
പൃഥ്വി ഷാ | ഫോട്ടോ - x.com/mufaddal_vohra
മുംബൈ: ഫിറ്റ്‌നസ് നിലനിര്‍ത്താത്തതിന്റെ പേരില്‍ ഏറെ പഴികേട്ട താരമാണ് പൃഥ്വി ഷാ. ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സച്ചിന്‍ എന്ന് പേരെടുത്ത താരമായിരുന്നു. അണ്ടര്‍-19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍, ദേശീയ ടീമിനായുള്ള ടെസ്റ്റ് അരങ്ങേറ്റത്തില്‍ത്തന്നെ സെഞ്ചുറി തുടങ്ങി പ്രതിഭകൊണ്ട് ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായി പൃഥ്വി ഷാ മാറും എന്നുവരെ വിശേഷിപ്പിക്കപ്പെട്ട ദിനങ്ങള്‍...
എന്നാൽ, പെട്ടെന്നുണ്ടായ പണത്തിലും പ്രശസ്തിയിലും അഭിരമിച്ച താരം പതിയെപ്പതിയെ മോശം ഫോം പുലര്‍ത്തിത്തുടങ്ങി. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും വില്ലനായി. സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങിനടന്നതും വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഇതോടെ ടീമില്‍ സാന്നിധ്യമുറപ്പിക്കാനാവാതെ വന്നു. പുതിയതായി വരുന്ന താരങ്ങളോട് പൃഥ്വി ഷായുടേത് പോലെയാവരുത് എന്ന് താക്കീത് നല്‍കുന്ന വിധത്തില്‍വരെ അതെത്തിനില്‍ക്കുന്നു. 2021-ലാണ് ഈ ഇരുപത്തഞ്ചുകാരന്‍ ഇന്ത്യക്കുവേണ്ടി അവസാനമായി കളിച്ചത്.
ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രയിലേക്ക് മാറിയ പൃഥ്വി ഷാ, മികച്ച ഒരു സെഞ്ചുറിയോടെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണിപ്പോള്‍. ബുച്ചി ബാബു ട്രോഫി ടൂര്‍ണമെന്റില്‍ ആദ്യമത്സരത്തില്‍ ഛത്തീസ്ഗഢിനെതിരേ 111 റണ്‍സാണ് താരം നേടിയത്. ആദ്യം ബാറ്റുചെയ്ത ഛത്തീസ്ഗഢ് 242 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ 217 റണ്‍സ് നേടാനേ മഹാരാഷ്ട്രയ്ക്കായുള്ളൂ. ഇതില്‍ 111 റണ്‍സും പൃഥ്വിയുടെ വകയാണ്. പഴികള്‍ ഒരുപാട് കേട്ട താരത്തില്‍ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നുവെന്നതിന്റെയും ഒരു കരിയര്‍ കെട്ടിപ്പടുക്കാന്‍ ഇനിയും സാധ്യമായേക്കും എന്നതിന്‍റെയും സൂചനയാണ് ഈ ഇന്നിങ്‌സ്.
ഇനിയും ആദ്യംമുതല്‍ തുടങ്ങുന്നതില്‍ വിഷമമില്ലെന്ന് മത്സരത്തിനു പിന്നാലെ പൃഥ്വി ഷാ മനസ്സുതുറന്നു. എന്തെന്നാല്‍, ജീവിതത്തില്‍ ഒരുപാട് ഉയര്‍ച്ചതാഴ്ചകള്‍ കണ്ടയാളാണ്. വളരെ ആത്മവിശ്വാസമുള്ള ഒരു വ്യക്തിയാണ്. എന്നിലും എന്റെ കഠിനാധ്വാനത്തിലും വിശ്വാസമുണ്ട്. ഈ സീസണ്‍ എനിക്കും എന്റെ ടീമിനും വളരെ മികച്ചതായിരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഷാ പറഞ്ഞു.
വളരെ ആത്മവിശ്വാസത്തോടെയാണ് മത്സരത്തില്‍ പൃഥ്വി ഷാ ബാറ്റുവീശിയത്. ഒരുവശത്ത് ഋതുരാജ് ഗെയ്ക്ക്‌വാദ് ഉള്‍പ്പെടെയുള്ളവര്‍ നിറംമങ്ങി കൂടാരം കയറുമ്പോള്‍ പൃഥ്വി വേഗമാര്‍ന്ന ഇന്നിങ്‌സ് കൊണ്ട് കളം നിറഞ്ഞു. നിറമാര്‍ന്ന ഇന്നിങ്‌സ് കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞതിനു പിന്നിലെ പ്രേരണയും അദ്ദേഹം വ്യക്തമാക്കി. സംഭവിച്ച തെറ്റുകള്‍ പരിഹരിച്ച് കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിച്ചു. അണ്ടര്‍-19 കാലത്ത് തന്നെ ടീമിലെത്തിച്ച കാര്യങ്ങള്‍ വീണ്ടും ചെയ്യാന്‍ തുടങ്ങി. കൂടുതല്‍ നേരം പരിശീലനം, ജിം, ഓട്ടം ഇതെല്ലാം ചെറിയ കാര്യങ്ങളാണ്. കാരണം 12-13 വയസ്സുമുതല്‍ അവയെല്ലാം ചെയ്യുന്നുണ്ടെന്നും പൃഥ്വി ഷാ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍നിന്ന് വിട്ടുനില്‍ക്കാറാണ് പതിവെന്നും അത് കൊണ്ടുവരുന്ന നെഗറ്റിവിറ്റിയില്‍ ശ്രദ്ധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. അത് ഉപയോഗിക്കാതിരിക്കുമ്പോള്‍ ഒരു സമാധാനം തോന്നുന്നുണ്ട്. മഹാരാഷ്ട്രയ്ക്കുവേണ്ടിയുള്ള സെഞ്ചുറി നേട്ടത്തിനു പിന്നാലെ പുതിയതോ പഴയതോ ആയ ഒരു താരവും ബന്ധപ്പെട്ടില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടി നല്‍കി. ആരുടെയും സഹതാപം വേണ്ട. കുഴപ്പമില്ല. ഞാനിത് മുന്‍പും കണ്ടിട്ടുള്ളതാണ്. എനിക്ക് കുടുംബത്തിന്റെ പിന്തുണയുണ്ട്. മാനസികമായി തളര്‍ന്നിരുന്നപ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുണ്ട്. അതുകൊണ്ട് കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Prithvi Shaw Marks Maharashtra Debut with Resurgent Century successful Buchi Babu Trophy








English (US) ·