുന്നുണ്ട്.
കതിരാണ് മിഥുനായി എത്തുന്നത്. പ്രധാനപ്പെട്ട ഏതാണ്ടെല്ലാ കഥാപാത്രങ്ങളേയും ആദ്യമിനിറ്റുകളില്‍ തന്നെ പരിചയപ്പെടുത്തുന്ന സംവിധായകന്‍, കഥ വികസിച്ച് ഒരുഘട്ടമെത്തുന്നതുവരെ മിഥുനിനെ ഒളിപ്പിച്ചുവെക്കുന്നുണ്ട്. ഫ്‌ളാഷ് ബാക്കുകളിലൂടേയാണ് ആദ്യം മിഥുനിനെ പരിചയപ്പെടുത്തുന്നത്. കഥാപാത്രത്തിന് ചുറ്റും നിഗൂഢമായ എന്തോ ഒന്നുണ്ടെന്ന് ആകാംക്ഷ ജനിപ്പിക്കാന്‍ ഇതിലൂടെ സംവിധായകന് സാധിക്കുന്നുണ്ട്. രഘു എന്ന രാഷ്ട്രീയക്കാരനും നഗരസഭാ ചെയര്‍മാനുമായ കഥാപാത്രമായാണ് ജിയോ ബേബി എത്തുന്നത്. ഡയനാമിറ്റ് ബഷീര്‍ എന്ന വ്യത്യസ്ത കഥാപാത്രത്തെയാണ് ശ്രീകാന്ത് മുരളി അവതരിപ്പിക്കുന്നത്.
'പട്ടത്താനം' മുന്‍സിപ്പാലിറ്റിക്ക് കീഴില്‍വരുന്ന രണ്ട് സാമൂഹികസാഹചര്യങ്ങളില്‍ വളര്‍ന്നവരാണ് മിഥുനും അനന്ദുവും. 'കോളനി'യില്‍നിന്ന് വരുന്ന മിഥുന്‍ പിന്നാക്ക വിഭാഗത്തിന്റെ പ്രതിനിധിയായാണ് അവതരിപ്പിക്കപ്പെടുന്നത്. അതിന് നേര്‍വിപരീത സാഹചര്യമാണ് അനന്ദുവിന്റേത്. ജാതിവാദത്തിന്റെ മൂല്യങ്ങള്‍ കൊണ്ടുനടക്കുമ്പോഴും മിഥുനുമായുള്ള സൗഹൃദത്തില്‍ അവയെ ഇടപെടാന്‍ അനന്ദു അനുവദിക്കുന്നില്ല. എന്നു മാത്രമല്ല, മിഥുനിന് വേണ്ടി പലപ്പോഴും സ്വന്തം മൂല്യങ്ങളെ തന്നെ വെല്ലുവിളിക്കുന്നുമുണ്ട്. രഘു എന്ന രാഷ്ട്രീയക്കാരന്റെ- അയാളുടെ വാക്കുകള്‍ തന്നെ കടമെടുത്താല്‍- കൈയും കാലുമായിരുന്നു മിഥുനും അനന്ദുവും. മിഥുനിനെ ശക്തിയുടേയും അനന്ദുവിനെ ബുദ്ധിയുടേയും പ്രതീകങ്ങളായി അവതരിപ്പിക്കുന്നതില്‍ തന്നെ ചിത്രം ചില രാഷ്ട്രീയം മുന്നോട്ടുവെക്കുന്നുണ്ട്. ഒടുവില്‍ മിഥുന്‍ പ്രതിനിധാനംചെയ്യുന്ന ജനവിഭാഗവും രഘു നേതൃത്വം നല്‍കുന്ന അധികാരവര്‍ഗവും തമ്മിലുണ്ടാവുന്ന ഏറ്റുമുട്ടലാണ് ചിത്രത്തിലെ വഴിത്തിരിവ്. സംഭവം മിഥുന്‍- അനന്ദു സൗഹൃദത്തെ ബാധിക്കുന്നതും പിന്നീട് അതിലുണ്ടാവുന്ന ഇടര്‍ച്ചകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സൗഹൃദത്തിലെ ഇടര്‍ച്ച പകയിലേക്കും പ്രതികാരദാഹത്തിലേക്കുമെത്തുന്നു. ഒരുഘട്ടത്തില്‍ ഇരുവരും ഒന്നിക്കാന്‍ ശ്രമിക്കുന്നതും അത് എന്തുവിലകൊടുത്തും തടയാന്‍ ശ്രമിക്കുന്ന അധികാരവും തമ്മിലെ ഏറ്റമുട്ടലുമായി ചിത്രം മാറുന്നു.
