
പ്രോമോ വീഡിയോയിൽ നിന്ന് | X.com/@SonySportsNetwk
ന്യൂഡല്‍ഹി: അടുത്തമാസം ആരംഭിക്കാനിരിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ഇന്ത്യ-പാക് ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടത്തെയും ആരാധകര്‍ ഉറ്റുനോക്കുന്നു. എന്നാല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി അടുത്തിടെ പുറത്തിറക്കിയ ഒരു പ്രമോഷന്‍ വീഡിയോ വന്‍ വിമര്‍ശനമേറ്റുവാങ്ങുകയാണ്. ഇന്ത്യ-പാക് മത്സരവുമായി ബന്ധപ്പെട്ട് സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് പുറത്തിറക്കിയ വീഡിയോക്കുനേരെ ആരാധകര്‍ രൂക്ഷവിമര്‍ശനമുന്നയിക്കുകയാണ്.
ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റ് പാര്‍ട്‌നറാണ് സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക്. ഇന്ത്യ-പാക് പോരാട്ടത്തിന്റെ ആവേശം ഉള്‍ക്കൊണ്ടുകൊണ്ട് തയ്യാറാക്കിയതാണ് വീഡിയോ. ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്, പാക് താരം ഷഹിന്‍ അഫ്രീദി, മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് എന്നിവര്‍ വീഡിയോയിലുണ്ട്. വീഡിയോയെ വിമര്‍ശിച്ച ചിലര്‍ ഏഷ്യാ കപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നുമുണ്ട്. പഹല്‍ഗാം മറന്നിട്ടില്ലെന്നും പാകിസ്താനുമായി കളിക്കരുതെന്നും പലരും സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.
അടുത്തമാസം യുഎഇയിൽ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്താനുമായി കളിക്കുന്നതിൽനിന്ന് ഇന്ത്യൻ ടീമിനെ തടയില്ലെന്ന് അടുത്തിടെ കേന്ദ്ര കായികമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇരുരാഷ്ട്രങ്ങളും തമ്മിൽ പരമ്പരകൾ നടത്തുന്നതിന് അനുമതിയുണ്ടാവില്ല. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ ഇന്ത്യ കളിക്കുന്നതിൽ വിവിധകോണുകളിൽനിന്ന് വിമർശനമുയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രാലയം നിലപാടറിയിച്ചത്. ചാമ്പ്യൻഷിപ്പുകളിൽ മത്സരിക്കുന്നത് തടയുന്നത് ഒളിമ്പിക് ചാർട്ടറിന് വിരുദ്ധമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് കീഴില്‍ നടക്കുന്ന ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാറുള്ളത്. 2008-ലെ മുംബൈ ഭീകരാക്രമണത്തോടെ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായിരുന്നു. ആക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ വഷളായതിനാല്‍, 2008-ല്‍ ഏഷ്യാ കപ്പില്‍ പങ്കെടുത്തതിനുശേഷം ഇന്ത്യ, പാകിസ്താനില്‍ പര്യടനം നടത്തിയിട്ടില്ല.
ടി20 ഫോര്‍മാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് യുഎഇയിലാണ് നടക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ 28-നാണ്. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 19 മത്സരങ്ങളാണുണ്ടാവുക. ഇന്ത്യയും പാകിസ്താനും യുഎഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ രണ്ടാമത്തെ ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പില്‍നിന്നും രണ്ടു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതില്‍ മികച്ച രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും.
Content Highlights: India-Pakistan Asia Cup Promo video criticism








English (US) ·