'പലപ്പോഴും തോന്നിയിട്ടുണ്ട്, ഇയാള്‍ മലയാളത്തില്‍ നില്‍ക്കേണ്ട നടനേ ആയിരുന്നില്ല'

8 months ago 8

തിരുവനന്തപുരം സ്വദേശിയായ പി. മാധവന്‍ നായര്‍ എന്ന യുവാവ് ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ഥിയായി തുടക്കംകുറിച്ച അതേ കാലഘട്ടത്തില്‍ തന്നെയാണ് സിനിമയില്‍ സംഘട്ടനകലയിലെ വിദ്യാര്‍ഥിയായി ത്യാഗരാജന്റെയും രംഗപ്രവേശം. എന്‍എസ് ഡിയിലെ പഠനം കഴിഞ്ഞ് 1963ല്‍ മാധവന്‍ നായര്‍ മധുവായി വെള്ളിത്തിരയില്‍ അവതരിക്കുമ്പോഴേക്കും പുലികേശി എന്ന സ്റ്റണ്ട് മാസ്റ്ററുടെ ശിഷ്യനായി സിനിമയില്‍ സജീവമായിത്തുടങ്ങിയിരുന്നു ത്യാഗരാജന്‍. 'നിണമണിഞ്ഞ കാല്‍പ്പാടു'കളും 'കുട്ടിക്കുപ്പായ'വും 'സുബൈദ'യും ഭാര്‍ഗവീ നിലയവുമൊക്കെ കഴിഞ്ഞ് നീലാപ്രൊഡക് ഷന്‍സിന്റെ 'കറുത്തരാത്രികള്‍' എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് മധുവുമായി ത്യാഗരാജന്‍ പരിചയപ്പെടുന്നത്. അപ്പോഴേക്കും സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ ത്യാഗരാജന്‍ മുന്നേറിക്കഴിഞ്ഞിരുന്നു. കോളേജ് അധ്യാപകന്റെ ജോലി രാജിവെച്ച് എന്‍എസ്ഡിയില്‍ നിന്നും പഠിച്ചിറങ്ങിയ നടനോട് സിനിമാപ്രവര്‍ത്തകര്‍ക്ക് ഏറെ ബഹുമാനം തോന്നി, ത്യാഗരാജനും.! കറുത്തരാത്രികളുടെ സെറ്റില്‍ വെച്ച് പരിചയപ്പെടും മുന്‍പേ ത്യാഗരാജനെക്കുറിച്ച് മധു അറിഞ്ഞുതുടങ്ങിയിരുന്നു. അപ്പോഴേക്കും പ്രേംനസീറിന്റെ പ്രിയപ്പെട്ടവനായി മാറിക്കഴിഞ്ഞിരുന്നു ത്യാഗരാജന്‍. അധികസമയം വേണ്ടി വന്നില്ല മധുവിനും ത്യാഗരാജനെ ഇഷ്ടപ്പെടാന്‍. ആക്ഷന്‍ സീനുകളില്‍ ത്യാഗരാജന്റെ രീതികള്‍ മധുവിനെയും ആകര്‍ഷിച്ചു തുടങ്ങി. പക്ഷേ, പ്രേംനസീറിനെപ്പോലെ ആക്ഷന്‍ റൊമാന്റിക്ക് വേഷങ്ങളില്‍ വലയം വെക്കുന്ന അഭിനയശൈലിയല്ല മധുവില്‍ നിന്നുണ്ടായത്. എങ്കിലും സംഘട്ടനരംഗങ്ങളില്‍ ത്യാഗരാജന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ മധുവിനായി.

