പള്ളിച്ചട്ടമ്പി

1 month ago 7

മുജീബുര്‍റഹ്മാന്‍ കരിയാടന്‍

ആദികാലം മുതലുള്ള സംശയം തന്നെയാണത്- ദൈവവും പിശാചും ഏറ്റുമുട്ടിയാല്‍ ആരു ജയിക്കും? പള്ളിച്ചട്ടമ്പി ക്ലൈമാക്‌സിലെത്തുമ്പോള്‍ കാഴ്ചക്കാരനും അതുതന്നെ സംശയിക്കും- ആരു ജയിക്കും? പള്ളിച്ചട്ടമ്പിയില്‍ ആ ബലാബലം അവസാനിപ്പിക്കുമ്പോള്‍ അതത്രയ്ക്കും വിശ്വസനീയമായിരിക്കണം. വിശ്വസനീയത മാത്രമല്ല അതത്രയ്ക്കും മനോഹരവുമാക്കി!

ചരിത്ത്രില്‍ നിന്നൊരേട് എടുത്തു പറയുന്നതുപോലെയാണ് ചരിത്രത്തിന്റെ ഓരത്തുനിന്നും ഭാവനയിലൊരു കഥ മെനഞ്ഞെടുത്ത് പള്ളിച്ചട്ടമ്പിയാക്കിയിരിക്കുന്നത്. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയ്‌ക്കെതിരെ അരങ്ങേറിയ വിമോചന സമരത്തെ കാണിയാര്‍ എന്ന മലയോര ഗ്രാമത്തിന്റെ കഥയുമായി ഇണക്കിച്ചേര്‍ത്ത് ഇതുവരെ കേട്ട വിമോചന സമര കഥയ്ക്ക് മറ്റൊരു ഭാഷ്യമാണ് ഈ സിനിമ ഒരുക്കുന്നത്. ആരേയും പിണക്കുന്നില്ല, ആരേയും ഇണക്കുന്നുമില്ല, ഇടയിലൂടൊരു രസകരമായ സഞ്ചാരം.

ക്രിസ്റ്റഫറെന്ന വാക്കിനര്‍ഥം ദൈവമെന്നോ ക്രിസ്തുവിന് ബലം നല്‍കുന്ന ശക്തിയെന്നോ ഒക്കെയാണ്. ലൂസിഫറും ക്രിസ്റ്റഫറുമൊക്കെ നേരത്തെ തന്നെ മലയാള സിനിമയില്‍ കഥയും കഥാപാത്രങ്ങളുമായിട്ടുണ്ട്. പള്ളിച്ചട്ടമ്പിയിലും പ്രധാന കഥാപാത്രം ക്രിസ്റ്റഫറാണ്- കൃഷ്ണപിള്ള ക്രിസ്റ്റഫര്‍!

വ്യത്യസ്ത പ്രമേയങ്ങളുമായി വന്ന ആദ്യ മൂന്ന് സിനിമകള്‍ നല്‍കിയ പ്രതീക്ഷ തന്നെയാണ് ഡിജോ ജോസ് ആന്റണിയെന്ന സംവിധായകന്റെ പള്ളിച്ചട്ടമ്പിയിലും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ക്വീന്‍, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നിവ വേറിട്ട പ്രമേയങ്ങളായിരുന്നു. നാലാമത് ചിത്രം പള്ളിച്ചട്ടമ്പിയും ശൈലി മാറിയില്ല- വ്യത്യസ്തത!

1950കളില്‍ കേരളത്തില്‍ നടന്ന വിമോചന സമരത്തിന്റെ പശ്ചാതലത്തിലാണ് പള്ളിച്ചട്ടമ്പി അരങ്ങേറുന്നത്. എന്നാലെവിടെയും വിമോചന സമരത്തിന്റെ രാഷ്ട്രീയത്തെ അനുകൂലിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നില്ല. പകരം പുതിയൊരു വില്ലനെയും കഥാസന്ദര്‍ഭങ്ങളെയുമാണ് കൂട്ടിയിണക്കുന്നത്.

അജയന്റെ രണ്ടാം മോഷണത്തിലെ മണിയനെ കണ്ടവര്‍ക്ക് പള്ളിച്ചട്ടമ്പിയിലെ കൃഷ്ണപിള്ളയുടെ അഭ്യാസ പ്രകടനങ്ങള്‍ അത്ഭുതപ്പെടുത്തുമെന്ന് തോന്നുന്നില്ല. സിനിമ തുടങ്ങി 20 മിനുട്ട് തികയുമ്പോഴേക്കും ടൊവിനോയുടെ ചട്ടമ്പിയെ അതിന്റെ സകല രൗദ്ര ഭാവങ്ങളോടെയും അവതരിപ്പിക്കപ്പെടുന്നുണ്ട്. ടൊവിനോ തോമസിന്റെ മാസ് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.

pallichanttambi og

പഴയ കാലത്തെ ആവിഷ്‌ക്കരിക്കുന്നതില്‍ സിനിമ മികവ് പുലര്‍മ്പോഴും ഏകദേശം ഏഴ് പതിറ്റാണ്ടു മുമ്പത്തെ കഥ വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്നതുകൊണ്ടാകണം ചില ഭാഗങ്ങളില്‍ അതി നാടകീയതയായി പ്രേക്ഷകര്‍ക്ക് തോന്നിയേക്കാം. ആദ്യ പകുതിയുടെ നാടകീയതയേക്കാള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുക രണ്ടാം പകുതിയുടെ പിരിമുറുക്കങ്ങളായിരിക്കും.

