
ഷാഹിദ് അഫ്രീദി ദുബായിൽ നടന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിനിടെ | AP
ലാഹോര്‍: തെറ്റായ തീരുമാനങ്ങളെടുക്കുന്നതുമൂലം പാകിസ്താന്‍ ക്രിക്കറ്റ് ഐസിയുവിലാണെന്ന് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് അഫ്രീദിയുടെ പ്രതികരണം. എന്ത് അടിസ്ഥാനത്തിലാണ് ഷദാബിനെ ടീമിലേക്ക് തിരിച്ചുവിളിച്ചതെന്നും ആഭ്യന്തരക്രിക്കറ്റിലെ അദ്ദേഹത്തിന്റെ പ്രകടനം എങ്ങനെയാണെന്നും അഫ്രീദി ചോദിച്ചു.
'എല്ലായിപ്പോഴും തയ്യാറെടുപ്പുകളെ കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്. എന്നാല്‍ ഒരു ടൂര്‍ണമെന്റ് വരുമ്പോള്‍ അതില്‍ പരാജയപ്പെടും. പിന്നീട് ശസ്ത്രക്രിയയെ കുറിച്ചാണ് സംസാരിക്കുക. തെറ്റായ തീരുമാനങ്ങള്‍ മൂലം പാകിസ്താന്‍ ക്രിക്കറ്റ് ഐസിയുവിലാണെന്നതാണ് വസ്തുത.' - ഷാഹിദ് അഫ്രീദി പറഞ്ഞു. 'ബോര്‍ഡിന്റെ തീരുമാനങ്ങളിലും നയങ്ങളിലും തുടര്‍ച്ചയും സ്ഥിരതയുമില്ല. ക്യാപ്റ്റന്മാരെയും പരിശീലകരെയും ചില താരങ്ങളെയും മാറ്റിക്കൊണ്ടേയിരിക്കുകയാണ്. ബോര്‍ഡ് അധികൃതര്‍ക്ക് എന്ത് ഉത്തരവാദിത്തമാണുള്ളതെന്നും' അഫ്രീദി ചോദിച്ചു.
'പരിശീലകര്‍ അവരുടെ ജോലി സംരക്ഷിക്കാന്‍ താരങ്ങളെ കുറ്റപ്പെടുത്തുന്നു. മാനേജ്‌മെന്റ് അവരുടെ കസേര സംരക്ഷിക്കാന്‍ താരങ്ങളെയും പരിശീലകരെയും കുറ്റപ്പെടുത്തുന്നു. ഇത് ദുഃഖകരമാണെന്നും' അഫ്രീദി കൂട്ടിച്ചേര്‍ത്തു.'പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി പോസിറ്റീവായിട്ടാണ് കാര്യങ്ങള്‍ കാണുന്നതെന്നും എന്നാല്‍ അദ്ദേഹത്തിന് ക്രിക്കറ്റിനെ കുറിച്ച് അധികമറിയില്ലെന്നും' മുന്‍ പാക് താരം പറഞ്ഞു.
അടുത്തിടെയാണ് ന്യൂസിലന്‍ഡിനെതിരായ ഏകദിന, ട്വന്റി-20 പാക് ടീമിനെ പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാനും മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനും ട്വന്റി-20 ടീമിലെ സ്ഥാനം നഷ്ടമായപ്പോൾ പേസ് ബൗളര്‍മാരായ ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, ബാറ്റര്‍മാരായ സൗദ് ഷക്കീര്‍, കമ്രാന്‍ ഗുലാം എന്നിവര്‍ക്ക് ഏകദിന ടീമിലെ സ്ഥാനവും നഷ്ടമായി.
റിസ്‌വാനെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി നിലനിര്‍ത്തിയിട്ടുണ്ട്. ബാബര്‍ അസമും ടീമില്‍ ഇടം നേടി. ട്വന്റി-20 ടീമിനെ നയിക്കുന്നത് സല്‍മാന്‍ അലി ആഗയാണ്. ഷദാബ് ഖാനാണ് വൈസ് ക്യാപ്റ്റന്‍. വെസ്റ്റിന്‍ഡീസിലും യു.എസ്.എയിലുമായി നടന്ന ട്വന്റി-20 ലോകകപ്പിനുശേഷം ഒരൊറ്റ ട്വന്റി-20 മത്സരംപോലും ഷദാബ് കളിച്ചിരുന്നില്ല.
സെപ്റ്റംബറില്‍ നടക്കുന്ന ട്വന്റി-20 ഏഷ്യാ കപ്പും 2026 ഫെബ്രുവരിയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പും മുന്നില്‍കണ്ടാണ് പുതിയ നീക്കം. ന്യൂസിലന്‍ഡിനെതിരായ അഞ്ച് ട്വന്റി-20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അടങ്ങുന്ന പരമ്പര മാര്‍ച്ച് 16-നാണ് തുടങ്ങുന്നത്.
Content Highlights: pakistan cricket is successful icu says shahid afridi








English (US) ·