പഹൽഗാം സംഭവിക്കരുത്, എന്നാൽ ഇന്ത്യയും പാകിസ്താനും കളിക്കുന്നതിൽ കുഴപ്പമില്ല - ​ഗാം​ഗുലി

5 months ago 6

ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് കളിക്കുന്നത് തുടരണമെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ​ഗാം​ഗുലി. എന്നാൽ പഹൽ​ഗാമിലേതുപോലുള്ള ഭീകരാക്രമണങ്ങൾ ഒരിക്കലും സംഭവിക്കരുതെന്നും ​ഗാം​ഗുലി പറഞ്ഞു. ഏഷ്യാ കപ്പ് മത്സരക്രമം പുറത്തുവന്നതിന് പിന്നാലെയാണ് മുൻ ഇന്ത്യൻ നായകന്റെ പ്രതികരണം. ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് കീഴില്‍ നടക്കുന്ന ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാറുള്ളത്.

മത്സരങ്ങൾ മുന്നോട്ട് പോകണം. അതേസമയം പഹൽഗാം ഒരിക്കലും സംഭവിക്കരുത്. എങ്കിലും കളി തുടരുക തന്നെ വേണം. - ​ഗാം​ഗുലി എഎൻഐയോട് പറഞ്ഞു.

ഭീകരവാദം ഉണ്ടാകരുതെന്നും അത് അവസാനിപ്പിക്കണമെന്നും ​ഗാം​ഗുലി കൂട്ടിച്ചേർത്തു. ഭീകരവാദത്തിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചു. എന്നാൽ കായിക മത്സരങ്ങൾ നടക്കണം.- ഗാംഗുലി പറഞ്ഞു.

ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റ് യുഎഇയില്‍വെച്ച് നടക്കുമെന്നാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ഔദ്യോഗികമായി അറിയിച്ചത്. സെപ്റ്റംബര്‍ 9 മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ്. എസിസി അധ്യക്ഷനും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മുഹ്‌സിന്‍ നഖ്‌വി സാമൂഹികമാധ്യമമായ എക്‌സിലൂടെ പ്രഖ്യാപനം നടത്തുകയായിരുന്നു. ഏവരും ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം സെപ്റ്റംബര്‍ 14-നാണ്.

ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 19 മത്സരങ്ങളാണുണ്ടാവുക. ഇന്ത്യയും പാകിസ്താനും യുഎഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ രണ്ടാമത്തെ ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പില്‍നിന്നും രണ്ടു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതില്‍ മികച്ച രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും.

അടുത്തിടെ പാകിസ്താനില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായും ഇന്ത്യ, പാകിസ്താനിലേക്ക് യാത്ര ചെയ്തിരുന്നില്ല. പകരം ടൂര്‍ണമെന്റ്‌ ഹൈബ്രിഡ് മോഡലിലാക്കി ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായില്‍ നടത്തുകയായിരുന്നു. 2024-2027 കാലത്തില്‍ ഇന്ത്യയിലോ പാകിസ്താനിലോ നടക്കുന്ന എല്ലാ ഐസിസി ടൂര്‍ണമെന്റുകള്‍ക്കും ഹൈബ്രിഡ് മോഡല്‍ ഏര്‍പ്പെടുത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തീരുമാനിച്ചിരുന്നു.

Content Highlights: Pahalgam Should Not Happen But Sport Must Go On says Sourav Ganguly

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article