പാകിസ്താനെ അനായാസം അടിച്ചൊതുക്കി ഇന്ത്യ; പാക് താരങ്ങള്‍ക്ക് കൈ കൊടുക്കാതെ മടങ്ങി സൂര്യയും സംഘവും

4 months ago 5

ദുബായ്: തുല്യശക്തികളുടെ പോരാട്ടമാകുമെന്ന് വസീം അക്രം അടക്കമുള്ളവര്‍ പ്രവചിച്ച ഏഷ്യാ കപ്പ് പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യയ്ക്ക് അനായാസ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് പാകിസ്താന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 15.5 ഓവറില്‍ ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കേ ഇന്ത്യ മറികടന്നു. ജയത്തിനു ശേഷം പാകിസ്താന്‍ താരങ്ങളുമായി ഹസ്തദാനം ചെയ്യാതെയാണ് ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ശിവം ദുബെയും മടങ്ങിയത്.

37 പന്തില്‍ നിന്ന് 5 ബൗണ്ടറിയടക്കം 47 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. തിലക് വര്‍മയും അഭിഷേക് ശര്‍മയും 31 റണ്‍സ് വീതം നേടി.

അഭിഷേക് സമ്മാനിച്ച തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യന്‍ വിജയത്തിന്റെ അടിത്തറ. ഷഹീന്‍ ഷാ അഫ്രീദി എറിഞ്ഞ ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തിയ അഭിഷേക് ശര്‍മ ഇന്ത്യയുടെ നയം വ്യക്തമാക്കിയിരുന്നു. അടുത്ത പന്ത് സിക്‌സറിനും പറന്നു. അഭിഷേകിന്റെ കടന്നാക്രമണത്തില്‍ പാക് ബൗളര്‍മാര്‍ തുടക്കത്തില്‍ തന്നെ വിറച്ചു. ഇതിനിടെ രണ്ടാം ഓവറില്‍ സ്‌കോര്‍ 22-ല്‍ നില്‍ക്കേ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. ഏഴു പന്തില്‍ നിന്ന് 10 റണ്‍സെടുത്ത ഗില്ലിനെ സയിം അയൂബിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹാരിസ് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. അടി തുടര്‍ന്ന അഭിഷേക് 13 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത് പുറത്തായി. രണ്ട് സിക്‌സും നാല് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഓപ്പണര്‍മാര്‍ പുറത്തായതോടെ ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് - തിലക് വര്‍മ സഖ്യം ശ്രദ്ധയോടെ ബാറ്റുവീശി 56 റണ്‍സ് ചേര്‍ത്തതോടെ മത്സരം പൂര്‍ണമായും ഇന്ത്യയുടെ വരുതിയിലായി. 31 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ട് ഫോറുമടക്കം 31 റണ്‍സെടുത്ത തിലക് വര്‍മയെ പുറത്താക്കി സയിം അയൂബാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ശിവം ദുബെയെ (10*) കൂട്ടുപിടിച്ച് സൂര്യ ഇന്ത്യയെ വിജയത്തിലെത്തിച്ചു. സൂഫിയാന്‍ മുഖീമിനെ സിക്‌സറിന് തൂക്കിയാണ് സൂര്യ ഇന്ത്യയുടെ ജയം കുറിച്ചത്.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ വെറും 127 റണ്‍സില്‍ ഒതുങ്ങി. മൂന്നു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവ്, രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് പാകിസ്താനെ 127-ല്‍ ഒതുക്കിയത്. 40 റണ്‍സെടുത്ത സാഹിബ്‌സാദ ഫര്‍ഹാനാണ് അവരുടെ ടോപ് സ്‌കോറര്‍. ഷഹീന്‍ അഫ്രീദി 16 പന്തില്‍ നാല് സിക്‌സുകള്‍ സഹിതം 33* റണ്‍സ് നേടി പുറത്താവാതെ നിന്നു.