ശക്തമായ രാഷ്ട്രീയമാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. ജാതി രാഷ്ട്രീയത്തിന്റെ വിവിധ തലങ്ങള്‍ ചിത്രം അതിഭാവുകത്വമില്ലാതെ അവതരിപ്പിക്കുന്നുണ്ട്. സുഹൃദ്ബന്ധങ്ങളില്‍ ജാതി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അത് വ്യക്തികളില്‍ എങ്ങനെ വൈരുദ്ധ്യത്തിന് കാരണമാവുന്നുവെന്നും ചിത്രം പറയുന്നു. മനുഷ്യന്മാര്‍ മനുഷ്യന്മാര്‍ക്കെതിരേ നിയമമുണ്ടാക്കുന്നത് മണ്ടത്തരമാണ് തുടങ്ങിയ ഡയലോഗുകള്‍ ചിത്രം പറയുന്ന സൂക്ഷമരാഷ്ട്രീയത്തിന്റെ ഉദാഹരണമാണ്. അധികാരം നിലനിര്‍ത്താന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉപയോഗിക്കുന്ന വളഞ്ഞവഴികളെ ചിത്രത്തില്‍ വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്. അതില്‍ ഇരയാക്കപ്പെടുന്നവരുടെ നിസ്സഹായാവസ്ഥയും ചിത്രം പറയുന്നു.
യൂണികോണ്‍ മൂവീസിന്റെ ബാനറല്‍ സജീര്‍ ഗഫൂര്‍ നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എംസി ജോസഫാണ്. സംവിധായകന്‍ തന്നെയാണ് രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട 'വികൃതി' എന്ന ചിത്രത്തിന്റെ സംവിധായകനാണ് എംസി ജോസഫ്. തിരക്കഥ തന്നെയാണ് 'മീശ'യുടെ ശക്തി. പതിയെ തുടങ്ങുന്ന ചിത്രം മുന്നോട്ടുപോകുംതോറും താളം കണ്ടെത്തുന്നു. പിന്നീടങ്ങോട്ട് പ്രേക്ഷനെ പലപ്പോഴും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ സംവിധായകന് സാധിക്കുന്നുണ്ട്. കഥാപാത്രങ്ങള്‍ തമ്മിലും അവര്‍ക്കുള്ളിലുമുള്ള വൈരുദ്ധ്യങ്ങളെ സമര്‍ഥമായി അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിക്കുന്നുണ്ട്. ചിത്രത്തില്‍ പലയിടത്തായി സംവിധായകന്‍ പല മീശകള്‍ അവതരിപ്പിക്കുന്നുണ്ട്. അതിൽ ഒളിഞ്ഞുകിടക്കുന്ന രാഷ്ട്രീയം ആഖ്യാനത്തെ കൂടുതല്‍ ശക്തമാക്കുന്നു.
തീരദേശത്തും കാട്ടിലുമായി നടക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുരേഷ് രാജനാണ്. കാടിന്റെ വന്യതയും അതിനൊപ്പം സഞ്ചരിക്കുമ്പോള്‍ ചിത്രത്തിനുണ്ടാവുന്ന പിരിമുറുക്കവും പ്രേക്ഷകനെ അനുഭവിപ്പിക്കുന്നതില്‍ ഛായാഗ്രാഹകന്‍ വിജയിച്ചിരിക്കുന്നു. ഈ അനുഭവങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നതാണ് സൂരജ് എസ്. കുറുപ്പിന്റെ പശ്ചാത്തലസംഗീതവും ഗാനങ്ങളും. വളരേ സ്വാഭാവികമായി ചിത്രത്തിനൊപ്പം സഞ്ചരിക്കുന്നതാണ് സംഗീതം. പാട്ടുകളും പശ്ചാത്തലസംഗീതവും വേറിട്ടറിയാതെ ചിത്രത്തിനൊപ്പം മുന്നോട്ടുനീങ്ങുന്നു. മനോജിന്റെ എഡിറ്റിങ്ങും കൈയടി അര്‍ഹിക്കുന്നുണ്ട്.
കതിരിന് ശബ്ദം നല്‍കിയിരിക്കുന്നത് നടന്‍ സഞ്ജു ശിവറാം ആണ്. രാജശേഖറും അഷ്‌റഫ് ഗുരുക്കളും സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നു. വളരേ സ്വാഭാവികമായി, കഥ നടക്കുന്ന സാഹചര്യത്തോട് ഒട്ടിനില്‍ക്കുന്ന സംഘട്ടന രംഗങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകത. ജിതേഷ് പൊയ്യയുടെ മേക്കപ്പും സമീറാ സനീഷിന്റെ വസ്ത്രാലങ്കാരവും പ്രത്യേക പ്രശംസയര്‍ഹിക്കുന്നു. അരുണ്‍ വര്‍മയാണ് സൗണ്ട് ഡിസൈനര്‍, ശബ്ദലേഖനം രാജാകൃഷ്ണനും. ആര്‍ട്ട് ഡയറക്ടര്‍ എന്ന നിലയില്‍ മഹേഷ് മോഹനന്റെ സംഭാവനകളും ചിത്രത്തെ ഏറെ സഹായിച്ചിട്ടുണ്ട്.
Content Highlights: Meesha Malayalam movie review
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·