ന്യൂഡല്‍ഹി: ലോക ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സില്‍ നിന്ന് ഇന്ത്യന്‍ ടീം ഔദ്യോഗികമായി പിന്മാറി. വ്യാഴാഴ്ച പാകിസ്താനുമായി സെമിഫൈനല്‍ പോരാട്ടം നടക്കാനിരിക്കെയാണ് ഇന്ത്യന്‍ ലെജന്‍ഡ്‌സ് ടീമിന്റെ പിന്മാറ്റം.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ കാരണം ഇന്ത്യന്‍ താരങ്ങള്‍ മത്സരം ബഹിഷ്‌കരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ടൂര്‍ണ്ണമെന്റിന്റെ പ്രധാന സ്‌പോണ്‍സറും പിന്മാറ്റ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ ഔദ്യോഗികമായി ടൂര്‍ണ്ണമെന്റില്‍നിന്ന് പിന്‍വാങ്ങിയത്. നേരത്തെ ലീഗ് ഘട്ടത്തിലും പാകിസ്താനുമുള്ള മത്സരം ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു.
ഒരു ജയവും, ഫലമില്ലാത്ത ഒരു മത്സരവും, മൂന്ന് തോല്‍വികളുമായി, ആറ് ടീമുകളുള്ള ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ നാലാം സ്ഥാനത്തായിരുന്നു. സെമിഫൈനല്‍ വ്യാഴാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനത്തെത്തിയ പാകിസ്താനായിരുന്നു ഇന്ത്യയുടെ എതിരാളി. ഇന്ത്യ പിന്‍മാറിയതോടെ പാകിസ്താന്‍ ചാമ്പ്യന്‍സ് ഫൈനലിലേക്ക് മുന്നേറും. രണ്ടാം സെമിഫൈനലില്‍ കളിക്കുന്ന ഓസ്ട്രേലിയ ചാമ്പ്യന്‍സോ ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സോ ആയിരിക്കും ഫൈനലില്‍ അവരുടെ എതിരാളികള്‍.
ശിഖര്‍ ധവാന്‍, യുവരാജ് സിങ്, സുരേഷ് റെയ്ന, ഹര്‍ഭജന്‍ സിങ്, റോബിന്‍ ഉത്തപ്പ, യൂസഫ് പഠാന്‍ തുടങ്ങിയ താരങ്ങളാണ് ഇന്ത്യന്‍ ചാമ്പ്യന്‍സ് ടീമില്‍ അണിനിരന്നത്.
ഈ വര്‍ഷം ഏപ്രിലില്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെയും, അതിന് പ്രതികാരമായി ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂറി'നെയും തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധം വീണ്ടും വഷളായിരുന്നു.
Content Highlights: India Champions propulsion retired of WCL semifinal clash against Pakistan Champions








English (US) ·