Published: June 25 , 2025 07:19 AM IST
1 minute Read
-
അവസാന മത്സരം ജയിച്ചിട്ടും അത്‌ലറ്റിക്കോ മഡ്രിഡ് പുറത്ത്
-
പ്രീക്വാർട്ടറിൽ പിഎസ്ജി vs ഇന്റർ മയാമി
അറ്റ്ലാന്റ∙ ടൂർണമെന്റിന്റെ തുടക്കത്തിൽ ഒന്നു പതറിയെങ്കിലും ഗ്രൂപ്പ് ചാംപ്യൻമാരായിത്തന്നെ ഫ്രഞ്ച് ടീം പിഎസ്ജി ക്ലബ് ഫുട്ബോൾ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ യുഎസ് ക്ലബ് സിയാറ്റിൽ സൗണ്ടേഴ്സിനെ 2–0ന് തോൽപിച്ചാണ് യൂറോപ്യൻ ചാംപ്യൻമാർ പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിച്ചത്. തോൽവിയോടെ സിയാറ്റിൽ ടൂർണമെന്റിൽ നിന്നു പുറത്തായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ബോട്ടഫോഗോയെ 1–0ന് തോൽപിച്ചിട്ടും സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡിന് നോക്കൗട്ട് റൗണ്ടിൽ കടക്കാനായില്ല. ഇരു ടീമുകൾക്കും ഒരേ പോയിന്റ് ആയതോടെ ഗോൾ വ്യത്യാസത്തിൽ അത്‌ലറ്റിക്കോയെ മറികടന്ന ബോട്ടഫോഗോ പ്രീക്വാർട്ടറിൽ എത്തി. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ബ്രസീൽ ക്ലബ് പാൽമിറാസിനോട് 2–2 സമനില വഴങ്ങിയ യുഎസ് ക്ലബ് ഇന്റർ മയാമിയും പ്രീക്വാർട്ടറിൽ കടന്നു. 29ന് നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തിൽ പിഎസ്ജിയാണ് മയാമിയുടെ എതിരാളി. മറ്റൊരു മത്സരത്തിൽ പോർച്ചുഗൽ ക്ലബ് പോർട്ടോയെ ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്‌ലി 4–4 സമനിലയിൽ പിടിച്ചു.
ഇതാ പിഎസ്ജി
കഴിഞ്ഞ മത്സരത്തിൽ ബോട്ടഫോഗോയോടേറ്റ അപ്രതീക്ഷിത തോൽവിയുടെ യാതൊരു ക്ഷീണവുമില്ലാതെയാണ് സിയാറ്റിൽ സൗണ്ടേഴ്സിനെതിരായ മത്സരത്തിൽ പിഎസ്ജി ഇറങ്ങിയത്. തുടക്കം മുതൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത പിഎസ്ജി 73 ശതമാനം പന്തവകാശവുമായി കളം നിറഞ്ഞപ്പോൾ യുഎസ് ക്ലബ് തീർത്തും കാഴ്ചക്കാരായി. ആദ്യ പകുതിയുടെ 35–ാം മിനിറ്റിൽ ക്വിച്ച കവാരട്സ്ഹെലിയയിലൂടെ പിഎസ്ജി അക്കൗണ്ട് തുറന്നു. ബോക്സിനു പുറത്തുനിന്ന് വിറ്റിഞ്ഞ്യ തൊടുത്ത ബുള്ളറ്റ് ഷോട്ട് കവാരട്സ്ഹെലിയയുടെ ദേഹത്തു തട്ടി പോസ്റ്റിലേക്കു കയറുകയായിരുന്നു. അച്റഫ് ഹക്കീമിയിലൂടെ 66–ാം മിനിറ്റിലായിരുന്നു പിഎസ്ജിയുടെ രണ്ടാം ഗോൾ. 7 ഗോൾ ഷോട്ടുകളാണ് സിയാറ്റിലിനെതിരെ പിഎസ്ജി സ്ട്രൈക്കർമാർ പായിച്ചത്. ഗോൾ കീപ്പർ സ്റ്റെഫാൻ ഫ്രെയുടെ ചെറുത്തുനിൽപാണ് കൂടുതൽ നഷ്ടങ്ങളില്ലാതെ തടിതപ്പാൻ സിയാറ്റിലിനെ സഹായിച്ചത്.
അടിതെറ്റി അത്‌ലറ്റിക്കോ
ബോട്ടഫോഗോയ്ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന് ഇറങ്ങുമ്പോൾ പ്രീക്വാർട്ടറിൽ കടക്കാൻ അത്‍ലറ്റിക്കോ മഡ്രിഡിന് ജയം അനിവാര്യമായിരുന്നു. 87–ാം മിനിറ്റിൽ അന്റോയിൻ ഗ്രീസ്മാന്റെ ഗോളിലൂടെ അവർ ആ ജയം പിടിച്ചെടുത്തെങ്കിലും ഗോൾ വ്യത്യാസത്തിൽ ബോട്ടഫോഗോയെ മറികടക്കാൻ സാധിക്കാത്തത് സ്പാനിഷ് ക്ലബ്ബിന് തിരിച്ചടിയായി. ബോട്ടഫോഗോയുടെ ഗോൾ വ്യത്യാസം ഒന്നും അത്‌ലറ്റിക്കോയുടേത് –1ഉം ആണ്. ഇതോടെ അത്‌ലറ്റിക്കോയെ മറികടന്ന് ബ്രസീലിയൻ ക്ലബ് പ്രീക്വാർട്ടറിലേക്ക്. ആദ്യ മത്സരത്തിൽ പിഎസ്ജിയോടേറ്റ 4–0ന് തോൽവിയാണ് അത്‌ലറ്റിക്കോയുടെ വില്ലനായത്.
മയാമി വരുന്നു
കയ്യിലിരുന്ന കളി കൈവിട്ടെങ്കിലും ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായി ലയണൽ മെസ്സിയുടെ ഇന്റർ മയാമി ക്ലബ് ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടന്നു. ഇന്നലെ നടന്ന അവസാന മത്സരത്തിൽ പാൽമിറാസിനെതിരെ 2–0ന് മുന്നിൽ നിന്ന ശേഷമായിരുന്നു മയാമി രണ്ടു ഗോളുകൾ വഴങ്ങിയത്. ടാഡിയോ അലെൻഡെ (16–ാം മിനിറ്റ്), ലൂയി സ്വാരെസ് (65) എന്നിവരാണ് മയാമിക്കായി ലക്ഷ്യം കണ്ടത്. പൗലിഞ്ഞോ (80), മൗറിഷ്യോ (87) എന്നിവരാണ് പാൽമിറാസിനായി ഗോൾ മടങ്ങിയത്. ഇരുവർക്കും 5 പോയിന്റ് വീതമാണെങ്കിലും ഗോൾ വ്യത്യാസത്തിൽ (പാൽമിറാസ്– 2, മയാമി– 1) ബ്രസീലിയൻ ക്ലബ് ഗ്രൂപ്പ് ചാംപ്യൻമാരായി പ്രീക്വാർട്ടറിൽ കടന്നു.
English Summary:








English (US) ·