‘പലസ്തീന്റെ പെലെ’യ്ക്ക് യുവേഫയുടെ അന്ത്യാഞ്ജലി; എങ്ങനെ, എവിടെ, എന്തുകൊണ്ട് മരിച്ചു എന്നുകൂടി പറയാമോയെന്ന് തുറന്നടിച്ച് മുഹമ്മദ് സലാ

5 months ago 5

ഓൺലൈൻ ഡെ‌സ്‌ക്

Published: August 10, 2025 11:58 AM IST

1 minute Read

മുഹമ്മദ് സലാ (X/@MoSalah), സുലൈമാൻ അൽ ഒബെയ്‌ദ് (X/@UEFA)
മുഹമ്മദ് സലാ (X/@MoSalah), സുലൈമാൻ അൽ ഒബെയ്‌ദ് (X/@UEFA)

ലണ്ടൻ∙ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പലസ്തീൻ ഫുട്ബോൾ താരം സുലൈമാൻ അൽ ഒബെയ്ദിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള യൂറോപ്യൻ ഫുട്ബോൾ അസോസിയേഷന്റെ അനുശോചനക്കുറിപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഫുട്ബോൾ സൂപ്പർതാരം മുഹമ്മദ് സലാ. ‘പലസ്തീനിയൻ പെലെ’ എന്ന് അറിയപ്പെട്ടിരുന്ന താരം, കഴിഞ്ഞ ദിവസം പലസ്തീനെതിരെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇതേക്കുറിച്ച് യാതൊരു പരാമർശവുമില്ലാതെ, പലസ്തീൻ താരത്തിന്റേത് സ്വാഭാവിക മരണമാണെന്ന തരത്തിൽ അനുശോചനക്കുറിപ്പ് പങ്കുവച്ചതാണ് ഈജിപ്ഷ്യൻ താരം കൂടിയായ മുഹമ്മദ് സലായെ പ്രകോപിപ്പിച്ചത്.

യുവേഫയുടെ അനുശോചനക്കുറിപ്പ് എക്സിൽ പങ്കുവച്ച സലാ, സുലൈമാൻ അൽ ഒബെയ്ദ് എങ്ങനെ, എവിടെവച്ച്, എന്തുകൊണ്ട് കൊല്ലപ്പെട്ടു എന്നുകൂടി വിശദീകരിക്കാമോ എന്ന് ശക്തമായ ഭാഷയിൽ കുറിച്ചു. അറബ് രാജ്യങ്ങളിൽ നിന്നുള്ള ഫുട്ബോൾ താരങ്ങളിൽ ഏറ്റവും ശ്രദ്ധേയനെന്ന നിലയിൽ, മുഹമ്മദ് സലായുടെ പ്രതികരണം സമൂഹമാധ്യമങ്ങളിലും ഫുട്ബോൾ ലോകത്തും വലിയ ചർച്ചകൾക്കും വഴിവച്ചു.

ഇസ്രയേൽ – പലസ്തീൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, അതിന്റെ രാഷ്ട്രീയം കൂടി ചർച്ച ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് സലായുടെ കുറിപ്പ്. ഫുട്ബോളിൽ സജീവമായിരുന്ന കാലത്ത് പലസ്തീൻ ദേശീയ ടീമിനായി കളിച്ചിട്ടുള്ള സുലൈമാൻ അൽ ഒബെയ്ദ്, ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. തെക്കൻ ഗാസയിൽ സഹായം കാത്തുനിന്ന സാധാരണ പൗരൻമാരെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് സുലൈമാൻ കൊല്ലപ്പെട്ടതെന്ന് പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ (പിഎഫ്എ) വ്യക്തമാക്കിയിരുന്നു.

‘‘പലസ്തീനിയൻ പെലെ എന്ന് അറിയപ്പെടുന്ന സുലൈമാൻ അൽ ഒബെയ്ദിന് ആദരാഞ്ജലികൾ. ഏറ്റവും ഇരുണ്ട കാലത്തുപോലും എണ്ണമറ്റ കുട്ടികളിൽ പ്രതീക്ഷയുടെ നാമ്പ് നിലനിർത്തിയ പ്രതിഭയാണ് ഇദ്ദേഹം’ – യുവേഫ സുലൈമാൻ അൽ ഒബെയ്ദിന്റെ ചിത്രം സഹിതം കുറിച്ചു.

ഈ അനുശോചനക്കുറിപ്പ് പങ്കുവച്ചാണ്, ഒറ്റ വരിയിൽ മുഹമ്മദ് സലായുടെ കടുത്ത ഭാഷയിലുള്ള പ്രതികരണം. ‘‘അദ്ദേഹം എങ്ങനെ, എവിടെവച്ച്, എന്തുകൊണ്ട് മരിച്ചു എന്നുകൂടി പറയാമോ’ എന്നായിരുന്നു സലായുടെ പ്രതികരണം. മുഹമ്മദ് സലായുടെ ഈ പ്രതികരണം വളരെ വേഗം സമൂഹമാധ്യമങ്ങളിൽ കത്തിപ്പടർന്നു. ഒട്ടേറെപ്പേരാണ് ഇതിന് പ്രതികരണവുമായി രംഗത്തുവന്നത്.

അതേസമയം, മുഹമ്മദ് സലായുടെ രൂക്ഷപ്രതികരണത്തിന് യുവേഫ ഇതുവരെ മറുപടി നൽകിയിട്ടില്ല. പലസ്തീൻ ഫുട്ബോൾ അസോസിയേഷന്റെ കണക്കുപ്രകാരം, 2023 ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചശേഷം ഇതുവരെ 325 അംഗങ്ങളാണ് കൊല ചെയ്യപ്പെട്ടത്. ഇതിൽ താരങ്ങൾക്കു പുറമേ പരിശീലകരും റഫറിമാരും മാനേജർമാരും മറ്റ് സ്റ്റാഫുകളും ഉൾപ്പെടുന്നു.

English Summary:

Mohamed Salah calls retired UEFA connection connected sidesplitting of ‘Palestinian Pelé’

Read Entire Article