കാലം മധുവിനെ വലിയ അഭിനേതാവാക്കി. സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തും സ്റ്റുഡിയോ ഉടമയുമാക്കി. മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ മികവുറ്റ രചനകളിലെ കഥാപാത്രങ്ങള്‍ക്ക് മധു ജീവന്‍ പകര്‍ന്നു. നിരവധി ആക്ഷന്‍ രംഗങ്ങളിലും മധു ശോഭിച്ചു. ത്യാഗരാജന്‍ കമ്പോസ് ചെയ്ത പല സംഘട്ടനരംഗങ്ങളും പൂര്‍ണതയില്‍ എത്തിക്കുമ്പോള്‍ തന്നെ സ്റ്റണ്ടിനോട് മധു അത്രമാത്രം താല്പര്യം പുലര്‍ത്തിയില്ല എന്നാണ് ത്യാഗരാജന്റെ അനുഭവം. മറ്റാരും ചെയ്യാന്‍ ധൈര്യപ്പെടാത്ത വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങളെയാണ് അദ്ദേഹം അന്വേഷിച്ചത്. തുടക്കത്തില്‍തന്നെ ഇത് കൃത്യമായി മനസ്സിലാക്കാന്‍ ത്യാഗരാജന് കഴിഞ്ഞിരുന്നു. നടനും സംവിധായകനും എഴുത്തുകാരനുമൊക്കെ മധുവില്‍ തന്നെയുള്ളതുകൊണ്ട് കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കേണ്ട അവസ്ഥയും അദ്ദേഹത്തിന് വന്നുചേര്‍ന്നില്ല. ആ തലയെടുപ്പും ഭാവഗാംഭീര്യവുമൊക്കെ കാണുമ്പോള്‍ പലപ്പോഴും ത്യാഗരാജന് തോന്നിയിട്ടുണ്ട് 'ഇയാള്‍ മലയാളത്തില്‍ നില്‍ക്കേണ്ട നടനേ ആയിരുന്നില്ല' എന്ന്. സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ കമ്പോസ് ചെയ്യുന്ന അപകടകരമായ ആക്ഷന്‍ സ്വീക്വന്‍സുകളില്‍ നിന്ന് പലപ്പോഴും മധുവിനെ മാറ്റിനിര്‍ത്താന്‍ ത്യാഗരാജന്‍ ശ്രമിച്ചട്ടുണ്ടെങ്കിലും അതെല്ലാം മധു ധൈര്യപൂര്‍വം ഏറ്റെടുത്ത് ചെയ്ത അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. 'ത്യാഗരാജന്‍... ആ സീനില്‍ ഞാന്‍ തന്നെ വന്നോളാം, ഡ്യൂപ്പ് വേണ്ട' എന്ന് തുറന്നു പറഞ്ഞ അനുഭവം. പക്ഷേ, അതെല്ലാം മധുവിന്റെ ഒരു മൂഡായിരുന്നെന്നും ത്യാഗരാജനറിയാം.

