ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിവിധയിടങ്ങളില്‍നിന്ന് നിരവധി എതിര്‍പ്പുകള്‍ ഉണ്ടായിരുന്നിട്ടും ഇന്ത്യയും പാകിസ്താനും ബഹുരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ക്രിക്കറ്റ് ബന്ധം തുടരാന്‍ സാധ്യത. 2025-ലെ ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുമെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2025-ലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ആസൂത്രണം ചെയ്തതുപോലെ നടക്കുമെന്നും സെപ്റ്റംബര്‍ 10-ന് ഉദ്ഘാടന മത്സരം നടത്താനായേക്കുമെന്നും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ (എസിസി) ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.
ടി20 ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്നുള്ള ഇന്ത്യയുടെ സിന്ദൂര്‍ ഓപ്പറേഷനും ഇന്ത്യ-പാക് അതിര്‍ത്തി സംഘര്‍ഷങ്ങള്‍ രൂക്ഷമാക്കിയിരുന്നു. ഇതോടെ ടൂര്‍ണമെന്റിന്റെ കാര്യവും അനിശ്ചിതത്വത്തിലായിരുന്നു. എന്നാല്‍, കാര്യങ്ങളില്‍ മാറ്റം വന്നിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ടൂര്‍ണമെന്റിന്റെ കാര്യം തീരുമാനിക്കാന്‍ ജൂലായ് ആദ്യവാരം എസിസി യോഗം ചേരുമെന്നും ആറു ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ പൂര്‍ണ ഷെഡ്യൂള്‍ പുറത്തിറക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സെപ്റ്റംബറില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ആതിഥേയര്‍ ഇന്ത്യയാണ്. എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റുകള്‍ നിഷ്പക്ഷ വേദികളിലോ അല്ലെങ്കില്‍ ഹൈബ്രിഡ് മോഡലുകളിലോ നടത്താറാണ് പതിവ്. ഇത്തവണയും ഇത് നടപ്പിലാക്കും. അതിനാല്‍ തന്നെ യുഎഇയ്ക്കാനും ആതിഥേയത്വത്തിനുള്ള നറുക്ക് വീഴുകയെന്നാണ് സൂചനകള്‍.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറും തുടര്‍ന്നുള്ള പാക് പ്രകോപനങ്ങളുമെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളാക്കിയ ഘട്ടത്തില്‍ ക്രിക്കറ്റിലും പാകിസ്താനെ ഒറ്റപ്പെടുത്താന്‍ നേരത്തേ ഇന്ത്യ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഈ വര്‍ഷത്തെ ഏഷ്യാ കപ്പില്‍നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പിന്‍വലിക്കാന്‍ ബിസിസിഐ നീക്കംനടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ (എസിസി) നയിക്കുന്നത് പാകിസ്താന്‍ മന്ത്രിയും പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാനും കൂടിയായ മൊഹ്‌സിന്‍ നഖ്വിയാണ്. ഇക്കാരണം മുന്‍നിര്‍ത്തിയായിരുന്നു ബിസിസിഐയുടെ നീക്കം. ഈ നിലപാടില്‍നിന്ന് ഔദ്യോഗികമായി ഇന്ത്യ പിന്നാക്കം പോകുമോ എന്നാണ് കായികപ്രേമികള്‍ ഉറ്റുനോക്കുന്നത്. പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധവും ഇന്ത്യ അവസാനിപ്പിക്കണമെന്ന് പറഞ്ഞവരില്‍ നിലവിലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറും ഉള്‍പ്പെടുന്നു.
നിലവില്‍ ഐസിസി, എസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങള്‍ നടക്കുന്നത്. പാകിസ്താനില്‍ കളിക്കുന്നതിന് ഇന്ത്യ തയ്യാറാകാത്തതിനെ തുടര്‍ന്ന് പാകിസ്താന്‍ ആതിഥേയത്വം വഹിച്ച 2023 ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലും കഴിഞ്ഞ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയിലുമായാണ് നടത്തിയത്.
കഴിഞ്ഞ ഏപ്രില്‍ 22-നാണ് രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നത്. 26 പേരുടെ മരണത്തിനും 16 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ ആക്രമണമായിരുന്നു ഇത്.
Content Highlights: Despite pahalgam onslaught tensions, India and Pakistan are apt to look disconnected successful the 2025 Asia Cup








English (US) ·