പാകിസ്താൻ എതിരാളിയേ അല്ല, 15 ഓവറിന് ശേഷം മാഞ്ചെസ്റ്റർ ഡർബി കണ്ടു - ​ഗാം​ഗുലി

4 months ago 4

ന്യൂഡല്‍ഹി: ഏഷ്യാകപ്പില്‍ ഇന്ത്യക്കെതിരേ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്താനെതിരേ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യയും പാകിസ്താനും തമ്മിൽ ഇപ്പോൾ പരസ്പരമത്സരമില്ലെന്ന് കൊൽക്കത്തയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ ഗാംഗുലി പറഞ്ഞു. പാകിസ്താൻ ഒരു എതിരാളിയേ അല്ലെന്നും ഏഷ്യാകപ്പിലെ ഭൂരിഭാഗം ടീമുകളെക്കാളും ഇന്ത്യ ഏറെ മുന്നിലാണെന്നും മുൻ ഇന്ത്യൻ നായകൻ പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മിൽ ഇപ്പോൾ പരസ്പരമത്സരമില്ല. പാകിസ്താൻ എന്ന് പറയുമ്പോൾ നമ്മുടെ ഓർമ്മയിൽ വരുന്നത് വഖാർ യൂനിസ്, വസീം അക്രം, സയീദ് അൻവർ, ജാവേദ് മിയാൻദാദ് എന്നിവരെയാണെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. എന്നാൽ ഇന്നത്തെ പാകിസ്താൻ അങ്ങനെയല്ല. - ​ഗാം​ഗുലി പറഞ്ഞു.

പാകിസ്താൻ ഒരു എതിരാളിയേ അല്ല. ബഹുമാനത്തോടെയാണ് ഞാൻ ഇത് പറയുന്നത്, കാരണം അവരുടെ പഴയ ടീം എന്തായിരുന്നുവെന്ന് ഞാൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടീമിലെ നിലവാരക്കുറവാണ് അതിന് കാരണം. ദീർഘകാലം ഇന്ത്യൻ ക്രിക്കറ്റിന്റെ നെടുംതൂണുകളായിരുന്ന വിരാട് കോലിയും രോഹിത് ശർമ്മയും ഇല്ലാതെയാണ് ഈ ഇന്ത്യൻ ടീം കളിച്ചിട്ടുള്ളത്. ക്രിക്കറ്റിൽ പാകിസ്താനെക്കാളും ഈ ഏഷ്യാകപ്പിലെ ഭൂരിഭാഗം ടീമുകളെക്കാളും ഇന്ത്യ ഏറെ മുന്നിലാണ്. - ​ഗാം​ഗുലി കൂട്ടിച്ചേർത്തു.

ഒന്നോ രണ്ടോ തവണ തോൽവി വഴങ്ങിയേക്കാം, എന്നാലും ഭൂരിഭാഗം തവണയും ഇന്ത്യ തന്നെയായിരിക്കും ഏറ്റവും മികച്ച ടീം. എനിക്ക് സത്യത്തിൽ അദ്ഭുതമൊന്നും തോന്നിയില്ല. ആദ്യത്തെ 15 ഓവറിന് ശേഷം ഞാൻ കളി കാണുന്നത് നിർത്തി, പകരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും മാഞ്ചെസ്റ്റർ സിറ്റിയുടെയും കളി കാണാൻ തുടങ്ങി.- ​ഗാം​ഗുലി തമാശയായി പറഞ്ഞു.

പാകിസ്താനെതിരായ മത്സരത്തിൽ ഏഴു വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്താനെ 20 ഓവറിൽ 127 റൺസിലൊതുക്കിയ ഇന്ത്യ 25 പന്തുകൾ ശേഷിക്കെ, മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ലക്ഷ്യത്തിലെത്തിയത്. ഇന്ത്യക്കായി സ്പിന്നർമാരായ കുൽദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തപ്പോൾ അക്സർ പട്ടേൽ രണ്ടും വരുൺ ചക്രവർത്തി ഒന്നും വിക്കറ്റ് നേടി.

Content Highlights: Sourav Ganguly connected pakistan teams show asia cup

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article