Published: December 16, 2025 03:52 PM IST Updated: December 16, 2025 04:42 PM IST
1 minute Read
അബുദാബി ∙ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ വിദേശതാരമായി ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ. ഐപിഎൽ 19–ാം സീസണു മുന്നോടിയായി അബുദാബിയിൽ നടക്കുന്ന മിനി താരലേലത്തിൽ 25.20 കോടി രൂപയ്ക്കാണ് ഗ്രീനിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചത്. 2024 ലേലത്തിൽ 24.75 കോടി രൂപയ്ക്ക് കൊൽക്കത്ത തന്നെ സ്വന്തമാക്കിയ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കായിരുന്നു ഇതുവരെ മിനി ലേലത്തിലെ വിലകൂടിയ താരം. സ്റ്റാർക്കിന്റെ റെക്കോർഡാണ് സഹതാരമായ ഗ്രീൻ തകർത്തത്.
2025 ലേലത്തിൽ 27 കോടി രൂപയ്ക്ക് ലക്നൗ ടീം സ്വന്തമാക്കിയ ഋഷഭ് പന്താണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരം. അതേ ലേലത്തിൽ 26.75 കോടിക്ക് പഞ്ചാബ് സ്വന്തമാക്കിയ ശ്രേയസ്സ് അയ്യരാണ് രണ്ടാമത്. മൂന്നാം സ്ഥാനത്ത് ഇനി കാമറൂൺ ഗ്രീൻ. താരത്തിനു വേണ്ടി വാശിയേറിയ ലേലം വിളിയാണ് നടന്നത്. അടിസ്ഥാന വിലയായ രണ്ടു കോടിക്ക് മുംബൈ ഇന്ത്യൻസാണ് ആദ്യം ഗ്രീനിനു വേണ്ടി രംഗത്തെത്തിയത്. പഴ്സിൽ ആകെ 2.75 കോടിയുള്ള ഇവർ ഇതോടെ പിന്മാറി. രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവർ ഇതിനു ശേഷം ലേലം വിളി ഏറ്റെടുത്തു.
പത്തു കോടിയും കടന്ന് ലേലം വിളി കുതിച്ചു. 64.30 കോടി പഴ്സിലുള്ള കൊൽക്കത്തയുടെ വിളിയിൽ ആരും അദ്ഭുതപ്പെട്ടില്ലെങ്കിലും ആകെ 16.05 കോടിയുമായി ലേലത്തിന് എത്തിയ രാജസ്ഥാന്റെ ‘അതിരുകടന്ന’ വിളി എല്ലാവരും അമ്പരപ്പിച്ചു. 13.60 കോടി വരെ ഗ്രീനിനു വേണ്ടി രാജസ്ഥാൻ വിളിച്ചെങ്കിലും കൊൽക്കത്ത വിട്ടുകൊടുക്കാൻ തയാറാകാതിരുന്നതോടെ അവർ പിന്മാറി. പിന്നീടാണ് ചെന്നൈ സൂപ്പർ കിങ്സ് കളത്തിലിറങ്ങിയത്. ഗ്രീനിനു വേണ്ടി സിഎസ്കെയുടെ ‘എൻട്രി’ കരഘോഷത്തോടെയാണ് ലേലമുറിയിലെ എല്ലാവരും സ്വീകരിച്ചത്.
ഇതോടെ ഗ്രീനിന്റെ തുക 15 കോടിയും 20 കടന്ന് കുതിച്ചു. 25 കോടിയും കടന്നതോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഗ്രീൻ മാറുമോ എന്ന ആകാംക്ഷ എല്ലാവരിലുമുണ്ടായി. ഒടുവിൽ 25.20 കോടിക്ക് കൊൽക്കത്ത, ഗ്രീനിനെ സ്വന്തമാക്കുകയായിരുന്നു. 25.20 കോടി രൂപയ്ക്കാണ് വിറ്റുപോയതെങ്കിലും 18 കോടി രൂപ മാത്രമേ താരത്തിന് വേതനമായി ലഭിക്കൂ. ഐപിഎലിലെ മാക്സിമം ഫീ നിയമമാണ് ഇതിനു കാരണം. ഇതു പ്രകാരം, മിനി ലേലത്തിൽ പങ്കെടുക്കുന്ന വിദേശ താരങ്ങളുടെ പരമാവധി വേതനം റിട്ടൻഷൻ സ്ലാബായ (ടീമുകൾ നിലനിർത്തുന്ന താരങ്ങൾക്കു നൽകുന്ന പരമാവധി തുക) 18 കോടി രൂപയിൽ കൂടരുത്. ഇതോടെ വേതന ഇനത്തിൽ 18 കോടി രൂപയാണ് പരമാവധി കയ്യിൽ കിട്ടുക. ബാക്കി തുകയായ 7.2 കോടി ബിസിസിഐക്ക് കൈമാറേണ്ടി വരും.
English Summary:








English (US) ·