ടൊവീനോ മാത്രമല്ല, അതിഗംഭീരമായൊരു 'വില്ലനെ' കൂടി പള്ളിച്ചട്ടമ്പി അവതരിപ്പിക്കുന്നുണ്ട്. ഒരുപക്ഷേ, പ്രേക്ഷകര്‍ എവിടേയും പ്രതീക്ഷിക്കാത്തൊരാള്‍ വില്ലനായി വരുമ്പോള്‍ സിനിമയെ പിരിമുറുക്കത്തിലേക്കെത്തിക്കാന്‍ കൂടുതല്‍ സഹായിക്കുകയും ചെയ്യുന്നു. ആ വില്ലനും ഈ നായകനും ഏറ്റുമുട്ടുമ്പോള്‍ തീര്‍ച്ചയായും ആരു ജയിക്കുമെന്നല്ല, ആരു ജയിക്കണമെന്ന ചിന്താക്കുഴപ്പവും പ്രേക്ഷകനെ പിടികൂടും.

പത്തൊമ്പതാം നൂറ്റാണ്ടിലും ഒരു ജാതി ജാതകത്തിലും മലയാളി കണ്ട തമിഴ്, തെലുങ്ക് അഭിനേത്രി കയാദു ലോഹറിന്റെ സാന്നിധ്യമാണ് സിനിമയുടെ മറ്റൊരു ആകര്‍ഷണീയത. കെ പി എസി നാടക നടിയായി കയാദു മികവുറ്റ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മാത്രമല്ല, കെ പി എ സി നാടകത്തേയും സിനിമയിലെ രംഗങ്ങളേയും ബന്ധിപ്പിക്കുന്നതില്‍ തിരക്കഥ വഹിക്കുന്ന പങ്ക് ചെറുതല്ല.

വിമോചന സമരം, ക്രിസ്ത്യന്‍ ചരിത്രം, രാമായണം, രാവണന്‍, യക്ഷഗാനം എന്നിവയെല്ലാം ഒന്നിച്ചു ചേര്‍ക്കുന്ന സിനിമയുടെ തിരക്കഥയ്ക്ക് മികച്ച ചാരുതയുണ്ട്.

ജേക്‌സ് ബിജോയിയുടെ സംഗീതം പള്ളിച്ചട്ടമ്പിയെ ഉയര്‍ത്തിവെക്കുന്നുണ്ടെങ്കിലും കാട്ടുചെമ്പകം പൂത്തോട്ടെയും നരിവേട്ടയിലെ മിന്നല്‍വളയും തമ്മില്‍ സംഗീതത്തിലും രംഗങ്ങിലും സാമ്യം തോന്നുന്നുവെങ്കില്‍ പ്രേക്ഷകനെ കുറ്റം പറയാനാവില്ല. അതോടൊപ്പം നിരവേട്ട പോലെ പള്ളിച്ചട്ടമ്പിയും മണ്ണിന്റെ കഥയാണ് പറയുന്നതെന്നതും രണ്ടിലും ടൊവിനോ ആണെന്നുള്ളതുമൊക്കെ അടുപ്പം തോന്നിച്ചേക്കാം. എന്നാല്‍ ഒരിടത്തും ഇവ തമ്മില്‍ ബന്ധമുള്ളതായി അനുഭവപ്പെടുത്തുന്നുമില്ല. വിമോചന സമരത്തെയാണ് കഥാ പശ്ചാതലമായി സ്വീകരിച്ചിട്ടുള്ളതെങ്കിലും സിനിമയുടെ കഥാഗതിക്ക് കണ്ണൂര്‍ രാഷ്ട്രീയത്തോടു കൂടി ബന്ധമുണ്ട്.

മികവുറ്റ ദൃശ്യങ്ങള്‍ സമ്മാനിച്ച ടിജോ ടോമിയുടെ ക്യാമറയും സിനിമ പറയുന്ന കാലത്തിന് അനുയോജ്യമായ കളര്‍ പാറ്റേണും വേഷഭൂഷാതികളുമെല്ലാം പള്ളിച്ചട്ടമ്പിക്ക് മറ്റൊരു മികവ് സമ്മാനിക്കുന്നുണ്ട്.

ഒരു ഭാഗത്ത് കഥ പറഞ്ഞു പോകുമ്പോഴും മറു ഭാഗത്ത് ശക്തമായൊരു രാഷ്ട്രീയം കൂടി പള്ളിച്ചട്ടമ്പിക്കുണ്ട്.

എസ് സുരേഷ് ബാബുവിന്റെ തിരക്കഥ, ശ്രീജിത്ത് സാരംഗിന്റെ എഡിറ്റിംഗ്, മഞ്ജുഷ രാധാകൃഷ്ണന്റെ കോസ്റ്റിയൂം ഡിസൈന്‍ തുടങ്ങിയവയെല്ലാം സിനിമയുടെ ഗാംഭീര്യത്തെ സഹായിച്ചതായി എടുത്തു പറയണം.

വേള്‍ഡ് വൈഡ് ഫിലിംസ്, സീക്യൂബ് ബ്രോസ് എന്റര്‍ടൈന്‍മെന്റ് എന്നീ ബാനറുകളില്‍ നൗഫല്‍ ബ്രജോഷ് മുഹമ്മദ്, ചാണക്യ ചരണ്‍, ചൈതന്യ എന്നിവരാണ് പള്ളിച്ചട്ടമ്പി നിര്‍മിച്ചത്.

അശ്വിനി പി

ഓതറിനെ കുറിച്ച്

അശ്വിനി പി

സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കൂ

Read Entire Article