ദുബായ്: ഏഷ്യാകപ്പില്‍ ശേഷിക്കുന്ന പാകിസ്താന്‍ ടീമിന്റെ മത്സരങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നിന്ന് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നീക്കിയതായി റിപ്പോര്‍ട്ട്. പാക് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. പൈക്രോഫ്റ്റിന് പകരം റിച്ചി റിച്ചാർഡ്സൺ ബുധനാഴ്ച യുഎഇക്കെതിരായ മത്സരം നിയന്ത്രിക്കും. ഏഷ്യാകപ്പ് ക്രിക്കറ്റിൽ നിന്ന് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നീക്കണമെന്ന പാകിസ്താന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) കഴിഞ്ഞദിവസം തള്ളിയിരുന്നു.
ഹസ്തദാന വിവാദത്തിൽ പൈക്രോഫ്റ്റിന് ചെറിയൊരു പങ്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ടോസ് സമയത്ത് ഒരു ക്യാപ്റ്റൻ മറ്റേയാൾക്ക് ഹസ്തദാനം നൽകാൻ വിസമ്മതിക്കുന്നത് വഴിയുണ്ടാകുന്ന നാണക്കേട് ഒഴിവാക്കാൻ പാകിസ്താൻ നായകന് ഒരു സന്ദേശം നൽകുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നുമാണ് ഐസിസി വിലയിരുത്തിയത്. വിവാദത്തിൽ പ്രഥമദൃഷ്ട്യാ അദ്ദേഹത്തിന് കാര്യമായ പങ്കില്ലാതിരിക്കെ മാച്ച് ഒഫീഷ്യലിനെ മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും ഐസിസി വിലയിരുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ശേഷിക്കുന്ന മത്സരങ്ങളിലും ആന്‍ഡി പൈക്രോഫ്റ്റ് മാച്ച് റഫറിയായി തുടര്‍ന്നേക്കും. അതേസമയം പാകിസ്താന്റെ മത്സരങ്ങളുടെ ഭാഗമായേക്കില്ല.
ടൂർണമെന്റ് ബഹിഷ്കരിക്കാനുള്ള നീക്കത്തിൽ നിന്നും പാകിസ്താൻ പിന്മാറിയേക്കും. ബുധനാഴ്ച യുഎഇക്കെതിരേ കളിക്കാനാണ് സാധ്യത. ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ സൂപ്പർ ഫോറിൽ കടന്നു. യുഎഇക്കെതിരായ മത്സരം ജയിച്ചാൽ പാകിസ്താന് സൂപ്പർ ഫോറിലെത്താം. തോറ്റാൽ യുഎഇ കടക്കും. പാകിസ്താൻ കടന്നാൽ സൂപ്പർ ഫോറിലും ഇന്ത്യ-പാകിസ്താൻ മത്സരമുണ്ടാകും.
ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റനുമായി ഹസ്തദാനം ചെയ്യരുതെന്ന് പൈക്രോഫ്റ്റ്, ക്യാപ്റ്റൻ സൽമാൻ അലി ആഗയോട് ആവശ്യപ്പെട്ടിരുന്നുവെന്നും പൈക്രോഫ്റ്റിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കണമെന്നുമാണ് പാകിസ്താൻ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നത്. പൈക്രോഫ്റ്റ് അധികാരപരിധി ലംഘിച്ചെന്നും പക്ഷപാതം കാണിച്ചെന്നും പിസിബി ആരോപിച്ചു. ഐസിസിക്കു പുറമേ, ക്രിക്കറ്റിലെ നിയമങ്ങളുടെ ആധികാരിക ക്ലബ്ബായ എംസിസിക്കും പാകിസ്താൻ പരാതി നൽകിയിരുന്നു.
മത്സരശേഷം പാക് താരങ്ങള്‍ ഹസ്തദാനത്തിനായി കാത്തിരുന്നെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ അത് അവഗണിക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവും ശിവം ദുബെയും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. എന്നാല്‍ ഇന്ത്യന്‍ താരങ്ങളും സ്റ്റാഫുകളും കൈകൊടുക്കാനായി വരുമെന്നാണ് പാക് താരങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അതുണ്ടായില്ലെന്നുമാത്രമല്ല ഡ്രസ്സിങ് റൂമിന്റെ വാതിലടക്കുകയും ചെയ്തു. അതോടെ പാക് താരങ്ങള്‍ മടങ്ങുകയായിരുന്നു.
Content Highlights: Andy Pycroft removed from each Pakistan matches successful Asia Cup








English (US) ·