prem nazir and madhu

പ്രേംനസീറും മധുവും

മധു മുഖ്യകഥാ പാത്രത്തെ അവതരിപ്പിച്ച നൂറിലേറെ സിനിമകളില്‍ സംഘട്ടനസംവിധായകനായി ത്യാഗരാജന്‍ വന്നിട്ടുണ്ടെങ്കിലും ഒരിക്കല്‍ സംവിധായകനില്ലാതെ വന്നപ്പോള്‍ അദ്ദേഹത്തെ ഡയറക്ട് ചെയ്യേണ്ട അവസ്ഥയും ത്യാഗരാജനുണ്ടായിട്ടുണ്ട്. ജോഷി സംവിധാനം ചെയ്ത 'ആരംഭ'ത്തിന്റെ ചിത്രീകരണ സമയത്താണത്. തന്റെ സിനിമാജീവിതത്തിലെ മഹാഭാഗ്യങ്ങളിലൊന്നായിട്ടാണ് ത്യാഗരാജന്‍ ഇതിനെ കാണുന്നത്. അതിനുള്ള ധൈര്യം നല്‍കിയത് മധുവാണ് എന്നതും നന്ദിപൂര്‍വം ഓര്‍ക്കുന്നു ത്യാഗരാജന്‍. സിനിമയുടെ ക്ലൈമാക്‌സില്‍ മധുവും കെ.പി ഉമ്മറും തമ്മിലുള്ള ഒരു സംഘട്ടനമുണ്ടായിരുന്നു. ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ഷൂട്ടിങ്. രാവിലെ ഒന്‍പതു മണിയാകുമ്പോഴേക്കും മധു എത്തി. പന്ത്രണ്ട് മണിക്കുള്ള ഫ്‌ളൈറ്റിലാണ് ജോഷി ഉച്ചക്കുശേഷം മറ്റൊരു പടത്തിന്റെ വര്‍ക്കുള്ളതിനാല്‍ ജോഷി വരുന്നതു വരെ കാത്തു നില്‍ക്കാന്‍ മധുവിനായില്ല. പെട്ടന്ന് മധു പറഞ്ഞു: 'ത്യാഗരാജന്‍.. ജോഷിയെ കാത്തുനില്‍ക്കേണ്ട നമുക്കെടുക്കാം.'ത്യാഗരാജനതില്‍ പ്രയാസമുണ്ടായിരുന്നു. സംവിധായകന്‍ പറയാതെ ഷൂട്ട് ചെയ്യാന്‍ കഴിയില്ലല്ലോ. എന്നാല്‍ മധു നല്‍കിയ ധൈര്യത്തില്‍ ത്യാഗരാജന്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു. പന്ത്രണ്ട് മണിയാവുമ്പോഴേക്കും ഫൈറ്റ് പൂര്‍ത്തിയായി. പന്ത്രണ്ടരയോടെ ജോഷിയും എത്തി. 'എടുക്കാം സാര്‍ 'എന്നു ജോഷി പറഞ്ഞപ്പോള്‍ 'ഇനിയൊന്നും എടുക്കാനില്ല.' എന്നായിരുന്നു മധുവിന്റെ മറുപടി. അപ്പോഴാണ് ഷൂട്ട് നടന്ന വിവരം ജോഷി അറിയുന്നത്. മധു മുന്‍കൈയെടുത്ത് ഷൂട്ട് ചെയ്തതുകൊണ്ട് വീണ്ടും എടുക്കേണ്ട കാര്യമില്ലെന്ന് ജോഷിയും ഉറപ്പിച്ചു. മധുവിന് പകരം മറ്റാരായിരുന്നാലും ജോഷിയെന്നല്ല മറ്റൊരു ഡയറക്ടറും അതിന് സമ്മതിക്കില്ലായിരുന്നു. അത്രമാത്രം ബഹുമാനമാണ് എല്ലാവരും മധുവിന് നല്‍കിയത്,

ത്യാഗരാജനൊരുക്കിയ സംഘട്ടനരംഗങ്ങളുടെ ചിത്രീകരണത്തിനിടയില്‍ മിക്ക നടന്മാരുടെ കൈയ്യിലും കാലിലും ചെറിയ ചില പോറലുകള്‍ പറ്റിയിട്ടുണ്ട്. അതെല്ലാം ഫൈറ്റ്‌ സീനില്‍ അഭിനയിക്കുമ്പോള്‍ ടൈമിങ് ഇല്ലാതെ വരുമ്പോഴാണ്. ഇരുനൂറോളം സിനിമകളിലായി ആയിരത്തിലേറെ ഫൈറ്റുകള്‍ ചെയ്ത നസീറിന്റെ ശരീരത്തില്‍ നിന്ന് ഒരു തുള്ളി ചോരപൊടിയാതെയാണ് ത്യാഗരാജന്‍ സംരക്ഷിച്ചത്. എന്നാല്‍ സ്റ്റണ്ട് രംഗങ്ങളില്‍ മധുവിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോള്‍ ത്യാഗരാജന് വലിയ ധൈര്യമാണ്. കാരണം സിനിമയുടെ ഓരോ ഫ്രെയിമും കൃത്യമായി അറിയുന്ന ഡയറക്ടര്‍ കൂടിയായ മധുവിനോട് പ്രത്യേകിച്ച് സ്റ്റണ്ട് രംഗങ്ങളിലെ അപകടസാധ്യതയെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കേണ്ടകാര്യമില്ല. ഇതൊക്കെയാണെങ്കിലും താന്‍ നിര്‍മിക്കുന്ന സംവിധാനം ചെയ്യുന്ന സിനിമകള്‍ ഫൈറ്റ് മാസ്റ്ററായി മധു എപ്പോഴും കാണുന്നത് ത്യാഗരാജനെയാണ്. ത്യാഗരാജന്റെ തിരക്കുകള്‍ മനസ്സിലാക്കി അദ്ദേഹത്തിന് സൗകര്യപ്പെടുന്ന സമയങ്ങളിലേക്ക് പലപ്പോഴും ചിത്രീകരണം മാറ്റിവെച്ച സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ത്യാഗരാജനോട് മധുപറയും. 'ടെന്‍ഷന്‍ വേണ്ട, ഫൈറ്റ് നമുക്ക് സാവധാനം എടുത്ത് തീര്‍ക്കാം.'ആ പിന്തുണ വലിയ കരുത്താണ് ത്യാഗരാജന്. മദിരാശിയില്‍ നിരവധി ഫൈറ്റ്മാസ്റ്റര്‍മാരുണ്ടായിട്ടും എനിക്ക് ത്യാഗരാജന്‍ മതി എന്ന് ഉറപ്പിച്ചു പറയുന്നവരില്‍ ഒരാളാണ് മധു.

