27 May 2025, 09:15 AM IST

പാം ദോർ പുരസ്കാരവുമായി ജാഫർ പനാഹി | ഫോട്ടോ: AP
പാരീസ്: കാൻ ചലച്ചിത്രമേളയിലെ സമുന്നതബഹുമതിയായ ‘പാം ദോർ’ നേടിയ സംവിധായകൻ ജാഫർ പനാഹി തിങ്കളാഴ്ച ജന്മനാടായ ഇറാനിലെത്തി. ഭരണകൂട എതിർപ്പ് മറികടന്ന് ടെഹ്‌റാനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീരോജ്ജ്വലവരവേൽപ്പാണ് പനാഹിക്ക് ആരാധകരൊരുക്കിയത്.
ആർപ്പുവിളിച്ചും കെട്ടിപ്പിടിച്ചും പൂക്കൾ നൽകിയും അവർ അദ്ദേഹത്തെ സ്വീകരിച്ചു. 2022-23 കാലത്ത് ഇറാൻഭരണകൂടത്തെ പിടിച്ചുകുലുക്കിയ ഹിജാബുവിരുദ്ധപ്രക്ഷോഭത്തിന്റെ ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യം ചില ആരാധകർ ഉരുവിട്ടു. ഇറാനിലെ രാഷ്ട്രീയത്തടവുകാരുടെ പ്രതികാരദാഹത്തിന്റെ കഥപറയുന്ന ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്‌സിഡൻറ് എന്ന സിനിമയാണ് പനാഹിക്ക് ‘പാം ദോർ’ നേടിക്കൊടുത്തത്.
പുരസ്കാരനേട്ടത്തിൽ ഇറാൻസർക്കാർ പ്രതികരിച്ചിട്ടില്ല. ദേശീയമാധ്യമങ്ങൾ അത് ആഘോഷിച്ചതുമില്ല. ഇറാനിയൻ സംവിധായകൻ മെഹ്ദി നദേരിയും ഇറാനുപുറത്ത് പ്രവർത്തിക്കുന്ന ചാനലായ ഇറാൻ ഇന്റർനാഷണലുമാണ് സ്വീകരണത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. 1997-ൽ അബ്ബാസ് കിയരോസ്തമിക്കുശേഷം പാം ദോർ നേടുന്ന ഇറാൻകാരനാണ് പനാഹി. അതിനിടെ, ഇറാനിയൻ ഭരണകൂട അടിച്ചമർത്തലുകളോടുള്ള ചെറുത്തുനിൽപ്പിന്റെ പ്രതീകമാണ് പനാഹിയുടെ വിജയമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴാങ് നോയൽ ബരോ പറഞ്ഞത് ഇറാനെ ചൊടിപ്പിച്ചു.
ഫ്രഞ്ച് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇറാൻ പ്രതിഷേധമറിയിച്ചു. സർക്കാരിനെതിരായി ചലച്ചിത്രങ്ങളെടുക്കുന്നെന്ന് ആരോപിച്ച് 2009 മുതൽ പലവട്ടം പനാഹിയെ ഇറാൻ അറസ്റ്റുചെയ്തിട്ടുണ്ട്. സിനിമയെടുക്കുന്നതിൽനിന്ന് 20 വർഷത്തേക്ക് വിലക്കുകയുംചെയ്തു.
Content Highlights: Jafar Panahi's Triumphant Return to Iran After Cannes Palme d'Or Win
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·