
ഇന്ത്യ-പാകിസ്താൻ മത്സരശേഷം താരങ്ങൾ | PTI
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരേ കടുത്ത നടപടികളുമായാണ് ഇന്ത്യ മുന്നോട്ടുപോകുന്നത്. അതിനിടെ വരാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇന്ത്യ ആതിഥ്യമുരുളുന്ന ടൂര്‍ണമെന്റ് നീട്ടിവെക്കാനുള്ള സാധ്യതയേറുകയാണ്. ഈ വര്‍ഷം സെപ്റ്റംബറിലാണ് ഏഷ്യാ കപ്പ് നടക്കേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് മത്സരം കളിക്കാന്‍ സാധ്യത വിരളമാണ്. ബംഗ്ലാദേശ് പരമ്പരയ്ക്ക് ശേഷം ഇന്ത്യ ഏഷ്യാ കപ്പില്‍ പങ്കെടുക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബംഗ്ലാദേശുമായുള്ള പരമ്പരയും നിലവില്‍ നടക്കുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇരുടീമുകളുമായി മത്സരിക്കുന്നതിൽനിന്ന് ഇന്ത്യ പിന്മാറിയാൽ രാജ്യങ്ങളുടെ ക്രിക്കറ്റ് ബോർഡുകൾക്ക് വൻതുക നഷ്ടം വരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ടൈംസ് നൗവിന്റെ റിപ്പോർട്ട് പ്രകാരം പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് 220 കോടിയോളം രൂപയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് 130 കോടിയോളം രൂപയും നഷ്ടം വരും. നാല് വർഷത്തെ ഐസിസി സൈക്കിൾ പരിഗണിക്കുമ്പോഴുള്ള കണക്കാണിത്. അതായത് ഇരുരാജ്യങ്ങളുടെയും ബോർഡുകൾക്ക് വരുന്ന നഷ്ടം 350 കോടി രൂപയോളമാണ്. ഇത് ക്രിക്കറ്റ് ബോര്‍ഡുകളുടെ മുന്നോട്ടുപോക്കിന് വന്‍വെല്ലുവിളി സൃഷ്ടിക്കുമെന്നുറപ്പാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരേ ഇനി ഇന്ത്യ കളിക്കാനുള്ള സാധ്യതയും കുറവാണ്.
ഏഷ്യാ കപ്പിലും ഐസിസി ടൂര്‍ണമെന്റുകളിലും നടക്കുന്ന ഇന്ത്യ-പാക് മത്സരങ്ങള്‍ക്ക് റെക്കോഡ് കാഴ്ചക്കാരാണ് ഉണ്ടാകാറുള്ളത്. 2023 ലെ ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം കോടിക്കണക്കിന് പേരാണ് തത്സമയം വീക്ഷിച്ചത്. ബ്രോഡ്കാസ്റ്റ് വിതരണവുമായി ബന്ധപ്പെട്ട് ഐസിസിക്ക് ഏകദേശം നാല് മില്ല്യണ്‍ ഡോളറും ലഭിച്ചു. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനും വന്‍ തുക ലഭിച്ചിട്ടുണ്ട്. അതേസമയം വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ഐസിസി ടൂര്‍ണമെന്റുകളിലും ഇന്ത്യ പാകിസ്താനെതിരേ കളിക്കില്ലെന്ന നിലപാടെടുത്താല്‍ പാകിസ്താന് ഏകദേശം 165 മുതൽ 220 കോടി രൂപ നഷ്ടം വരുമെന്നാണ് റിപ്പോര്‍ട്ട്.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനും ഇന്ത്യയുടെ നിലപാട് തിരിച്ചടിയാകും. ഏകദേശം 130 കോടി രൂപയോളമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്(ബിസിബി)നഷ്ടം വരുക. 2022 ലാണ് ഇന്ത്യ-ബംഗ്ലാദേശ് പര്യടനം അവസാനമായി നടന്നത്. അന്ന് ബിസിബിക്ക് ഏകദേശം 80 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള പരമ്പരകള്‍ ടിവി വ്യൂവര്‍ഷിപ്പിലടക്കം വന്‍ വര്‍ധനയാണ് ഉണ്ടാക്കുന്നത്.
സെപ്റ്റംബറില്‍ നടത്താന്‍ തീരുമാനിച്ച ഏഷ്യ കപ്പ് ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലില്‍ നടക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വന്ന് പാകിസ്താന്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകില്ല. മറ്റൊരു രാജ്യത്തായിരിക്കും പാകിസ്താന്‍ കളിക്കുക. ശ്രീലങ്ക, യു.എ.ഇ എന്നിവിടങ്ങളില്‍ ഏഷ്യാ കപ്പ് നടത്തുന്നതും അധികൃതരുടെ ആലോചനയിലുണ്ട്. ഇത് സംബന്ധിച്ച് നിലവില്‍ തീരുമാനമായിട്ടില്ല. ഇന്ത്യ ടൂർണമെന്റിൽ നിന്ന് പിന്മാറുമോ എന്നതിലും വ്യക്തത വരാനുണ്ട്.
ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് കീഴില്‍ നടക്കുന്ന ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാറുള്ളത്. 2008-ലെ മുംബൈ ഭീകരാക്രമണത്തോടെ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായിരുന്നു. ആക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ വഷളായതിനാല്‍, 2008-ല്‍ ഏഷ്യാ കപ്പില്‍ പങ്കെടുത്തതിനുശേഷം ഇന്ത്യ, പാകിസ്താനില്‍ പര്യടനം നടത്തിയിട്ടില്ല.
അടുത്തിടെ പാകിസ്താനില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായും ഇന്ത്യ, പാകിസ്താനിലേക്ക് യാത്ര ചെയ്തിരുന്നില്ല. പകരം ടൂര്‍ണമെന്റി ഹൈബ്രിഡ് മോഡലിലാക്കി ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായില്‍ നടത്തുകയായിരുന്നു. 2024-2027 കാലത്തില്‍ ഇന്ത്യയിലോ പാകിസ്താനിലോ നടക്കുന്ന എല്ലാ ഐസിസി ടൂര്‍ണമെന്റുകള്‍ക്കും ഹൈബ്രിഡ് മോഡല്‍ ഏര്‍പ്പെടുത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തീരുമാനിച്ചിരുന്നു.
Content Highlights: india Boycott Could Cost Pakistan and Bangladesh Over 350 Crores report








English (US) ·