03 August 2025, 02:07 AM IST

Photo | X
ബര്‍മിങാം: ലോക ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്താനെ തകര്‍ത്ത് ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം. ക്യാപ്റ്റന്‍ എബി ഡി വില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ സെഞ്ചുറി ബലത്തില്‍ ഒന്‍പത് വിക്കറ്റിന്റെ ആധികാരിക ജയം നേടി ദക്ഷിണാഫ്രിക്ക. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി. കേവലം 16.5 ഓവറില്‍ ഒരുവിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക 197 റണ്‍സ് നേടി മറുപടി നൽകി. ഡിവില്ലിയേഴ്‌സാണ് ഫൈനലിലെയും ടൂര്‍ണമെന്റിലെയും താരം.
60 പന്തുകളില്‍ 120 റണ്‍സ് നേടി പുറത്താവാതെ നിന്ന് ഡിവില്ലിയേഴ്‌സിന്റെ പ്രകടനമാണ് മത്സരഫലത്തെ പ്രധാനമായും നിര്‍ണയിച്ചത്. 12 ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടുന്നതാണ് പ്രോട്ടീസ് ക്യാപ്റ്റന്റെ ഇന്നിങ്‌സ്. 47 പന്തുകളില്‍നിന്നാണ് സെഞ്ചുറി കുറിച്ചത്. ടൂര്‍ണമെന്റിലെ ഡിവില്ലിയേഴ്‌സിന്റെ മൂന്നാമത്തെ സെഞ്ചുറിയാണിത്. ഓസ്‌ട്രേലിയക്കെതിരേ 39 പന്തിലും ഇംഗ്ലണ്ടിനെതിരേ 41 പന്തിലും സെഞ്ചുറി കണ്ടെത്തിയിരുന്നു.
ജീന്‍പോള്‍ ഡുമിനി പുറത്താകാതെ 28 പന്തില്‍ 50 റണ്‍സും നേടി. ഓപ്പണര്‍ ഹാഷിം അംല (18) മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പുറത്തായത്. ഡിവില്ലിയേഴ്‌സും ഡുമിനിയും ചേര്‍ന്ന് 123 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ഓപ്പണര്‍ ഷര്‍ജീല്‍ ഖാന്റെ അര്‍ധ സെഞ്ചുറി (44 പന്തില്‍ 76) ആണ് പാകിസ്താന് മികച്ച സ്‌കോര്‍ കണ്ടെത്താന്‍ സഹായകമായത്. ഉമര്‍ അമിന്‍ (36), ഷുഹൈബ് മാലിക് (20), ആസിഫ് അലി (28), ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസ് (17) എന്നിവരും രണ്ടക്കം കടന്നു. ദക്ഷിണാഫ്രിക്കയ്ക്കായി വില്‍ജോയനും പാര്‍നലും രണ്ടുവീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ ഒളിവിയറിന് ഒരു വിക്കറ്റ് ലഭിച്ചു. പാക് നിരയില്‍ സഈദ് അജ്മലിന് മാത്രമാണ് വിക്കറ്റ് നേടാനായത്.
Content Highlights: De Villiers' Stunning Century Propels South Africa to WCL 2025 Title








English (US) ·