ടോസ് ആനുകൂല്യത്തില്‍ ബാറ്റിങ്ങിനെത്തിയ പാകിസ്താന്റെ ആത്മവിശ്വാസം ആദ്യപന്തില്‍ത്തന്നെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞുകെടുത്തി. ആദ്യ പന്ത് വൈഡെറിഞ്ഞ ഹാര്‍ദിക്, തുടര്‍ന്നെറിഞ്ഞ, നിയമപരമായ ആദ്യ പന്തില്‍ത്തന്നെ ഓപ്പണര്‍ സായിം അയ്യൂബിനെ പുറത്താക്കി. ഹാര്‍ദിക്കിന്റെ ഇന്‍സ്വിങ്ങറില്‍ ബാറ്റുവെച്ച സായിം, ജസ്പ്രീത് ബുംറയുടെ കൈകളിലേക്ക് മടങ്ങി ഗോള്‍ഡന്‍ ഡക്കായി പുറത്താവുകയായിരുന്നു. ആദ്യ മത്സരത്തില്‍ ഒമാനെതിരേയും സായിം ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്.

തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ ബുംറ, ഓവറിലെ രണ്ടാം പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസിനെയും മടക്കി. ആക്രമണസ്വഭാവത്തോടെ ബാറ്റിങ്ങിന് ശ്രമിച്ച ഹാരിസിനെ ബുംറ അധികനേരം ക്രീസില്‍ തുടരാന്‍ അനുവദിച്ചില്ല. ഹാര്‍ദിക്കിനാണ് ക്യാച്ച്. ഓവറിലാകെ രണ്ട് റണ്‍സാണ് ബുംറ വഴങ്ങിയത്. പിന്നാലെ എട്ടാം ഓവറില്‍ ഫഖര്‍ സമാനെ (15 പന്തില്‍ 17) അക്ഷര്‍ പട്ടേലും മടക്കി.

തുടര്‍ന്ന് 13-ാം ഓവറില്‍ ഹസന്‍ നവാസിനെയും (5) മുഹമ്മദ് നവാസിനെയും (0) കുല്‍ദീപ് യാദവ് മടക്കിയതോടെ പാകിസ്താന്‍ കൂടുതല്‍ പ്രതിസന്ധിയിലായി. തൊട്ടുമുന്‍പത്തെ പന്തില്‍ ഹസനെ പുറത്താക്കാന്‍ ലഭിച്ച അവസരം കുല്‍ദീപ് പാഴാക്കിയിരുന്നു. രണ്ട് കൈകള്‍ക്കൊണ്ടും ക്യാച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍ തൊട്ടടുത്ത പന്തില്‍ അതേ ഹസനെ അക്ഷര്‍ പട്ടേലിന്റെ കൈകളിലേക്ക് നല്‍കി അതിന് പരിഹാരം ചെയ്തു. പിന്നാലെയെറിഞ്ഞ പന്തില്‍ മുഹമ്മദ് നവാസിനെയും മടക്കി പാകിസ്താനെ ഞെട്ടിച്ചു. ഹസന്‍ പുറത്തായതിനു പിന്നാലെയെത്തിയ നവാസ്, ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്.

ഈ ഘട്ടങ്ങളിലെല്ലാം ഒരുവശത്ത് നിലയുറപ്പിച്ചു കളിച്ച സഹിബ്‌സാദ ഫര്‍ഹാനെ 17-ാം ഓവറില്‍ വീണ്ടുമെത്തിയ കുല്‍ദീപ് പറഞ്ഞയച്ചു. ഹാര്‍ദിക്കിന്റെ മികച്ച ക്യാച്ചിലൂടെയാണ് പുറത്തായത്. ഇതോടെ പാകിസ്താന്റെ വീര്യമാകെയും ചോര്‍ന്നുപോയി. 44 പന്തുകള്‍ നേരിട്ട സഹിബ്‌സാദ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 40 റണ്‍സ് നേടി ടീമിന്റെ ടോപ് സ്‌കോററായി. ഫഹീം അഷ്‌റഫിനെ (11) വരുണ്‍ ചക്രവര്‍ത്തിയും സുഫിയാന്‍ മുഖീമിനെ (10) ബുംറയും കൂടാരംകയറ്റി.

Content Highlights: India dominated Pakistan successful their Asia Cup match, chasing down 128 runs successful conscionable 12 overs

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article