മുംബൈ; 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിക്കുകയാണ് ലോകമെങ്ങും. കായിക സംഘടനകള്‍ ഉള്‍പ്പെടെ സംഭവത്തോട് പ്രതികരിച്ചിട്ടുണ്ട്. ഏപ്രില്‍ 22-നായിരുന്നു രാജ്യം ഞെട്ടിയ ഭീകരാക്രമണം. സംഭവത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക മത്സരങ്ങള്‍ ഇനി എങ്ങനെയായിരിക്കും എന്നതാണ് കായിക പ്രേമികള്‍ ഉറ്റുനോക്കുന്ന കാര്യം.
2008-ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ - പാക് ബന്ധത്തില്‍ വലിയ വിള്ളല്‍ സംഭവിച്ചിരുന്നു. 2012-13 കാലത്താണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ അവസാന ഉഭയകക്ഷി പരമ്പര നടന്നത്. അതിനു ശേഷം പിന്നീട് ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വന്നത്. പ്രധാന ടൂര്‍ണമെന്റുകളില്‍ പോലും പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. ഇതോടെ ഏഷ്യാ കപ്പ്, കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി എന്നിവയിലെല്ലാം നിഷ്പക്ഷ വേദികളിലാണ് ഇന്ത്യ - പാക് മത്സരങ്ങള്‍ അരങ്ങേറിയത്.
ഇന്ത്യ - പാക് മത്സരങ്ങള്‍ ലോകത്ത് എവിടെ നടക്കുകയാണെങ്കിലും അതിന് കാഴ്ചക്കാര്‍ ഏറെയാണ്. ഐസിസിക്ക് ഇന്ത്യ - പാക് മത്സരങ്ങള്‍ പൊന്മുട്ടയിടുന്ന താറാവാണ്. അതിനാല്‍ തന്നെ ഐസിസി ടൂര്‍ണമെന്റുകളിലെല്ലാം ഇന്ത്യയേയും പാകിസ്താനേയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയേയും പാകിസ്താനേയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തരുതെന്നാവശ്യപ്പെട്ട് ബിസിസിഐ, ഐസിസിക്ക് കത്തെഴുതിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഈ വര്‍ഷം പുരുഷ ടീമിന് ഐസിസി ടൂര്‍ണമെന്റുകള്‍ ഒന്നും തന്നെയില്ല. ഇന്ത്യയില്‍ പക്ഷേ സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍ വനിതാ ലോകകപ്പ് നടക്കാനുണ്ട്. പാകിസ്താന്‍ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ഈ ടൂര്‍ണമെന്റിലെ ഇന്ത്യ - പാക് മത്സരങ്ങള്‍ നേരത്തേ തീരുമാനിച്ചതു പോലെ നിഷ്പക്ഷ വേദിയിലാണ് നടക്കുക. അടുത്ത ഏഷ്യാ കപ്പാണ് ഇനി ഇന്ത്യ - പാക് പുരുഷ ടീമുകള്‍ നേര്‍ക്കുനേര്‍ വരാന്‍ സാധ്യതയുള്ള ടൂര്‍ണമെന്റ്. ആതിഥേയര്‍ ഇന്ത്യയായതിനാല്‍ ഈ ടൂര്‍ണമെന്റും നിഷ്പക്ഷ വേദിയിലാകും നടക്കുക.
ഇന്ത്യ - പാക് ക്രിക്കറ്റിന്റെ വിഷയത്തില്‍ ബിസിസിഐ നേരത്തേ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
''ഞങ്ങള്‍ ഇരകളോടൊപ്പമാണ്, ഞങ്ങള്‍ അതിനെ അപലപിക്കുന്നു. സര്‍ക്കാര്‍ എന്തുപറയുന്നോ ഞങ്ങള്‍ അതുപോലെ ചെയ്യും. സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്നാണ് ഞങ്ങള്‍ പാകിസ്താനുമായി ഉഭയകക്ഷി പരമ്പര കളിക്കാത്തത്. ഭാവിയിലും അവരുമായി പരമ്പര കളിക്കില്ല. എന്നാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍, ഐസിസി ഇടപെടലിനെ തുടര്‍ന്ന് ഞങ്ങള്‍ കളിക്കും. എന്താണ് സംഭവിക്കുന്നതെന്ന് ഐസിസിക്കും അറിയാം.'' - ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു.
Content Highlights: pahalgam onslaught aftermath: Will India and Pakistan play cricket matches? Future of bilateral series








English (US) ·