madhu

കെ.മധു

അറുപതു വര്‍ഷത്തിലേറെ നീണ്ട സൗഹൃദത്തില്‍ ഒരു സംവിധായകന് നല്‍കുന്ന അതേ പരിഗണനയാണ് മധു തനിക്ക് നല്‍കിയതെന്ന് ത്യാഗരാജന്‍ അടിവരയിട്ട് പറയുന്നു. ഒരിക്കല്‍ പോലും കടുത്ത ഒരു വാക്കോ ദേഷ്യപ്പെടലൊ അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടില്ലെന്നതും ത്യാഗരാജന്‍ നന്ദിയോടെ ഓര്‍ക്കുന്നു. നായകനിരയില്‍ നിന്നും മധു മാറി തുടങ്ങിയപ്പോള്‍ ഫോണിലൂടെയുള്ള സംസാരമായിരുന്നു സൗഹൃദം ഉറപ്പിച്ചു നിര്‍ത്തിയത്. എല്ലാ വിശേഷങ്ങളും നര്‍മ്മത്തില്‍ പൊതിഞ്ഞ് മധു ത്യാഗരാജനോട് പങ്കു വെക്കും. നീണ്ടകാലത്തിന് ശേഷം രണ്ടുവര്‍ഷം മുന്‍പ് മാതൃഭൂമി സാഹിത്യോത്സവത്തില്‍ അതിഥിയായി തിരുവനന്തപുരത്തെത്തിയ ത്യാഗാരാജന് മധുവിനെ കണ്ടേ മടങ്ങാനാവുമായിരുന്നുള്ളൂ. ആ രാത്രി മധു താമസിക്കുന്ന കണ്ണമ്മൂലയിലെ ശിവഭവനില്‍ ത്യാഗരാജനെത്തി. വെള്ളിത്തിരയിലെ ഒരു കാലം ഇരുവരുടെയും കണ്ണുകളില്‍ മിന്നിമറിഞ്ഞു. 'ത്യാഗരാജാ...' മധുവിന്റെ ആ വിളിയില്‍ എല്ലാമുണ്ടായിരുന്നു. എണ്‍പത്തിമൂന്നാം വയസ്സിലും ഫൈറ്റ് മാസ്റ്ററായി ത്യാഗരാജന്‍ സിനിമയിലുണ്ടെന്ന് പറഞ്ഞുകേട്ടപ്പോള്‍ മധുവിന് അഭിമാനവും അമ്പരപ്പും. 'ശരീരം സൂക്ഷിക്കണം' മധുവിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ത്യാഗരാജന്‍ ഓര്‍ത്തുപോയതും ആ വാക്കുകള്‍ തന്നെ. ഉശിരന്‍ സംഘട്ടനങ്ങളില്‍ മധുവിനെ അഭിനയിപ്പിക്കുമ്പോഴെല്ലാം തുടക്കത്തില്‍ തന്നെ ത്യാഗരാജന്‍ പറഞ്ഞതും അതേ വാക്കുകള്‍. 'സാര്‍... ശരീരം സൂക്ഷിക്കണം.'മധു എന്ന മലയാളത്തിന്റെ സുകൃതത്തിന്റെ ശരീരത്തിന് സംഘട്ടനമുഖങ്ങളില്‍ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ തിരിച്ചുകൊണ്ടുവന്നതില്‍ ത്യാഗരാജനുള്ള പങ്ക് ഒട്ടും ചെറുതല്ലല്ലോ..?

(തുടരും)

Content Highlights: combat maestro thyagarajan memories astir madhu

ABOUT THE AUTHOR

എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article