പഹൽഗാം ഭീകരാക്രമണത്തിന്റെ മുറിവിൽ ഉപ്പ് പുരട്ടുന്നതുപോലെ; ഇന്ത്യ-പാക് മത്സരത്തിനെതിരെ രൂക്ഷവിമർശനം

4 months ago 4

ലഖ്‌നൗ: ഞായറാഴ്ച ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏഷ്യ കപ്പ് പോരാട്ടം നടക്കാനിരിക്കേ ബിസിസിഐക്കെതിരേ രൂക്ഷവിമര്‍ശനമുയരുകയാണ്. മത്സരം ബഹിഷ്‌ക്കരിക്കാന്‍ സാമൂഹികമാധ്യമങ്ങളിലടക്കം ആഹ്വാനങ്ങളുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യയടക്കം സമാനമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ബിസിനസുകാരനായ ശുഭം ദ്വിവേദിയുടെ ഭാര്യ അശാന്യ ദ്വിവേദിയാണ് വിമര്‍ശനവുമായി എത്തിയത്. പഹൽ​ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം ഇതാദ്യമായാണ് ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരം നടക്കുന്നത്.

"കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുണ്ടായ മുറിവില്‍ ഉപ്പ് പുരട്ടുന്നതുപോലായണ് ഇതെന്ന് അശാന്യ പ്രതികരിച്ചു. ആളുകള്‍ മത്സരം ബഹിഷ്‌ക്കരിക്കണം. ടിവിയില്‍ കാണരുത്. ആരും സ്റ്റേഡിയങ്ങളിലും പോകരുത്." മത്സരത്തില്‍നിന്ന് ലഭിക്കുന്ന പണം പാകിസ്താന്‍ ഭീകരവാദത്തിന് ഉപയോഗിക്കുമെന്നും അവര്‍ ആരോപിച്ചു.

"ബിസിസിഐ നിര്‍വികാരമാണ്. പഹല്‍ഗാമില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് യാതൊരു ആദരവുമില്ല. ഞങ്ങളുടെ ക്രിക്കറ്റ് താരങ്ങള്‍ എന്താണ് ചെയ്യുന്നത്? അവരും രാജ്യസ്‌നേഹികളാണ് എന്നാണല്ലോ പറയുന്നത്. ഒരു തോക്കിന്‍മുനയില്‍ നിര്‍ത്തി ബിസിസിഐ പാകിസ്താനെതിരേ കളിക്കാന്‍ നിര്‍ബന്ധിക്കുന്നില്ലല്ലോ. അവര്‍ കളിക്കാന്‍ വിസമ്മതിക്കണം." ആശാന്യ പ്രതികരിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി അടുത്തിടെ തള്ളിയിരുന്നു. വിഷയത്തിൽ എന്തിനാണിത്ര തിടുക്കം കാണിക്കുന്നതെന്ന് ആരാഞ്ഞ കോടതി, അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമായ സന്ദേശമാണ് നല്‍കുന്നതെന്ന് അറിയിച്ചുകൊണ്ട്, ഉര്‍വശി ജെയിനിന്റെ നേതൃത്വത്തില്‍ നാല് നിയമ വിദ്യാഥികളാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരുന്നത്.

ഏഷ്യ കപ്പ് ക്രിക്കറ്റിൽ പാകിസ്താനുമായി കളിക്കുന്നതിൽനിന്ന് ഇന്ത്യൻ ടീമിനെ തടയില്ലെന്ന് കേന്ദ്ര കായികമന്ത്രാലയവും നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇരുരാഷ്ട്രങ്ങളും തമ്മിൽ പരമ്പരകൾ നടത്തുന്നതിന് അനുമതിയുണ്ടാവില്ല. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ ഇന്ത്യ കളിക്കുന്നതിൽ വിവിധ കോണുകളിൽനിന്ന് വിമർശനമുയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രാലയം നിലപാടറിയിച്ചത്. ചാമ്പ്യൻഷിപ്പുകളിൽ മത്സരിക്കുന്നത് തടയുന്നത് ഒളിമ്പിക് ചാർട്ടറിന് വിരുദ്ധമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

Content Highlights: Pahalgam victims woman slams BCCI implicit India-Pak cricket match

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article