23 August 2025, 09:18 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യ പാകിസ്താൻ മത്സരത്തിനിടെ | ഫോട്ടോ - എഎഫ്പി, പിടിഐ
ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങളെക്കുറിച്ച് നിലപാട് വ്യക്തമാക്കി കേന്ദ്ര കായിക വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഇന്ത്യയുടെ കായിക നയം, പുതിയ കായിക ബില്‍, പാകിസ്താനുമായുള്ള ഉഭയകക്ഷി മത്സരങ്ങളിലെ രാജ്യത്തിന്റെ നിലപാട് എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിലൂടെ യാഥാര്‍ഥ്യമായതാണ് പുതിയ കായിക ബില്ലെന്ന് മാണ്ഡവ്യ വ്യക്തമാക്കി.
പാകിസ്താനുമായി ദ്വിരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ കളിക്കുന്നില്ല. എന്നാല്‍, ടൂര്‍ണമെന്റുകളില്‍ കായിക നിയമങ്ങള്‍ പാലിക്കേണ്ടിവരുമെന്നും മാണ്ഡവ്യ പറഞ്ഞു. ഒരു രാജ്യത്തിനും മറ്റൊരു രാജ്യത്തെ കായിക താരങ്ങള്‍ക്ക് വിസ നിഷേധിക്കാനാവില്ല. കായികബില്ലിന് കീഴിലുള്ള അടിസ്ഥാന നിയമമാണ് കൃത്യസമയത്ത് വിസ നല്‍കുക എന്നത്. ലോകോത്തര നിലവാരമുള്ള ഒരു ആഗോള കായിക കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്ത് ടൂര്‍ണമെന്റുകള്‍ നടത്താന്‍ മറ്റു രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിലൂടെ യാഥാര്‍ഥ്യമായ നിയമനിര്‍മാണമാണ് പുതിയ കായിക ബില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍, ഫെഡറേഷനുകള്‍, കായികതാരങ്ങള്‍ തുടങ്ങി കായിക ബില്ലിന്റെ മൂന്ന് പ്രധാന സ്തംഭങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കായികതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ബില്ലില്‍ അവരുടെ പരാതികള്‍ക്കായിരിക്കും പരിഗണന. പുതിയ നിയമപ്രകാരം, ബിസിസിഐ ഉള്‍പ്പെടെ എല്ലാ കായിക ഫെഡറേഷനുകളും ഒരു പുതിയ സ്‌പോര്‍ട്‌സ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും. ഇത് സുതാര്യതയ്ക്കും സദ്ഭരണത്തിനും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. നീതിയുക്തമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ പ്രത്യേക ഇലക്ഷന്‍ പാനല്‍ രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Union Minister Mandaviya discusses India`s sports policy








English (US) ·