24 April 2025, 08:46 PM IST

പാകിസ്താൻ സൂപ്പർ ലീഗ് മത്സരത്തിൽ നിന്ന് | X.com/@RichKettle07
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയിലെ പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ സംപ്രേഷണം നിര്‍ത്തിവെച്ചു. ടൂര്‍ണമെന്റിലെ ബാക്കിയുള്ള മത്സരങ്ങള്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഫാന്‍കോഡില്‍ സംപ്രേഷണം ചെയ്യില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അധികൃതര്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.
പാകിസ്താന്‍ സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട എല്ലാത്തരം ഉള്ളടക്കങ്ങളും ഫാന്‍കോഡില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പിഎസ്എല്ലിലെ ആദ്യ 13 മത്സരങ്ങളാണ് ഫാന്‍കോഡില്‍ സംപ്രേഷണം ചെയ്തിരുന്നത്. ലീഗില്‍ ഇനിയുള്ള മത്സരങ്ങള്‍ സംപ്രേഷണം ചെയ്‌തേക്കില്ലെന്നാണ് വിവരം. വെള്ളിയാഴ്ച ഇത് സംബന്ധിച്ച് തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 11 ന് ആരംഭിച്ച ടൂര്‍ണമെന്റ് മേയ് 18 നാണ് അവസാനിക്കുന്നത്.
അതേസമയം പാകിസ്താനെതിരെ കൂടുതൽ നടപടികളിലേക്ക് ഇന്ത്യ നീങ്ങുകയാണ്. ഇന്ത്യയിലുള്ള എല്ലാ പാക് പൗരന്മാരും ഏപ്രിൽ 27നുള്ളിൽ നാടുവിടണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. പാക് പൗരന്മാർക്ക് ഇന്ത്യയിലെത്തുന്നതിന് നൽകിയിരുന്ന എല്ലാതരത്തിലുമുള്ള വിസകളും റദ്ദാക്കി. ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ പാകിസ്താനികൾക്ക് നൽകിയ മെഡിക്കൽ വിസകളുൾപ്പെടെ റദ്ദാക്കുകയും മെഡിക്കൽ വിസയിലെത്തിയവർ ഏപ്രിൽ 29-നകം രാജ്യം വിടണമെന്നും നിർദേശം നൽകി. പാകിസ്താനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം തിരികെ എത്താനും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. പാകിസ്താനിലേക്കുള്ള ഇന്ത്യയ്ക്കാരുടെ യാത്രയും ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
Content Highlights: Pahalgam Terrorist Attack Pakistan Super League Broadcast Stopped In India








English (US) ·