പാകിസ്താനെ വരിഞ്ഞുകെട്ടി, വീഴ്ത്തിയത് ഒൻപത് വിക്കറ്റുകൾ, ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം

4 months ago 5

asia cupful  ind vs pak

പാകിസ്താന്റെ ഹസൻ നവാസിന്റെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ | AP

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് കരുതിയതുപോലെ എളുപ്പമായിരുന്നില്ല ക്രീസിലെത്തിയപ്പോൾ കാര്യങ്ങൾ. നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. ഓപ്പണർ സഹിബ്സാദ ഫർഹാൻ (40) മാത്രമാണ് ഭേദപ്പെട്ട രീതിയിൽ ബാറ്റുചെയ്തത്. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നുവിക്കറ്റുകൾ നേടി. ജസ്പ്രീത് ബുംറയും അക്ഷർ പട്ടേലും രണ്ടുവീതം വിക്കറ്റുകൾ നേടിയപ്പോൾ ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റും നേടി. ഷഹീൻ അഫ്രീദി 16 പന്തിൽ നാല് സിക്സുകൾ സഹിതം 33 റൺസ് നേടി പുറത്താവാതെ നിന്നു.

ടോസ് ആനുകൂല്യത്തില്‍ ബാറ്റിങ്ങിനെത്തിയ പാകിസ്താന്റെ ആത്മവിശ്വാസം ആദ്യപന്തില്‍ത്തന്നെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞുകെടുത്തി. ആദ്യ പന്ത് വൈഡെറിഞ്ഞ ഹാര്‍ദിക്, തുടര്‍ന്നെറിഞ്ഞ, നിയമപരമായ ആദ്യ പന്തില്‍ത്തന്നെ ഓപ്പണർ സായിം അയ്യൂബിനെ പുറത്താക്കി. ഹാര്‍ദിക്കിന്‌റെ ഇന്‍സ്വിങ്ങറില്‍ ബാറ്റുവെച്ച സായിം, ജസ്പ്രീത് ബുംറയുടെ കൈകളിലേക്ക് മടങ്ങി ഗോള്‍ഡന്‍ ഡക്കായി പുറത്താവുകയായിരുന്നു. ആദ്യ മത്സരത്തില്‍ ഒമാനെതിരേയും സായിം ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്.

തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ ബുംറ, ഓവറിലെ രണ്ടാം പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസിനെയും മടക്കി. ആക്രമണസ്വഭാവത്തോടെ ബാറ്റിങ്ങിന് ശ്രമിച്ച ഹാരിസിനെ ബുംറ അധികനേരം ക്രീസില്‍ തുടരാന്‍ അനുവദിച്ചില്ല. ഹാര്‍ദിക്കിനാണ് ക്യാച്ച്. ഓവറിലാകെ രണ്ട് റണ്‍സാണ് ബുംറ വഴങ്ങിയത്. പിന്നാലെ എട്ടാം ഓവറില്‍ ഫഖര്‍ സമാനെ (15 പന്തില്‍ 17) അക്ഷര്‍ പട്ടേലും മടക്കി.

തുടർന്ന് 13-ാം ഓവറിൽ ഹസന്‍ നവാസിനെയും (5) മുഹമ്മദ് നവാസിനെയും (0) കുല്‍ദീപ് യാദവ് മടക്കിയതോടെ പാകിസ്താന്‍ കൂടുതല്‍ പ്രതിസന്ധിയിലായി. തൊട്ടുമുന്‍പത്തെ പന്തില്‍ ഹസനെ പുറത്താക്കാന്‍ ലഭിച്ച അവസരം കുല്‍ദീപ് പാഴാക്കിയിരുന്നു. രണ്ട് കൈകള്‍ക്കൊണ്ടും ക്യാച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍ തൊട്ടടുത്ത പന്തില്‍ അതേ ഹസനെ അക്ഷര്‍ പട്ടേലിന്റെ കൈകളിലേക്ക് നല്‍കി അതിന് പരിഹാരം ചെയ്തു. പിന്നാലെയെറിഞ്ഞ പന്തില്‍ മുഹമ്മദ് നവാസിനെയും മടക്കി പാകിസ്താനെ ഞെട്ടിച്ചു. ഹസന്‍ പുറത്തായതിനു പിന്നാലെയെത്തിയ നവാസ്, ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്.

ഈ ഘട്ടങ്ങളിലെല്ലാം ഒരുവശത്ത് നിലയുറപ്പിച്ചു കളിച്ച സഹിബ്സാദ ഫർഹാനെ 17-ാം ഓവറിൽ വീണ്ടുമെത്തിയ കുൽദീപ് പറഞ്ഞയച്ചു. ഹാർദിക്കിന്റെ മികച്ച ക്യാച്ചിലൂടെയാണ് പുറത്തായത്. ഇതോടെ പാകിസ്താന്റെ വീര്യമാകെയും ചോർന്നുപോയി. 44 പന്തുകൾ നേരിട്ട സഹിബ്സാദ മൂന്ന് സിക്സും ഒരു ഫോറും സഹിതം 40 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായി. ഫഹീം അഷ്റഫിനെ (11) വരുൺ ചക്രവർത്തിയും സുഫിയാൻ മുഖീമിനെ (10) ബുംറയും കൂടാരംകയറ്റി.

ഇരു ടീമുകളും ആദ്യമത്സരത്തിൽനിന്ന് മാറ്റങ്ങളില്ലാതെയാണ് കളത്തിലിറങ്ങിയത്. വിജയിക്കുന്ന ടീമിന് ഏഷ്യാ കപ്പ് സൂപ്പർ ഫോറിലേക്കുള്ള യോഗ്യത ഏതാണ്ട് ഉറപ്പിക്കാനാകും. പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഉരുത്തിരിഞ്ഞ സംഘർഷങ്ങൾക്കിടെയാണ് മത്സരമെന്നത് വലിയ പ്രാധാന്യമർഹിക്കുന്നു. വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജു സാംസണിനെ പ്ലെയിങ് ഇലവനിൽ നിലനിർത്തി. ശുഭ്മാൻ ഗില്ലും ടീമിലുണ്ട്.

ഇന്ത്യന്‍ ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി

പാകിസ്താന്‍ ഇലവന്‍: സഹിബ്‌സാദ ഫര്‍ഹാന്‍, സായിം അയ്യൂബ്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, സല്‍മാന്‍ ആഘ (ക്യാപ്റ്റന്‍), ഹസന്‍ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ശഹീന്‍ അഫ്രീദി, സുഫിയാന്‍ മുഖീം, അബ്‌റാര്‍ അഹ്‌മദ്.

Content Highlights: India vs Pakistan, Asia Cup 202

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article