'പലരുടേതും ഇൻഡസ്ട്രിയെ മുഴുവൻ സംശയമുനയിൽ നിർത്തുന്ന പ്രവൃത്തി'; സംവിധായകരുടെ അറസ്റ്റിൽ അഭിലാഷ് പിള്ള

8 months ago 6

27 April 2025, 05:42 PM IST

abhilash pillai khalid rahman ashraf hamza

അഭിലാഷ് പിള്ള, ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും | Photo: Facebook/ Abhilash Pillai, Screen grab/ Mathrubhumi News

കൊച്ചിയില ഫ്‌ളാറ്റില്‍നിന്ന് സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയേയും ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ പ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. വാര്‍ത്ത കേട്ട് വിഷമം തോന്നിയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മലയാളം സിനിമാ വ്യവസായത്തെ മുഴുവന്‍ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതാണ് പലരുടേയും പ്രവൃത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

'ഇന്ന് രാവിലെ പുറത്ത് വന്ന ലഹരി വേട്ടയുടെ വാര്‍ത്ത കേട്ട് വല്ലാത്ത വിഷമം തോന്നുന്നു. കാരണം ജോലി ചെയ്യാന്‍ ആഗ്രഹിച്ചു വന്ന ഈ ഇന്‍ഡസ്ട്രിയെ മുഴുവന്‍ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന പ്രവര്‍ത്തിയാണ് ഇവിടെ പലരും ചെയ്യുന്നത്. ലഹരി ഉപയോഗിക്കാതെ ജോലി ചെയ്യുന്ന ആയിരകണക്കിന് ആളുകളുണ്ട് ഈ മേഖലയില്‍. അവരെയും കൂടി ബാധിക്കുന്ന കാര്യമാണ് ഇത്. ഒന്ന് മാത്രം പറയാം അഗ്‌നി ശുദ്ധി വരുത്തി മുന്നോട്ട് പോകും സിനിമ മേഖല', അഭിലാഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വലിയ വിജയം നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം 'മാളികപ്പുറ'ത്തിന്റെ തിരക്കഥാകൃത്താണ് അഭിലാഷ്. 'നൈറ്റ് ഡ്രൈവ്' ആണ് ആദ്യ ചിത്രം. 'കഡാവര്‍', 'പത്താംവളവ്', 'ആനന്ദ് ശ്രീബാല' എന്നീ ചിത്രങ്ങളുടേയും രചയിതാവാണ്.

രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് സംവിധായകര്‍ അടക്കം മൂന്നുപേരെ എക്‌സൈസ് പിടികൂടിയത്. ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയ്ക്കും പുറമേ ഷാലിഫ് മുഹമ്മദ് എന്ന മറ്റൊരാളേയും അറസ്റ്റുചെയ്തിരുന്നു. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്. അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍വിട്ടയച്ചു. ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ കൊച്ചി ഗോശ്രീ പാലത്തിന് സമീപമുള്ള ഫ്‌ളാറ്റില്‍നിന്നാണ് മൂവരേയും പിടികൂടിയത്.

Content Highlights: Abhilash Pillai expresses interest implicit the cause apprehension of directors Khalid Rahman & Ashraf Hamza

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article